vithura-case

തിരുവനന്തപുരം : ഏറെ കോളിളക്കം സൃഷ്ടിച്ച വിതുര പെൺവാണിഭ കേസിന്റെ വിസ്താരത്തിനിടെ കോടതിയിൽ ഇരയായ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. വിതുര കേസിലെ ഒന്നാം പ്രതി സുരേഷ് തന്നെ നിരവധി ആളുകൾക്ക് കാഴ്ചവച്ചുവെന്ന് പെൺകുട്ടി കോടതിയ്ക്കു മുന്നിൽ വെളിപ്പെടുത്തി. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുഖ്യ പ്രതി ജുബൈൻ മൻസിലിൽ സുരേഷിനൊപ്പം (45) പോയതെന്നും എന്നാൽ തന്നെ നിരവധിപേർ ശാരീരികമായി ഉപദ്രവിച്ചെന്നും പെൺകുട്ടി പറഞ്ഞു. ആദ്യമായി എത്തിയ ആളോട് തന്നെ ഉപദ്രവിക്കരുതെന്ന് കേണപേക്ഷിച്ചെന്നും രക്ഷപ്പടാൻ ശ്രമിച്ചെന്നും ബഹളം വച്ചെന്നും പെൺകുട്ടി പ്രതിഭാഗത്തിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വിചാരണയ്ക്കിടെ ഒളിവിൽ പോയ കേസിലെ ഒന്നാം പ്രതി സുരേഷ് പിന്നീടും പെൺവാണിഭം തുടരുകയായിരുന്നു. പിന്നീട് ഇയാളെ പൊലീസ് ഹൈദരാബാദിൽ നിന്ന് പിടികൂടി. 1996ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം സുരേഷ് ഒളിവിൽ പോവുകയായിരുന്നു. കേസിലെ മറ്റു പ്രതികളെ വെറുതെ വിട്ട സാഹചര്യത്തിൽ 2014ൽ ഇയാൾ കീഴടങ്ങിയിരുന്നു. ഒരുവർഷത്തെ ജയിൽ വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ ഇയാളെ പെൺകുട്ടി തിരിച്ചറിഞ്ഞതിനെതുടർന്ന് വീണ്ടും ഒളിവിൽ പോവുകയായിരുന്നു.

സുരേഷിന് മുംബയിലും ഹൈദരാബാദിലും വീടുണ്ടെന്നും ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ച്‌ ഇയാൾ പെൺവാണിഭം നടത്തുന്നുണ്ടെന്നുമുള്ള വിവരത്തെത്തുടർന്നാണ് പൊലീസ് ഹൈദരാബാദിലെത്തിയതും ഇയാളെ പിടികൂടിയതും.