മുംബയ്: ബംഗ്ലാദേശിനെതിയുള്ള ടി-20 പരമ്പര ടീമിൽ ഇടം നേടി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ടി-20, ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചപ്പോഴാണ് സഞ്ജുവിനേയും ടീമിലെടുത്ത വാർത്ത പുറത്തുവന്നത്. വിജയ് ഹസാരെ ട്രോഫിയിലും ഇന്ത്യയ്ക്കായും നടത്തിയ മികച്ച പ്രകടനമാണ് സഞ്ജുവിനെ ടീമിലിടം നേടാൻ സഹായിച്ചതെന്നാണ് വിവരം. ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചത് കാരണം രോഹിത് ശർമയാണ് ടി-20 പരമ്പരയ്ക്കുള്ള ടീമിനെ നയിക്കുക. ടെസ്റ്റ് ടീമിലും, ടി20 ടീമിലും വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും ശിഖർ ധവാൻ, കെ.എൽ രാഹുൽ എന്നിവർ ടി-20 ടീമിലും ഇത്തവണയും ഉണ്ട്. എന്നാൽ ടി-20 ടീമിൽ ഇടം ലഭിക്കുമെന്ന് കരുതിയ ശിവം ദുബെയ്ക്ക് അവസരം ലഭിച്ചില്ല. നവംബർ മൂന്നിനാണ് ടി-20 പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലും ഇതിനു ശേഷം നടക്കുന്ന രണ്ട് ടെസ്റ്റ് പരമ്പരകളിലും ഇന്ത്യ കളിക്കും. ടെസ്റ്റ് പരമ്പരയിലാണ് വിരാട് കോഹ്ലി തിരിച്ചെത്തുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയിൽ കളിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ല.