ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡറിനെ ഒരു മാസത്തോളമായി കണ്ടെത്താനാകാതെ നാസ. ഇതുവരെ പര്യവേഷണം നടക്കാത്ത ചന്ദ്രന്റെ ദക്ഷിണദ്രുവത്തിലെവിടെയോ വച്ചാണ് വിക്രം ലാൻഡർ സെപ്തംബർ മാസം ആറിന് കാണാതാകുന്നത്. 114 മില്ല്യൺ ഡോളർ മൂല്യമുള്ള ലാൻഡർ ചന്ദ്രന്റെ സൗത്ത് പോളിൽ സോഫ്റ്റ് ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് ഐ.എസ്.ആർ.ഒ കൺട്രോൾ റൂമുമായുള്ള ലാൻഡറിന്റെ ആശയവിനിമയം നഷ്ടമാകുന്നത്. അതിന് ശേഷം ഏറെ നാളുകളായി നാസ ലാൻഡർ കണ്ടുപിടിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. ഇതിനായി തങ്ങളുടെ ലൂണാർ റീകോണയ്സൻസ് ഓർബിറ്റർ നാസ ഉപയോഗപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.
ലൂണാർ റീകോണയ്സൻസ് ഓർബിറ്ററിൽ(എൽ.ആർ.ഒ) നിന്നും ലഭിച്ച ചിത്രങ്ങളാണ് നാസ ഇതിനായി ഉപയോഗപ്പെടുത്തിയത്. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കാണാതാകുന്നതിന് മുൻപും പിൻപുമുള്ള ചിത്രങ്ങൾ നാസ പരിശോധിച്ചിരുന്നു. എന്നാൽ ഇതിലെല്ലാം ചന്ദ്രോപരിതലം ശൂന്യമായയാണ് കാണപ്പെടുന്നത്. വിക്രം ലാൻഡർ ചന്ദ്രന്റെ നിഴൽ വീണു കിടക്കുന്ന ഭാഗങ്ങളിലോ പരിശോധനാ റേഞ്ചിന് അപ്പുറമുള്ള ഭാഗങ്ങളിലോ ഉണ്ടാകാം എന്നാണ് എൽ.ആർ.ഒ മിഷന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ജോൺ കെല്ലർ പറയുന്നത്. കുറഞ്ഞ ലാറ്റിട്യൂഡ്(70 ഡിഗ്രി തെക്ക്) കാരണം ലാൻഡർ പതിച്ച ഈ ഭാഗം മിക്ക സമയത്തും നിഴലിന്റെ പിടിയിലായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
തെറ്റായ സ്ഥലത്താണോ തങ്ങൾ പരിശോധന നടത്തുന്നത് എന്നും സംശയിക്കാമെന്ന് ഇദ്ദേഹം പറയുന്നുണ്ട്. ലാൻഡർ ചന്ദ്രനിൽ പതിച്ച ശേഷം ഒരു ദിവസം കഴിഞ്ഞ് തെർമൽ ഇമേജിംഗ് വഴി ഐ.എസ്.ആർ.ഒ വിക്രമിനെ കണ്ടെത്തിയിരുന്നു. 14 ദിവസത്തെ ചാന്ദ്രരാത്രിയാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ അനുഭവപ്പെടുക. ഈ നേരങ്ങളിൽ മൈനസ് 180 ഡിഗ്രി തണുപ്പും അനുഭവപ്പെടും. അതിനാൽ താപം നിരീക്ഷിച്ച് നടത്തുന്ന തെർമൽ ഇമേജിംഗ് ഫലവത്താകില്ല. മാത്രമല്ല ഈ കൊടും തണുപ്പിൽ ലാൻഡറിന്റെ യന്ത്രഭാഗങ്ങളെല്ലാം നശിച്ച് പോകുകയും അതിനാൽ ലാൻഡർ കണ്ടെത്താനുള്ള എല്ലാ പഴുതുകളും അടയുകയും ചെയ്യും.