literature-

കിണർ കുഴിക്കൽ തൊഴിലാളിയാണ് മട്ടന്നൂർ കയനി സ്വദേശിയായ സജി കല്യാണി. അറിയപ്പെടുന്ന കവി കൂടിയാണ് ഈ യുവാവ്.ഇതുവരെ മൂന്നുവകവിതാ സമാഹരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.എന്നാൽ പുസ്കത്തിൽ നിന്നുള്ള വരുമാനം അശരണർക്ക് നൽകാനാണ് സജിയുടെ ആഗ്രഹം..

മൂന്നാമത്തെ കവിതാ സമാഹാരം 'പനിയുമ്മകളുറങ്ങുന്ന വീട്' പുറത്തിറങ്ങിയത് അടുത്തിടെയാണ്. പുസ്തകം പ്രസിദ്ധീകരിക്കും മുമ്പേ തീരുമാനിച്ചു. ലാഭം പ്രളയത്തിൽ എല്ലാം തകർന്നവര്‍ക്കു നൽകണമെന്ന്. ആയിരം കോപ്പികൾ വിറ്റുകിട്ടിയത് ഒരു ലക്ഷം രൂപ. തുക മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സജി കഴിഞ്ഞ ദിവസം കൈമാറി.

ഇരുപതു വർഷമായി കിണർതൊഴിലാലിയാണ് സജി. . 2006ലാണ് സജി കവിതയുടെ ലോകത്തേക്ക് എത്തുന്നത്. ജോലിയുടെ ഇടവേളകളിലും രാത്രിയിലുമാണ് കവിതയെഴുത്ത്. മണ്ണും കൃഷിയുമായിരുന്നു ലോകം. അങ്ങനെ മണ്ണിനെപ്പറ്റി അറിഞ്ഞതും പഠിച്ചതും അക്ഷരങ്ങളാക്കി. മണ്ണും പ്രകൃതിയുമില്ലാതെ ഒരു ലോകത്തെ കുറിച്ച് അറിയില്ലെന്ന് സജി പറയുന്നു.. അതുകൊണ്ടു തന്നെ കവിതകളിലും നിറഞ്ഞു നിൽക്കുന്നത് പ്രകൃതി തന്നെ. ജീവിക്കാനുള്ളത് തൊഴിൽ നൽകും. പുസ്തകത്തിലൂടെയുള്ള വരുമാനം പാവങ്ങൾക്കു നല്‍കാന്‍ തീരുമാനിച്ചതിനു സജിയുടെ ന്യായമിതാണ്. പത്താം ക്ലാസ് വരെ പഠിച്ച ശിവപുരം സ്‌കൂളിൽ സജിയുടെ അദ്ധ്യാപികയായിരുന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പ്രിയശിഷ്യന്റെ സദ്കർമത്തിന് ടീച്ചറും സാക്ഷിയായി. കാലടി സര്‍വകലാശാലയില്‍ ഗസ്റ്റ് അധ്യാപികയായ പ്രമീളയാണ് സജിയുടെ ഭാര്യ.