helicopter-

ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഇന്ത്യൻ കരസേനയുടെ ഹെലികോപ്ടർ തകർന്നുവീണു. ഹെലികോപ്ടറിലുണ്ടായിരുന്ന നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ രൺബീർ സിംഗും കൂടെയുണ്ടായിരുന്നവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രാമദ്ധ്യേ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ തകരാറിലാവുകയും ഒപൂഞ്ചിലെ ബേദാർ പ്രദേശത്ത് തകർന്നു വീഴുകയുമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. രൺബീർ സിംഗും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ ഹെലികോപ്ടറിൽ ഏഴു പേരുണ്ടായിരുന്നതായാണ് വിവരം. എല്ലാവരെയും അടുത്തുള്ള ആർമി മെഡിക്കൽ സെന്ററിൽ പരിശോധനയ്ക്ക് വിധേയമാക്കി. ആരുടെയും പരിക്ക് ഗുരുതരമല്ല. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാൻ അതിർത്തി ലംഘിച്ച് ഷെല്ലാക്രമണം നടത്തിയിരുന്ന പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങുകയായിരുന്നു രൺബീർ സിംഗും സംഘവും.