കൈപ്പത്തിയുടെയും വിരലുകളുടെയും സൗന്ദര്യത്തെ കുറിച്ച് വാചാലരാകുന്നവർ പലപ്പോഴും വിരലുകളെ അത്ര ശ്രദ്ധിക്കാറില്ല. അഴകും ആരോഗ്യവും അറിയാൻ നഖങ്ങളിലേക്ക് നോക്കിയാൽ മതിയെന്ന പുതിയ ചിന്തയ്ക്കിടയിലാണ് നഖസൗന്ദര്യത്തിന്റെ പ്രസക്തി കൂടുന്നത്. ഇളം പിങ്ക് നിറമുള്ള നഖങ്ങൾ ആരോഗ്യമുള്ള നഖങ്ങളുടെ ലക്ഷണമാണെന്ന് പറയുമ്പോൾ ഒന്നു നഖങ്ങളിലേക്ക് നോക്കുന്നത് നന്നായിരിക്കും. കാൽസ്യം സമ്പന്നമായ ഭക്ഷണമാണ് ആരോഗ്യമുള്ള നഖങ്ങളുടെ അടിസ്ഥാമെന്നും ആദ്യം അറിയണം.
നെയിൽ കെയർ
* ഇളം ചൂടുള്ള സോപ്പു വെള്ളത്തിൽ നഖങ്ങൾ കുറച്ചുസമയം മുക്കിവയ്ക്കുന്നത് അഴുക്ക് ഇളകി പോകാൻ വളരെ നല്ലതാണ്. ദിവസത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യണം.
* നെയിൽ പോളിഷ് ഇളകി പോകുകയാണെങ്കിൽ ഉടനെ അതു നീക്കം ചെയ്യണം. അവിടവിടെയായി ഇളകി കിടക്കുന്ന നെയിൽ പോളിഷ് അംശങ്ങൾ അഭംഗിയാണ്. നിറം മങ്ങുകയാണെന്ന് തോന്നുമ്പോൾ നെയിൽപോളിഷ് റിമൂവർ ഉപയോഗിച്ച് തുടച്ചു നീക്കണം.
* നഖങ്ങൾ നീട്ടി വളർത്താൻ കാണിക്കുന്ന താത്പര്യം അവ പരിപാലിക്കുന്നതിന് പലരും കാണിക്കാറില്ല. നഖങ്ങൾ ആകൃതി വരുത്തി വേണം വളർത്തി സൂക്ഷിക്കാൻ. ഇരുവശങ്ങളിൽനിന്നും നഖമധ്യത്തിലേക്ക് വേണം നഖങ്ങൾ ആകൃതി വരുത്തേണ്ടത്.
*വരണ്ട ചർമ്മമുള്ളവർക്ക് നഖങ്ങളിൽ അൽപം മോയ്സചറൈസർ ഉപയോഗിക്കാം. ഇതു നഖങ്ങൾ വിണ്ടുപൊട്ടുന്നത് തടയുന്നു.
നെയിൽ പോളിഷ് ഇടുമ്പോൾ
1. കാറ്റും വെളിച്ചവുമുളള സ്ഥലത്തിരുന്ന് നെയിൽ പോളിഷ് ഇടുക.
2 നെയിൽ പോളിഷ് രണ്ടു കോട്ടിൽ കൂടുതൽ ഇടരുത്. രണ്ടു കോട്ടിൽ കൂടുതലായാൽ നഖങ്ങൾക്ക് ശ്വസിക്കാൻ പറ്റാതാകും.
3. ആദ്യത്തെ കോട്ട് ഉണങ്ങിയ ശേഷം മാത്രം വീണ്ടും ഇടുക.
4.നെയിൽ പോളിഷ് ബോട്ടിൽ നന്നായി കുലുക്കിയ ശേഷം ഉപയോഗിക്കണം.
5. നെയിൽ പോളിഷുകൾ സൂര്യപ്രകാശം തട്ടാതെ സൂക്ഷിക്കണം.
6. നെയിൽ പോളിഷ് ആൽക്കഹോൾ വിമുക്തമായ പോളിഷ് റിമൂവർ മാത്രം ഉപയോഗിക്കുക. നെയിൽപോളിഷ് റിമൂവറിൽ ആൽക്കഹോൾ ഉണ്ടെങ്കിൽ നഖങ്ങൾ വേഗം വിണ്ടു പൊട്ടും.
7. നെയിൽ പോളിഷ് പുരട്ടും മുമ്പ് നഖത്തിനും ചുറ്റും കോൾഡ് ക്രീം പുരട്ടുക. എന്നിട്ടു നെയിൽ പോളിഷ് പുരട്ടിയാൽ നഖത്തിനു ചുറ്റുമുള്ള തൊലിയിൽ അതു പറ്റിപ്പിടിക്കില്ല.
8. നെയിൽ പോളിഷ് പെട്ടെന്നു കട്ടിയായി പോകാതിരിക്കാൻ ഫ്രിഡ്ജിൽ വയ്ക്കുക. നഖത്തിൽ തേയ്ക്കുന്നതിന് അര മണിക്കൂർ മുമ്പ് പുറത്തെടുക്കുക. തേച്ച ശേഷം തിരിച്ചുവയ്ക്കാം.
9. നെയിൽ പോളിഷ് ഇട്ട ഉടൻ വിരൽ തണുത്ത വെള്ളത്തിൽ മുക്കിപ്പിടിക്കുക. പെട്ടെന്ന് ഉണങ്ങും, തിളക്കം കൂടും.
10. നെയിൽ പോളിഷ് ഇളക്കാൻ നഖങ്ങൾ ചുരണ്ടരുത്. ഇങ്ങനെ ചെയ്താൽ നഖങ്ങളുടെ ഉപരിതലത്തിലുളള സംരക്ഷണകോശങ്ങൾ നശിക്കും.