
ജനവിധി എന്തെന്ന് അറിഞ്ഞശേഷം ഉരുണ്ടുകളിയുടെ ഭാഗമായി ചില മാദ്ധ്യമങ്ങൾ നടത്തുന്ന വിശകലനങ്ങൾ മൂലമാണോ അതോ പാർലമെന്ററി രാഷ്ട്രീയത്തിന്റെ ബദ്ധപ്പാടുകൾ മൂലമാണോയെന്ന് വ്യക്തമല്ല, പൊതുജനങ്ങളുടെ മാനസികാവസ്ഥ മനസിലാക്കിയല്ല പതനം സംഭവിച്ച പാർട്ടിയുടെ നേതാക്കൾ പ്രതികരിക്കുന്നത്. യാഥാർത്ഥ്യബോധത്തിന്റെ കണിക പോലും കാണാൻ സാധിക്കാത്ത വാദഗതി പോലും തോൽവിക്ക് കാരണമായി ചൂണ്ടിക്കാണിക്കാറുണ്ട്. സംസ്ഥാനത്ത് അഞ്ചിടത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം അറിവായിരിക്കെ, വീണ്ടും അസംബന്ധങ്ങളെ താലോലിക്കാൻ തുടങ്ങിയിരിക്കുകയാണ് ചില നേതാക്കൾ. സർക്കാർ വിരുദ്ധവികാരം ശക്തമായി നിലനിൽക്കുന്നുവെന്ന് തെളിഞ്ഞുവെന്നായിരുന്നു ഒരു നേതാവിന്റെ പ്രതികരണം! പൊതുജനം കഴുതയല്ലെന്ന് എത്രതവണ പറഞ്ഞാലാണ് ഇൗ നേതാക്കൾക്ക് മനസിലാവുക.
ജനങ്ങൾ ആഗ്രഹിക്കുന്നത് നാടിന്റെ വികസനവും അഴിമതി തുടച്ചുനീക്കാൻ ശ്രമിക്കുന്ന ഒരു ഭരണകൂടവുമാണ്. വിശേഷിച്ച്, യുവാക്കൾ. വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ചോ സമുദായിക കാർഡ് ഇറക്കിയോ ജനവിധി മാറ്റിമറിക്കാവുന്ന കാലം കഴിഞ്ഞുപോയി. വികസനത്തിന്റെ അഭാവത്തിൽ ഭാവി ഭദ്രമായിരിക്കില്ലെന്ന് യുവാക്കൾക്ക് അറിയാം. കോടികളുടെ അഴിമതി നടന്നുവെന്ന് അറിയുമ്പോൾ, ഒന്നിനും തികയാത്ത വരുമാനവുമായി മല്ലടിക്കുന്നവർക്ക് തോന്നുന്നത് കടുത്ത വെറുപ്പാണെന്ന് നേതാക്കൾ തിരിച്ചറിയണം. സ്ഥാനാർത്ഥിയുടെ പ്രതിച്ഛായയും വിധിയെഴുത്തിനെ സ്വാധീനിക്കാറുണ്ട്.
അഴിമതിയുടെ കൂറ്റൻ ഒരു സ്മാരകം പോലെ നിലകൊള്ളുകയാണ് പാലാരിവട്ടത്തെ മേൽപ്പാലം. എറണാകുളത്ത് വോട്ടിംഗ് ശതമാനവും, വിജയിച്ച സ്ഥാനാർത്ഥി ടി.ജെ. വിനോദിന്റെ ഭൂരിപക്ഷവും കുറഞ്ഞത് മഴ ചതിച്ചത് മൂലം മാത്രമാണെന്ന് വാദിച്ചാൽ സാമാന്യബുദ്ധിയുള്ളവർ വിശ്വസിക്കുകയില്ല. വട്ടിയൂർക്കാവിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അട്ടിമറി വിജയം നേടിയത് ബി.ജെ.പി വോട്ട് മറിച്ചത് മൂലമാണത്രെ! ബി.ജെ.പി സ്ഥാനാർത്ഥിക്ക് ഇത്തവണ വോട്ട് കുറഞ്ഞതാണ് പോലും അതിനുള്ള തെളിവ്! യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് കഴിഞ്ഞ തവണ ലഭിച്ച അത്രയും വോട്ട് ലഭിച്ചോ? വോട്ട് മറിച്ചിട്ടാണോ അങ്ങനെ സംഭവിച്ചത്?
