സംസ്ഥാനത്തെ അഞ്ച് നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലെ ഫലം കോൺഗ്രസ് നേതൃത്വം ഇരന്ന് വാങ്ങിയ പരാജയമാണെന്ന് പറയാതെ വയ്യ. ബി .ജെ.പിക്കെതിരെയുള്ള ന്യൂനപക്ഷ ഏകീകരണം,ശബരിമല വിഷയം , പ്രളയദുരിതാശ്വാസത്തിലെ വീഴ്ച, മോദിക്കെതിരെയുള്ള ജനരോഷം, രാഹുൽഗാന്ധി വയനാട്ടിൽ നിന്നും മത്സരിച്ചതിന്റെ തരംഗം, ശുഹൈബ് , ശരത്ലാൽ , കൃപേഷ് എന്നീ രക്തസാക്ഷികളുടെ ചോര എന്നിവയിലൂടെ ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടായ മിന്നും ജയം എപ്പോഴും ലഭിക്കുമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കു കൂട്ടൽ അപ്പാടെ പിഴയ്ക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ കാണുന്നത് .
പ്രാദേശിക വികാരമറിയുന്ന ജനസ്വാധീനമുള്ള നേതാക്കൾ പറയുന്നത് ധിക്കരിച്ചും യുവാക്കളെ പരിഗണിക്കാതെയും നടത്തിയ സ്ഥാനാർത്ഥി നിർണയം പാർട്ടി അനുഭാവികൾക്കും പൊതുജനങ്ങൾക്കും തീർത്തും ദഹിക്കാത്ത ഒന്നായി. മുന്നാക്ക വിഭാഗത്തിലെ സ്ഥാനാർത്ഥിയും പിന്നാക്ക വിഭാഗത്തിലെ സ്ഥാനാർത്ഥിയും നേരിട്ട് ഏറ്റുമുട്ടിയ എല്ലായിടത്തും പിന്നാക്ക വിഭാഗക്കാരായവർ രാഷ്ട്രീയത്തിനപ്പുറം ജയിച്ചു കയറിയ ഈ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് നേതൃത്വം ഇനിയെങ്കിലും കണ്ണുതുറന്ന് കാണണം. ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഏറ്റവും ചെറുപ്പം 53 കാരിയായ ഷാനിമോൾ ഉസ്മാൻ ആയിരുന്നു . 70 ഉം 80 ഉം കഴിഞ്ഞ നേതൃത്വത്തിന് 65 കാരെവരെ ചെറുപ്പമായി തോന്നുക സ്വാഭാവികം. സമുദായ ശക്തിയെ കൂടെനിറുത്താൻ സമുദായ നേതാക്കൾക്ക് രാഷ്ട്രീയവും സ്ഥാനാർത്ഥിത്വവും അടിയറവ് ചെയ്യുകയല്ല വേണ്ടത്. കേരളത്തിലെ സാമൂഹ്യഘടന അറിഞ്ഞ് സ്ഥാനാർത്ഥി നിർണയം നടത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. കേരളത്തിലെ പ്രബല സമുദായമായ ഇൗഴവ വിഭാഗത്തിൽ നിന്നുള്ളവർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ടുസീറ്റുകളിൽ ഈ ഉപതിരഞ്ഞെടുപ്പിൽ ഇതരസമുദായ അംഗങ്ങൾക്കാണ് സ്ഥാനാർത്ഥിത്വം നൽകിയത്. പകരം മറ്റുസീറ്റുകൾ നൽകാൻ തയ്യാറായുമില്ല. ഈ ഉപതിരഞ്ഞെടുപ്പിൽ യു.ഡി. എഫിന് എത്ര കണ്ട് ഈഴവ വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞുവെന്ന് നേതൃത്വത്തിന് വല്ല ധാരണയുമുണ്ടോ ? ഫലത്തിൽ യു.ഡി.എഫിന് ഈഴവ വിഭാഗത്തിലെ ഒരു എം.എൽ.എ പോലും ഇല്ലാത്ത അസാധാരണ അവസ്ഥയുണ്ടാക്കി.
