telecom

ന്യൂഡൽഹി: രാജ്യത്തെ ടെലികോം കമ്പനികൾ 92,641 കോടി രൂപ സർക്കാരിന് നൽകണമെന്ന് സുപ്രീം കോടതി. കമ്പനികളുടെ മൊത്തം വരുമാനം കണക്കാക്കി (അഡ്‌ജസ്‌റ്റഡ് ഗ്രോസ് റെവന്യൂ - എ.ജി.ആർ) അധിക സ്‌പെക്‌ട്രം ഉപയോഗ ഫീസ് നൽകണമെന്ന ടെലികോം മന്ത്രാലയത്തിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം. ജസ്‌റ്രിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. കടക്കെണിയും വരുമാനനഷ്‌ടവും മൂലം നട്ടംതിരിയുന്ന ടെലികോം കമ്പനികൾക്ക് വൻ തിരിച്ചടിയായാണ് സുപ്രീം കോടതി വിധി വിലയിരുത്തപ്പെടുന്നത്.

വിധി എതിരായതിനെ തുടർന്ന് ഇന്നലെ ടെലികോം കമ്പനികളുടെ ഓഹരിമൂല്യത്തിൽ വൻ ഇടിവാണ് ഉണ്ടായത്. വൊഡാഫോൺ - ഐഡിയ ഓഹരികൾ ഒരുവേള 17.5 ശതമാനവും ഭാരതി എയർടെൽ ഓഹരികൾ ആറു ശതമാനവും ഇടിഞ്ഞു. ഏഴുലക്ഷം കോടി രൂപയോളം സംയുക്ത കടബാദ്ധ്യതയുള്ള, വരുമാനത്തിൽ വൻ നഷ്‌ടം നേരിടുന്ന ടെലികോം കമ്പനികൾക്കുമേലാണ് ഇരുട്ടടിയായി എ.ജി.ആർ വിധിയെത്തിയത്.

ടെലികോം സേവന മേഖലയിൽ നിന്നുള്ള വരുമാനം മാത്രം കണക്കാക്കി, എ.ജി.ആർ നിർണയിച്ച് ഫീസ് ഈടാക്കണമെന്നായിരുന്നു കമ്പനികളുടെ വാദം. എന്നാൽ, കമ്പനികളുടെ മൊത്തം വരുമാനവും കണക്കാക്കണമെന്ന് സർക്കാർ വാദിച്ചു. ഇതാണ്, സുപ്രീം കോടതി അംഗീകരിച്ചത്. സ്‌പെക്‌ട്രം, ലൈസൻസ് ഫീസുകൾക്ക് പുറമേ റോമിംഗ് ചാർജുകൾ, ടെർമിനേഷൻ ഫീസ്, മറ്ര് ടെലികോം ഇതര വരുമാനം എന്നിവയും എ.ജി.ആറിൽ ഉൾപ്പെടും. അതേസമയം കമ്പനികളുടെ മൂലധന ആസ്‌തികൾ, ഇൻഷ്വറൻസ് ക്ളെയിം എന്നിവ ഉൾപ്പെടുത്തേണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അപ്പീൽ നൽകുമെന്ന്

വൊഡാഫോൺ - ഐഡിയ

സുപ്രീം കോടതി വിധി നിരാശാജനകമാണെന്നും അപ്പീൽ നൽകുമെന്നും രാജ്യത്തെ ഏറ്രവും വലിയ ടെലികോംകമ്പനിയായ വൊഡാഫോൺ-ഐഡ‌ിയ പ്രതികരിച്ചു. കേസുകളല്ല, ടെലികോം മേഖല നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തേണ്ടതതെന്നും കമ്പനി വ്യക്തമാക്കി.

പിഴക്കണക്ക്

 ടെലികോം കമ്പനികൾ സംയുക്തമായി സർക്കാരിലേക്ക് അടയ്‌ക്കേണ്ട പിഴ : ₹92,641 കോടി

 യഥാർത്ഥ പിഴ : ₹23,189 കോടി

 പലിശ : ₹41,650 കോടി

 പിഴ : ₹10,923 കോടി

 പിഴയ്ക്കുമേലുള്ള പലിശ : ₹16,878 കോടി

തിരിച്ചടി ഇവർക്ക്

സുപ്രീം കോടതി വിധി പ്രധാനമായും തിരിച്ചടിയാകുന്നത് വൊഡാഫോൺ-ഐഡിയയ്ക്കും ഭാരതി എയർടെലിനുമാണ്. പിഴയായി അടയ്‌ക്കേണ്ട 92,641 കോടി രൂപയിൽ 41,000 കോടി രൂപയും അടയ്ക്കേണ്ടത് വൊഡാഫോൺ-ഐഡിയയാണ്. 100 കോടി രൂപയ്ക്ക് താഴെയാണ് ജിയോയുടെ ബാദ്ധ്യതയെന്നാണ് സൂചന. ബാക്കി തുക എയർടെല്ലിന്റെ ബാദ്ധ്യതയാണ്.

₹7 ലക്ഷം കോടി

ടെലികോം കമ്പനികളുടെ മൊത്തം കടബാദ്ധ്യത.