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലേ കേട്ടതാണ്, വട്ടിയൂർക്കാവിലെ സമ്മതിദായകർ പ്രധാനമായും ചർച്ച ചെയ്യുന്നത് വികസനത്തെക്കുറിച്ചാണെന്ന്. വികസനമോ അഴിമതിയോ ഒന്നുമല്ല വിധിയെഴുത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങളെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് നാടിന്റെ പുരോഗതിക്ക് ഒരു തടസമാണ്. വട്ടിയൂർക്കാവിൽ പ്രശാന്തും കോന്നിയിൽ കെ.യു. ജനീഷ് കുമാറും വൻഭൂരിപക്ഷത്തോടെ വിജയിച്ചത് എന്തുകൊണ്ടാണ് ? എറണാകുളം മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി വിനോദിന്റെ ഭൂരിപക്ഷം അപ്രതീക്ഷിതമായ തോതിൽ കുറഞ്ഞത് എന്തുകൊണ്ടാണ്? എൽ.ഡി.എഫിന്റെ കുത്തകയായിരുന്ന അരൂരിൽ ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ വിജയിച്ചത് എന്തുകൊണ്ടാണ്? മഞ്ചേശ്വരത്ത് വിജയിച്ചത് യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി. കമറുദ്ദീനാണ്. എന്തുകൊണ്ടാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്?
ഇൗ ചോദ്യങ്ങൾക്ക് യുക്തിസഹമായ ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കാതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാമെന്ന് കരുതിയാൽ വരാൻപോകുന്ന തിരഞ്ഞെടുപ്പുകളിൽ ഫലം പ്രവചനാതീതമായി മാറും. മുന്നണികളെ ജനം മാറിമാറി അധികാരത്തിലേറ്റുമെന്ന കണക്കുകൂട്ടൽ ചിലപ്പോൾ തെറ്റിപ്പോകുമെന്ന് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തെളിഞ്ഞിരുന്നു.
ഉപതിരഞ്ഞെടുപ്പുകളുടെ ഫലം സൂക്ഷ്മമായി വിലയിരുത്തിയാൽ എൽ.ഡി.എഫിനാണ് വിജയം. തുടർച്ചയായി പല തവണ യു.ഡി.എഫ് വിജയിച്ച രണ്ട് സീറ്റുകൾ വലിയ ഭൂരിപക്ഷത്തോടെ പിടിച്ചെടുക്കാൻ കഴിഞ്ഞു. സിറ്റിംഗ് സീറ്റായ അരൂർ എൽ.ഡി.എഫിന് നഷ്ടമായത് വോട്ടുകളുടെ വലിയ വ്യത്യാസത്തിലല്ല. എറണാകുളത്ത് യു.ഡി.എഫിന് പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചതുമില്ല. സർക്കാരും ഭരണമുന്നണി നേതാക്കളും ഇൗ വിജയത്തെ വിനയത്തോടെ വേണം കാണാൻ. പൊതുജനം കഴുതയല്ലെന്ന ബോദ്ധ്യം എല്ലാ നേതാക്കൾക്കും ആവശ്യമാണ്. ഇൗ ബോദ്ധ്യമുണ്ടായാലേ അഴിമതി ശമിക്കൂ. എല്ലാ തലങ്ങളിലും നടക്കാറുള്ള അഴിമതിയാണ് വികസനത്തിലേക്കുള്ള രാജവീഥിയിൽ എത്തുന്നതിന് പ്രധാന തടസം.