mamankam-

മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്. തിരുനാവായിലെ ഭാരതപ്പുഴയുടെ തീരത്ത് 16,17 നൂറ്റാണ്ടുകളിൽ നടന്നിരുന്ന മാമാങ്കത്തിന്റെ കഥ പറയുന്ന സിനിമയിലെ യുദ്ധരംഗങ്ങൾ ഉൾപ്പെടെ ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കറിലുള്ള സെറ്റിലാണ്. ഉണ്ണി മുകുന്ദൻ, ബാല താരം അച്യുതൻ,​ കനിഹ,​ സിദ്ദിഖ് എന്നിവരാണ് മേക്കിങ് വിഡിയോയിലുള്ളത്. പത്തു കോടി രൂപയോളം ചെലവിട്ട് 2000 ത്തോളം തൊഴിലാളികൾ മൂന്നു മാസം കൊണ്ടാണ് സെറ്റ് തയ്യാറാക്കിയത്. സെറ്റ് തയ്യാറാക്കുന്ന രംഗങ്ങളും വീ‌ഡിയോയിലുണ്ട്.

വലിയ കോട്ടവാതിലിനെ അനുസ്മരിപ്പിക്കുന്ന കവാടവും സാമൂതിരി എഴുന്നള്ളി ഇരിക്കുന്ന മേടയുമൊക്കെ തയ്യാറാക്കിയിട്ടുണ്ട്. മരടിലെ എട്ടേക്കറിൽ നിർമ്മിച്ച കൊട്ടാര സമാനമായ മാളികയാണ് മറ്റൊരു വിസ്മയം. അഞ്ച് കോടിയോളം രൂപ ചെലവിട്ട് ആയിരത്തോളം തൊഴിലാളികൾ നാലു മാസം കൊണ്ടാണ് മാളികയുടെ സെറ്റ് തയ്യാറാക്കിയതെന്ന് നിർമ്മാതാവ് വേണു കുന്നപ്പള്ളി നേരത്തെ പറഞ്ഞിരുന്നു. പുനഃസൃഷ്ടിക്കുന്നതിനായി മുള, പനയോല, പുല്ല്, കയർ തുടങ്ങിയവയും ടൺകണക്കിന് ഉപയോഗിച്ചിട്ടുണ്ട്.

40 ദിവസം നീണ്ടുനിൽക്കുന്ന അവസാനപാദ ചിത്രീകരണം പൂർണമായും സ്വാഭാവിക വിളക്കുകളുടെ വെളിച്ചത്തിലായിരുന്നു. സംവിധായകൻ എം.പദ്മകുമാർ. കാമറാമാൻ മനോജ് പിള്ള. ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, അച്യുതൻ ബി.നായർ, പ്രാച്ചി തെഹ്‌ലാൻ, അനു സിത്താര, കനിഹ, ഇനിയ തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കർ രാമകൃഷ്‌ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമാണ് ചിത്രം പുറത്തിറങ്ങുക.  നവംബർ അവസാനം ചിത്രം തിയേറ്ററുകളിലെത്തും.