ഉത്തരേന്ത്യയിലെ പിന്നാക്ക രാഷ്ട്രീയത്തിനു സമാനമായി ദക്ഷിണേന്ത്യയിൽ വേരുപിടിച്ച ദ്രാവിഡ രാഷ്ട്രീയത്തിന് പേര് വ്യത്യസ്തമെങ്കിലും സ്വഭാവം ഒന്നുതന്നെയാണ്. പിന്നാക്ക രാഷ്ട്രീയത്തിന്റെ ശാക്തീകരണ സ്വഭാവത്തിന്റെ അലയൊലികൾ മുമ്പുതന്നെ കേരളത്തിലും കണ്ടതാണ് . ഇപ്പോഴും കണ്ടുവരുന്നു. ഈ രാഷ്ട്രീയ യാഥാർത്ഥ്യം മനസിലാക്കാതെയോ, മനസിലായില്ലെന്ന് നടിച്ചോ പെരുമാറുന്ന രാഷ്ട്രീയ നേതൃത്വം മൂഢസ്വർഗത്തിലാണെന്ന് പറയേണ്ടിവരും. സി. കേശവനെന്ന ആത്മാഭിമാനിയുടെ ഇച്ഛാശക്തിയിൽ 1932 ൽ നടന്ന നിവർത്തന പ്രക്ഷോഭവും തുടർപോരാട്ടങ്ങളും മൂലം 1935 ലെ തിരുവിതാംകൂർ രാജഭരണകാലത്തു പോലും പിന്നാക്കശക്തിയെ തിരിച്ചറിഞ്ഞ് പരിഗണിക്കാൻ നിർബന്ധിതരായിട്ടുണ്ട് . അഞ്ച് രൂപയോ അതിൽ കൂടുതലോ നികുതിയടക്കുന്നവർക്കു മാത്രം ഉണ്ടായിരുന്ന വോട്ടവകാശം ഒരു രൂപ നികുതിയടക്കുന്നവർക്കുവരെ നൽകേണ്ടി വന്നതിനാൽ പിന്നാക്ക വോട്ടർമാരുടെ എണ്ണം വൻതോതിൽ വർദ്ധിച്ചു. ഇതിന്റെ ഫലമായി അന്നത്തെ നിയമനിർമ്മാണ സഭയിലേക്ക് പിന്നാക്കക്കാരൂടെ കൂട്ടായ്മയായ ഓൾ ട്രാവൻകൂർ ജോയിന്റ് പൊളിറ്റിക്കൽ കോൺഗ്രസിന് ശ്രീമൂലം നിയമസഭയിലേക്ക് (അധോസഭ ) 28 പേരേയും ശ്രീചിത്ര സ്റ്റേറ്റ് കൗൺസിലിലേക്ക് (ഉപരിസഭ ) എട്ടുപേരേയും ജയിപ്പിക്കാൻ കഴിഞ്ഞു. ഇതെല്ലാം കേരളത്തിൽ പിന്നാക്ക ജനവിഭാഗങ്ങളുടെ മുന്നേറ്റത്തിന്റെ ശക്തിയാണ് തുറന്നത്. അനന്തരഫലമായി സി. കേശവൻ തിരു-കൊച്ചി മുഖ്യമന്ത്രിയായി. സ്വാതന്ത്ര്യാനന്തരം കമ്മ്യൂണിസ്റ്റ് പാർട്ടി പിന്നാക്കരക്ഷകരെന്ന് നടിച്ച് കർഷകരെയും കർഷകതൊഴിലാളികളെയും കൂട്ടുപിടിച്ച് ഈഴവശക്തിയെ തങ്ങൾക്കൊപ്പം ചേർത്തു നിറുത്താൻ ബുദ്ധിപരമായി നീങ്ങി, ബഹുഭൂരിപക്ഷം പ്രവർത്തകരും അവർണരായിട്ടും നേതൃത്വം സവർണരിൽ ഒതുങ്ങിയിട്ടും ആ ശക്തിയെ കൂടെ നിറുത്താൻ കമ്മ്യൂണിസ്റ്റുകൾക്കായി ഒരുഘട്ടത്തിൽ പിന്നാക്കക്കാർ കോൺഗ്രസിൽ നിന്നും ഏറെ അകന്നപ്പോഴാണ് ദേശീയനേതൃത്വം ഇടപെട്ടത്. ആർ. ശങ്കർ എന്ന ധീരനായ പോരാളിയെ രംഗത്തിറക്കിയതിന്റെ ഫലമായി കോൺഗ്രസിന്റെ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി ആർ.ശങ്കർ. പിന്നീട് മുഖ്യമന്ത്രിമാരായ കെ. കരുണാകരനും എ.കെ. ആന്റണിയും പിന്നാക്കവിഭാഗ ശക്തിയെ തിരിച്ചറിഞ്ഞ് അംഗീകരിച്ച് പ്രവർത്തിച്ചവരായിരുന്നു. മുമ്പ് കോൺഗ്രസ് നിയമസഭയിലേക്ക് 30 ൽ കൂടുതൽ സ്ഥാനാർത്ഥികളെ ഇൗഴവ സമുദായത്തിൽ നിന്നും 50 ശതമാനത്തിൽ കൂടുതൽ പിന്നാക്ക വിഭാഗ സ്ഥാനാർത്ഥികളെ യു.