തിരുവനന്തപുരം: പ്രചാരണത്തിലുടനീളം യുവജനങ്ങൾ നൽകിയ പിന്തുണയും ആവേശവും ഉജ്ജ്വല വിജയമാക്കി തിരുവനന്തപുരത്തിന്റെ ജനകീയ മേയർ. വോട്ടെണ്ണലിൽ ആദ്യ റൗണ്ട് മുതൽ എതിർ സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കി കുതിച്ച് വി.കെ. പ്രശാന്ത് കൈപ്പിടിയിലാക്കിയത് മണ്ഡല ചരിത്രത്തിലെ തിളക്കമാർന്ന വിജയം. യു.ഡി.എഫിൽ നിന്ന് വട്ടിയൂർക്കാവ് സീറ്റ് വൻ ഭൂരിപക്ഷത്തിൽ തിരിച്ചു പിടിച്ചതോടെ ഇടതുമുന്നണിയിൽ പ്രശാന്തിന്റെ പേരിന് ഇനി തിളക്കമേറും.
2016 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മൂന്നാം സ്ഥാനത്തായി നാണക്കേടിന്റെ അദ്ധ്യായം പേറേണ്ടിവന്ന ഇടതുമുന്നണിക്ക് പ്രശാന്ത് നൽകിയത് അഭിമാന വിജയം. ത്രികോണ പോരാട്ടം എന്ന നിലയിൽ ശ്രദ്ധ നേടിയ മണ്ഡലത്തിൽ മറ്റു രണ്ടു സ്ഥാനാർത്ഥികളെയും ബഹുദൂരം പിന്നിലാക്കിയായിരുന്നു പ്രശാന്തിന്റെ ഏകപക്ഷീയ കുതിപ്പ്. മേയർ എന്ന നിലയ്ക്ക് നഗരത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്കും പ്രശാന്തിലെ വ്യക്തിത്വത്തിനും വട്ടിയൂർക്കാവിലെ ജനങ്ങൾ നൽകിയ അംഗീകാരം.
തിരുവനന്തപുരത്തിന്റെ മനസും നഗരത്തിന്റെ പ്രശ്നങ്ങളുമറിയുന്ന ജനപ്രതിനിധി എന്ന നിലയ്ക്കാണ് പ്രശാന്തിനെ പ്രചാരണ വേള മുതൽ ജനങ്ങൾ കണ്ടത്. പ്രശാന്തിന്റെ ഇത്തരത്തിലുള്ള ഇമേജ് ആണ് ഇലക്ഷൻ പ്രചാരണത്തിലും റിസൾട്ടിലും ഗുണം ചെയ്തത്. പ്രശാന്തിന്റെ ജനകീയത തിരിച്ചറിഞ്ഞ് ജനങ്ങളുടെ സ്ഥാനാർത്ഥി എന്ന രീതിയിലാണ് എൽ.ഡി.എഫ് പ്രശാന്തിനെ അവതരിപ്പിച്ചതും. അത് വിജയം കാണുകയും ചെയ്തു. ചിട്ടയായും കൃത്യമായ കണക്കുകൂട്ടലുകളോടെയുമുള്ള പ്രചാരണ പ്രവർത്തനം ഒരു ഘട്ടത്തിലും പിറകോട്ടു പോയില്ല. ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ സമീപിച്ച എൽ.ഡി.എഫ് പ്രശാന്തിലൂടെ വട്ടിയൂർക്കാവിൽ അട്ടിമറി വിജയം നേടുകയും ചെയ്തു.
വട്ടിയൂർക്കാവിൽ സാമുദായിക സമവാക്യങ്ങൾ എടുത്തുയർത്തിയിട്ടാണ് യു.ഡി.എഫ് വോട്ട് ചോദിച്ചത്. എന്നാൽ അതൊന്നും വോട്ടാക്കാനായില്ലെന്നു മാത്രമല്ല തിരിച്ചടിയുമായി. ജാതി പറയാതെ വികസനവും രാഷ്ട്രീയവും മാത്രം പറഞ്ഞായിരുന്നു പ്രശാന്തിന്റെ വോട്ട് ചോദിക്കൽ. ഇത് ജനം തിരിച്ചറിയുകയും ഏറ്റെടുക്കുകയും ചെയ്തു എന്നിടത്താണ് പ്രശാന്തിന്റെ വിജയം.