
ന്യൂഡൽഹി: പാർലിമെന്റ് ആക്രമണക്കേസിൽ കുറ്റവിമുക്തനായ ഡൽഹി സർവകലാശാലയിലെ മുൻ അദ്ധ്യാപകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രൊഫ. എസ്.എ.ആർ ഗിലാനി അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ബന്ധുക്കൾ അറിയിച്ചു. കാശ്മീർ സ്വദേശിയായ ഗിലാനി ഏറെക്കാലമായി ഡൽഹിയിൽ താമസിച്ചു വരികയായിരുന്നു.
2001ലെ പാർലിമെന്റ് ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ട അദ്ദേഹത്തെ പിന്നീട് സുപ്രീംകോടതി കുറ്റമുക്തനാക്കി. എന്നാൽ, പാർലിമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രസ് ക്ലബ്ബ് ഒഫ് ഇന്ത്യയിൽ പരിപാടി സംഘടിപ്പിച്ചതിന്റെ പേരിൽ 2016ൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും കേസ് തുടരുന്നതിനിടെയാണ് അന്ത്യം.
ഡൽഹി സർവകലാശാലയിലെ സാക്കിർ ഹുസൈൻ കോളേജിൽ അറബിക് അദ്ധ്യാപകനായിരുന്നു ഗിലാനി. കശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പരസ്യനിലപാടെടുത്ത അദ്ദേഹം അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകനായിരുന്നു. പാർലിമെന്റ് ആക്രമണക്കേസിൽ പങ്കുണ്ടെന്ന സംശയത്തിൽ ഡൽഹി പൊലീസ് കേസെടുത്തതോടെയാണ് വാർത്തകളിൽ നിറയുന്നത്. എന്നാൽ, ചുമത്തപ്പെട്ടത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിൽ വലിയ പ്രതിഷേധങ്ങളുണ്ടായി. മനുഷ്യാവകാശപ്രവർത്തകരും സാമൂഹികസംഘടനകളുമൊക്കെ അദ്ദേഹത്തിനു വേണ്ടി തെരുവിലിറങ്ങി. കസ്റ്റഡിയിൽ ക്രൂരമായ പൊലീസ് മർദ്ദനത്തിനിരയായെന്നും ഭാര്യയേയും മക്കളേയും അനധികൃതമായി തടങ്കലിൽ വച്ചെന്നുമൊക്കെ വാർത്തകൾ പുറത്തു വന്നു.
വലിയ നിയമയുദ്ധത്തിലേയ്ക്കു നയിച്ചതായിരുന്നു ഗിലാനിയുടെ അറസ്റ്റ്. പാർലിമെന്റ് അക്രമണക്കേസിൽ കൊല്ലപ്പെട്ടവരുമായി ഗിലാനി ഒരു തരത്തിലും ആശയവിനിമയം നടത്തിയിട്ടില്ലെന്നും ഗൂഢാലോചനയിൽ പങ്കാളിയായിട്ടില്ലെന്നും കോടതി കണ്ടെത്തി. പാർലിമെന്റ് അക്രമണത്തിൽ ഗിലാനി ഏതെങ്കിലും വിധത്തിൽ പങ്കെടുത്തതായി പൊലീസിനു തെളിവു ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിന്നീട് സുപ്രീംകോടതിയും ഇതു ശരിവച്ചതോടെ ഗിലാനി കുറ്റവിമുക്തനായി. ഇതിനിടെ, 2005 ഫെബ്രുവരി എട്ടിന് അഭിഭാഷകന്റെ വസതിയിൽ വെച്ച് ഗിലാനിക്കു നേരെ വെടിവെയ്പുമുണ്ടായി.