ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കി നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ 1,358.60 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിലെ 2,240.4 കോടി രൂപയെ അപേക്ഷിച്ച് 39.35 ശതമാനം കുറവാണിത്. വിപണിയിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞതുമൂലം വില്‌പനയിലുണ്ടായ മാന്ദ്യമാണ് തിരിച്ചടിയായത്.
അതേസമയം, നിരീക്ഷകർ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ലാഭം കുറിക്കാൻ കമ്പനിക്ക് സാധിച്ചു. ലാഭം 950 കോടി രൂപയായി ചുരുങ്ങുമെന്നായിരുന്നു നിരീക്ഷകരുടെ വിലയിരുത്തൽ. മാരുതിയുടെ അറ്റ വില്‌പന (വരുമാനം) 22.50 ശതമാനം കുറഞ്ഞ് 16,120.40 കോടി രൂപയായി.

തൊട്ടുമുമ്പത്തെ പാദത്തെ അപേക്ഷിച്ച് വരുമാനത്തിലുണ്ടായ കുറവ് 14 ശതമാനമാണ്.

വിറ്റഴിഞ്ഞ വാഹനങ്ങളുടെ എണ്ണം 30.2 ശതമാനം കുറഞ്ഞ് 3.38 ലക്ഷത്തിലെത്തി.

ആഭ്യന്തര വിപണിയിൽ വിറ്റഴിഞ്ഞത് 3.12 ലക്ഷം യൂണിറ്റുകൾ. നഷ്‌ടം 31.4 ശതമാനം. 25,798 യൂണിറ്റുകളാണ് കമ്പനി കയറ്റുമതി ചെയ്‌തത്. പലിശ, നികുതി തുടങ്ങിയവയ്ക്ക് മുമ്പായുള്ള വരുമാനം (എബിറ്റ്ഡ) മുൻവർഷത്തെ സമാനപാദത്തേക്കാൾ 53.2 ശതമാനം കുറഞ്ഞ് 1,606.3 കോടി രൂപയിലെത്തി.