കൊച്ചി: ഉപഭോക്തൃ വിപണിക്ക് കരുത്തേകാനായി വ്യക്തിഗത ആദായ നികുതി കുറയ്‌ക്കാനും കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതിന്റെ മുന്നൊരുക്കങ്ങൾ ധനമന്ത്രാലയം തുടങ്ങിയെന്നാണ് സൂചന. ഫെബ്രുവരിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന 2020-21ലേക്കുള്ള ബഡ്‌ജറ്റിലാകും നികുതി കുറച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടാകുക.
ജി.ഡി.പി തളർച്ചയ്‌ക്കും സാമ്പത്തിക മാന്ദ്യത്തിനും മുഖ്യ കാരണമായി സൂചിപ്പിക്കുന്നത് ഉപഭോക്തൃ ഡിമാൻഡ് കുറഞ്ഞതാണ്. വിപണിയുടെ ഉണർവിന് ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി വർദ്ധിക്കണം. ആദായ നികുതി കുറച്ച് ഈ പ്രതിസന്ധി മറികടക്കാമെന്നാണ് വിലയിരുത്തൽ. സെപ്‌തംബർ 20ന് ധനമന്ത്രി നിർമ്മല സീതാരാമൻ കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറച്ചിരുന്നു.
അതേസമയം, നിലവിൽ വ്യക്തിഗത ആദായ നികുതിയിലെ ഉയർന്ന സ്ളാബ് 30 ശതമാനമാണ്. 50 ലക്ഷം രൂപയ്‌ക്കുമേൽ വരുമാനമുള്ളവർ വിവിധ സെസ് ഉൾപ്പെടെ അടയ്ക്കുന്നത് 42.74 ശതമാനം നികുതിയാണ്. കോർപ്പറേറ്റ് കമ്പനികളേക്കാൾ കൂടുതൽ നികുതി വ്യക്തികൾ അടയ്‌ക്കേണ്ടി വരുന്നതിലെ പൊരുത്തക്കേടും ആദായ നികുതി കുറയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്. ഏഷ്യയിലെ ശരാശരി ഉയർന്ന വ്യക്തിഗത ആദായ നികുതി 29.99 ശതമാനം മാത്രമാണെന്നതും നികുതി കുറയ്ക്കാനായി സർക്കാരിനുമേൽ സമ്മർദ്ദമാകുന്നുണ്ട്.
5%
ഇന്ത്യൻ ജനസംഖ്യയുടെ 5% പേർ മാത്രമാണ് ആദായ നികുതി പരിധിയിലുള്ളത്. ജി.ഡി.പിയിൽ ആദായ നികുതിയുടെ അനുപാതം 11 ശതമാനമാണ്. ഇത്, ആഗോള ശരാശരിയേക്കാൾ കുറവുമാണ്.
മാറ്റം പുതിയ സ്ളാബുകളിലൂടെ
നേരിട്ടുള്ള നികുതി ഇളവിന് പകരം ആദായ നികുതി സ്ളാബുകൾ മാറ്റാനുള്ള ശുപാർശ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ധനമന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. ഇതുപ്രകാരമായിരിക്കും ധനമന്ത്രാലയത്തിന്റെ നീക്കം. നിലവിൽ 5%, 10%, 20% എന്നീ സ്ളാബുകളാണുള്ളത്. അതിനുപകരം 5%, 10%, 20%, 30%, 35% എന്നിങ്ങനെ അഞ്ചു സ്ളാബുകൾ വേണമെന്നാണ് ശുപാർശ. ഇത് ഇടത്തരം വരുമാനക്കാർക്ക് ഗുണകരമാകും.
പ്രതീക്ഷ
5 % സ്ളാബിലുള്ളവർ റിബേറ്റ് മുഖേന നികുതിയിൽ നിന്ന് ഒഴിവാകും.
5 മുതൽ 10 ലക്ഷം രൂപ വരെ വരുമാനത്തിന് നികുതി 20ൽ നിന്ന് 10 ശതമാനമാകും.
10 മുതൽ 20 ലക്ഷം രൂപ വരെ 20 ശതമാനം നികുതി
20 ലക്ഷം മുതൽ രണ്ടുകോടി വരെ 30 ശതമാനം നികുതി
രണ്ടു കോടിക്കു മേൽ 35 ശതമാനം നികുതി