haryana-

മുംബയ് : നിയമസഭ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിച്ചില്ലെങ്കിലും സർക്കാർ രൂപീകരണ നീക്കവുമായി ബി.ജെ.പി. ഇതിനിടെ വിലപേശലുമായി ശിവസേനയും രംഗത്തെത്തി. തങ്ങൾക്ക് മുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന് ശിവസേന അവകാശമുന്നയിച്ചു.

സർക്കാർ രൂപീകരണത്തെക്കുറിച്ചുള്ള തുടർചർച്ചകൾക്കായി മുക്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് മുംബയിലെ പാർട്ടി ആസ്ഥാനത്തെത്തി. തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 50-50ഫോർമുല കണക്കാക്കി മുഖ്യമന്ത്രിസ്ഥാനം നൽകണമെന്ന് സിവസേന മേധാവി ഉദ്ധവ് താക്കറെ പറഞ്ഞു.


മഹാരാഷ്ട്രയിൽ എന്‍ഡിഎ സഖ്യത്തില്‍ 164സീറ്റുകളിൽ മത്സരിച്ച ബി.ജെ.പിക്ക് 99 സീറ്റുകളാണ് നേടാൻ സാധിച്ചത്. ഇത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെക്കാൾ 23 സീറ്റ് കുറവാണ്. 126 സീറ്റുകളിൽ മത്സരിച്ച ശിവസേന 58 സീറ്റുകളിൽ വിജയിച്ചു. യു.പി.എ സഖ്യത്തിൽ 121 സീറ്റുകളിൽ മത്സരിച്ച എൻ.സി.പി 56സീറ്റിലും 147സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 45സീറ്റിലും വിജയിച്ചു. കേവലഭൂരിപക്ഷത്തിന് 145സീറ്റുകളാണ് വേണ്ടത്.

തൂക്കു മന്ത്രിസഭ വരുമെന്ന് വ്യക്തമായ ഹരിയാനയിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കി കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും ചെറുപാർട്ടികകളുമായി ധാരണയിലെത്താൻ രംഗത്തെത്തിയിട്ടുണ്ട്. പത്തു സീറ്റ് നേടിയ ദുഷ്യന്ത് ചൗതാലയുടെ ജെ.ജെ.പിയാണ് ഇതിൽ നിർണായകം. മുഖ്യമന്ത്രി സ്ഥാനം നൽകിയാൽ ഏത് പാർട്ടിയുമായി സഹകരിക്കാനും തയ്യാറാണെന്ന് ചൗതാല വ്യക്തമാക്കിയിട്ടുണ്ട്.

90 സീറ്റുകളുള്ള ഹരിയാനയിൽ ബി.ജെ.പി 40ഉം കോൺഗ്രസ് 30ഉം ഐ.എൻ.എൽ.ഡി-അകാലിദൾ സഖ്യം ഒരുസീറ്റും നേടിയപ്പോൾ മറ്റ് പാർട്ടികൾ 9സീറ്റുകൾ നേടി. ചൗട്ടാലയേയും ചെറുപാർട്ടികളെയും കൂടെ നിറുത്തി സര്‍ർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് രണ്ട് വലിയ പാർട്ടികളും.

തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുഭാഷ് ബറാല രാജിവച്ചു.സുഭാഷ് ബറാലയും ബി.ജെ.പിയുടെ ഏഴ് കാബിനറ്റ് മന്ത്രിമാരും തിരഞ്ഞെടുപ്പിൽ തോറ്റു. തങ്ങളോടൊപ്പം നിൽക്കാൻ ജെ.ജെ.പിയോടും സ്വതന്ത്ര സ്ഥാനാർത്ഥികളോടും കോൺഗ്രസ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ ആവശ്യപ്പെട്ടു. കൂടെനിന്നാൽ എല്ലാവർക്കും വേണ്ടത്ര പരിഗണന ലഭിക്കുമെന്നാണ് ഹൂഡയുടെ വാഗ്ദാനം.