ധാക്ക: പ്രധാനാദ്ധ്യാപകനെതിരെ ലൈംഗികാതിക്രമത്തിന് പരാതിപ്പെട്ട വിദ്യാർത്ഥിനിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രധാനാദ്ധ്യാപകനടക്കം 16 പേർക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചു. പ്രധാനാദ്ധ്യാപകൻ സിറാജ് ഉദ് ഡൗളയെ കൂടാതെ നുസ്രത് പഠിച്ചിരുന്ന സോനാഗസി ഇസ്ലാമിയ സീനിയർ ഫസിൽ മദ്രസയിലെ രണ്ട് വിദ്യാർത്ഥിനികളും പ്രതിപ്പട്ടികയിലുണ്ട്. അതിവേഗത്തിലാണ് കേസിൽ അന്വേഷണവും കോടതിനടപടികളും പൂർത്തിയാക്കിയത്. രാജ്യത്തെമ്പാടും ഈ കൊലപാതകത്തിൽ പ്രതിഷേധമുയർന്നിരുന്നു. മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതികളുടെ അഭിഭാഷകർ അറിയിച്ചു.
കഴിഞ്ഞ ഏപ്രിലിലാണ് നുസ്രത്ത് ജഹാൻ റാഫി എന്ന 19കാരിയെ അക്രമികൾ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നത്. തീപ്പൊള്ളലേറ്റ നുസ്രത്ത് മരിക്കുന്നതിനു മുമ്പ് തനിക്ക് സംഭവിച്ചതെന്താണെന്ന് സഹോദരന്റെ ഫോണിൽ റെക്കാഡ‍് ചെയ്തിരുന്നു. ''സ്കൂളിൽ എത്തിയ എന്നെ ബുർഖ ധരിച്ച മൂന്നുനാലുപേർ ചേർന്ന് വളഞ്ഞു. പ്രധാനാദ്ധ്യാപകന് എതിരെ നൽകിയ കേസ് പിൻവലിക്കാൻ അവർ ആവശ്യപ്പെട്ടു. അതിന് തയ്യാറല്ലെന്ന് പറഞ്ഞതോടെ അവർ ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി," മൊഴിയിൽ പറയുന്നു. സിറാജ് എന്ന പ്രധാനാദ്ധ്യാപകനാണ് ഈ സംഭവങ്ങൾക്കെല്ലാം പിന്നിലെന്ന് നുസ്രത്ത് വീഡിയോയിൽ ആരോപിച്ചു. രാജ്യം മുഴുവൻ വൻ പ്രതിഷേധമായിരുന്നു ഈ സംഭവത്തിലുണ്ടായത്.