കൊല്ലം: വൈദികനും പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായിരുന്ന ഫാ. പോൾക്രൂസ് (84) നിര്യാതനായി. കൊട്ടിയം പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇന്നലെ കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാവിലെ 9 മുതൽ കുടുംബ ഗൃഹമായ കിഴക്കെ കല്ലട കായൽവാരത്ത് വീട്ടിൽ ഭൗതികദേഹം പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 3ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ സംസ്‌കാര ശുശ്രൂഷ നടക്കും.
കൊല്ലം, പുനലൂർ രൂപതകളിലെ ഇടവകകളിൽ അജപാലന ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട് ഫാ. പോൾക്രൂസ്. ബിഷപ്പ് ജെറോം സാംസ്‌കാരിക സമിതിയുടെ ഡയറക്ടറും ഫാദർ പോൾക്രൂസ് ഫൗണ്ടേഷന്റെ സ്ഥാപക പ്രസിഡന്റുമാണ്. വിശ്വാസത്തിന്റെ തീരങ്ങൾ തേടി, ചിന്തകളുടെ തീരങ്ങളിൽ എന്നിവ കൃതികളാണ്.
കിഴക്കെ കല്ലട കായൽവാരത്ത് ആന്റണി ക്രൂസിന്റെയും എലിസബത്ത് ക്രൂസിന്റെയും മകനായി 1935ലാണ് ജനനം. 1962 ആഗസ്റ്റ് 29ന് വൈദികനായി. സഹോദരങ്ങൾ: എൽസി ആന്റണി, മേരി ലോറൻസ്, വാട്സ് ക്രൂസ്, പരേതരായ പത്രോസ്, ഹെൻട്രി, അലോഷ്യസ്, പോളികാർപ്പ്, മേരിദാസൻ.