ഡി. എഫും പരിഗണിച്ചിരുന്നു. കെ. കരുണാകരൻ - എ . കെ . ആന്റണീ ദ്വന്ദത്തിനുശേഷം കോൺഗ്രസ് നേതൃത്വം കൈയാളിയവർ പിന്നാക്ക വിഭാഗത്തിന്റെ ശക്തി തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തി , കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഈഴവ വിഭാഗത്തിന് 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റ് മാത്രമാണ് നൽകിയത്. 1992 ലെ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ കെ.പി.സി.സി പ്രസിഡന്റും ആറ് ഡി.സി.സി പ്രസിഡന്റുമാരും ഈഴവ വിഭാഗത്തിൽ നിന്നുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ ഗ്രൂപ്പ് സാമുദായിക താത്പര്യങ്ങൾവച്ച് വിഭജിച്ചപ്പോൾ കേവലം മൂന്ന് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒതുക്കാൻ നേതൃത്വത്തിന് യാതൊരു മടിയുമുണ്ടായില്ല. പിന്നാക്കശക്തിയെ തിരിച്ചറിഞ്ഞ് സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന ആസൂത്രിതമായ നീക്കങ്ങൾ കോൺഗ്രസ് നേതൃത്വം ഇനിയും കണ്ടില്ലെന്ന് നടിക്കരുത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എ. സമ്പത്തിനെ ക്യാബിനറ്റ് പദവിയോടെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയായി അവരോധിച്ചത് സി.പി.എമ്മിൽ സമ്പത്തിനോളം അക്കാഡമിക് യോഗ്യതയോ അറിവോ ഉള്ളവർ ഇല്ലാഞ്ഞിട്ടല്ല. ഇൗഴവസമുദായ വോട്ടുകൾ ഒലിച്ചു പോകുന്നുവെന്ന തിരിച്ചറിവിൽ നിന്നുണ്ടായതാണ് ഈ തീരുമാനം. വി. മുരളീധരന് ഗൗരവമുള്ള സഹമന്ത്രിസ്ഥാനം നൽകിയും കെ. സുരേന്ദ്രനെ യാഗാശ്വമായി ചിത്രീകരിച്ചും ബി.ജെ.പി കേരളത്തിൽ കളിക്കുന്ന രാഷ്ട്രീയവും പിന്നാക്കക്കാരെ കൂടെ ചേർക്കുന്നതിനാണ്. പിന്നാക്ക പ്രതിച്ഛായ ഉയർത്തികാട്ടി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി അസ്വാരസ്യങ്ങൾക്കിടയിലും ബി.ഡി.ജെ.എസിനെ എന്തുകൊണ്ട് കൈവിടുന്നില്ല എന്നും ചിന്തിക്കേണ്ടതാണ്. കഴിവും പ്രവർത്തന പരിചയവുമുള്ള നിരവധി ഈഴവ കോൺഗ്രസ് നേതാക്കളെ വന്ധ്യംകരിച്ചും അവഗണിച്ചും ഇല്ലാതാക്കിയ ചരിത്രം ഇനിയും ആവർത്തിക്കരുത്. കെ.എസ്.യു മുതൽ കെ.പി.സി.സി വരെയും പഞ്ചായത്ത് മുതൽ നിയമസഭ വരെയും കഴിവുള്ള പിന്നാക്കക്കാരെ ഉചിതമായ സ്ഥാനത്ത് പരിഗണിക്കണം. അല്ലെങ്കിൽ തിരിച്ചടി പ്രവചനാതീതമാകും. രാജാവ് നഗ്നനാണെന്ന് പറയുന്ന കുട്ടിയെ തൂക്കിക്കൊല്ലുകയോ തുറങ്കിലടയ്ക്കുകയോ ആണ് നാട്ടുനടപ്പ്. എന്നാൽ നഗ്നയാഥാർത്ഥ്യം വിളിച്ചു പറഞ്ഞില്ലെങ്കിൽ അപമാനിതമാകുന്നത് തങ്ങളുടെ രാജ്യവും രാജാവുമാണെന്ന് കരുതുന്ന കുട്ടിയുടെ രാജ്യസ്നേഹം ആർക്കാണ് ചോദ്യം ചെയ്യാനാകുക ?
(ലേഖകൻ കെ.പി.സി.സിയുടെ ഒ.ബി.സി ഡിപ്പാർട്ട്മെന്റിന്റെ ചെയർമാനാണ് )