ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള വിവാഹം ഉടൻ ഉണ്ടാകുമോ? ആരാധകർ നിരന്തരം ചോദിക്കുന്ന ചോദ്യമാണിത്. കഴിഞ്ഞ ദിവസം വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ പാരീസിൽ നിന്നും ചെന്നൈയിലേക്ക് ചില വലിയ കാര്യങ്ങൾക്കായി പോകുന്നു എന്ന് കുറിച്ചിരുന്നു. എന്താണ് ആ വലിയ കാര്യങ്ങൾ? നയൻതാരയുമായുള്ള വിവാഹമാണോ? വിമാനത്തിനകത്തു നിന്നുള്ള ചിത്രമാണ് വിഘ്നേഷ് ശിവൻ പങ്കുവച്ചിരിക്കുന്നത്. നയൻതാര എവിടെ എന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്
വിഘ്നേഷ് ശിവന്റെ കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ‘നാനും റൗഡി താൻ’. വിജയ് സേതുപതിയും നയൻതാരയുമായിരുന്നു ചിത്രത്തിലെ നായകനും നായികയും. വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കവും ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു.
ചിത്രത്തിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് വിഘ്നേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “നന്ദി തങ്കമേ… നിന്നെ കണ്ടുമുട്ടിയതിനു ശേഷം ജീവിതം മധുരനിമിഷങ്ങളാൽ അനുഗ്രഹിക്കപ്പെട്ടതായി മാറി. ഈ ദിവസത്തിനു നന്ദി, ഈ സിനിമ ചെയ്യാം എന്ന് സമ്മതിച്ചതിനു നൽകി. അതാണ് എനിക്ക് ഒരു നല്ല ജീവിതത്തിനുള്ള അവസരം തന്നത്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. അകത്തും പുറത്തും എപ്പോഴും അഴകുള്ള വ്യക്തിയായി തന്നെ നിലനിൽക്കാൻ ആവട്ടെ,” വിഘ്നേഷ് കുറിച്ചു. #lifesaver എന്ന ഹാഷ് ടാഗോടെയാണ് വിഘ്നേഷ് നയൻതാരയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരവും ബോക്സ് ഓഫീസ് വിജയവും വിഘ്നേഷിനെ തേടിയെത്തി. വിഘ്നേഷിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ‘നാനും റൗഡി താൻ’. വിജയ് സേതുപതിയ്ക്കും നന്ദി പറയാൻ വിഘ്നേഷ് മറന്നിട്ടില്ല. ഒക്ടോബർ 21 എന്ന ദിവസത്തെ സ്പെഷൽ ആക്കിയതിന് നന്ദി എന്ന വരികളോടെ വിജയ് സേതുപതിയ്ക്ക് ഒപ്പമുള്ള ഒരു സ്നേഹനിമിഷമാണ് വിഘ്നേഷ് പങ്കുവച്ചിരിക്കുന്നത്.