ബ്രോ ഇനി മേയറല്ല. നിയമസഭയിൽ വട്ടിയൂർക്കാവിന് വേണ്ടി ഇനി 38കാരനായ പ്രശാന്തിന്റെ ശബ്ദം മുഴങ്ങും. വട്ടിയൂർക്കാവെന്ന യു.ഡി.എഫ് കോട്ടയിൽ ഇനിയൊരു തിരിച്ചുവരവ് അസാദ്ധ്യമെന്ന് കരുതിയിരുന്ന എൽ.ഡി.എഫിന് വൻ മുന്നേറ്റം സാദ്ധ്യമാക്കിയാണ് വി.കെ. പ്രശാന്ത് നിയമസഭയിലെത്തുന്നത്. ഇനി തലസ്ഥാന രാഷ്ട്രീയത്തിലെ നിർണായക സാന്നിദ്ധ്യമായി മാറുകയാണ് വി.കെ.പിയെന്ന ത്രയാക്ഷരവും. മാസ്മരികമായ വിജയത്തിളക്കത്തിന്റെ ആഹ്ലാദത്തിനിടയിൽ വി.കെ. പ്രശാന്ത് സംസാരിക്കുന്നു.
? മേയർ എം.എൽ.എയായി കഴിഞ്ഞു, ഇത്രവലിയൊരു ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നോ
വട്ടിയൂർക്കാവിൽ വിജയം പ്രതീക്ഷിച്ചാണ് മത്സരംഗത്ത് ഇറങ്ങിയത്. ഭൂരിപക്ഷത്തെ കുറിച്ച് പല ഘട്ടങ്ങളിലും സംശയം ഉണ്ടായിരുന്നു. എന്നാൽ പോളിംഗ് കഴിഞ്ഞതോടെ 7000 മുതൽ 15000 വോട്ടുവരെ ഭൂരിപക്ഷമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. അത് യാഥാർത്ഥ്യമായി. യുവജനങ്ങളുടെയും സ്ത്രീകളുടെയും വോട്ടുകൾ വലിയതോതിൽ ലഭിച്ചു. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തായിരുന്നു എൽ.ഡി.എഫ്. അവിടെ നിന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്. പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. പാർട്ടി നേതൃത്വത്തിന്റെ ഏകോപനവും പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനവുമാണ് ഭൂരിപക്ഷം വർദ്ധിപ്പിച്ചത്.
?യു.ഡി.എഫിന് എൻ.എസ്.എസ് നൽകിയ പിന്തുണ എൽ.ഡി.എഫിന് ഗുണമായോ
എനിക്ക് എൻ.എസ്.എസിന്റെ വോട്ടുകളും ലഭിച്ചിട്ടുണ്ട്. ഭൂരിപക്ഷം അതാണ് തെളിയിക്കുന്നത്. ജാതി മത സമവാക്യങ്ങൾ വട്ടിയൂർക്കാവിൽ പൊളിച്ചെഴുതപ്പെട്ടു. വോട്ടർമാർ പ്രബുദ്ധരാണ്. അവർക്ക് തെറ്റും ശരിയും തിരിച്ചറിയാം. എൻ.എസ്.എസ് പറഞ്ഞ ശരിദൂരം വട്ടിയൂർക്കാവിൽ എൽ.ഡി.എഫ് ആണെന്ന് തെളിഞ്ഞു. നിലപാടുകൾ സ്വീകരിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഒരു സമുദായവും പരസ്യമായി ഒരു സ്ഥാനാർത്ഥിക്ക് വേണ്ടി രംഗത്തിറങ്ങുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്നും വട്ടിയൂർക്കാവുകാർ തെളിയിച്ചു.
? പ്രളയകാല പ്രവർത്തനങ്ങൾ വോട്ടായി മാറിയോ
പ്രളയകാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ രാഷ്ട്രീയ പ്രവർത്തനമല്ല. അന്നത്തെ പ്രത്യേക സാഹചര്യത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു. അതിന് സഹായം ചോദിച്ചപ്പോൾ ജാതി, മത, കക്ഷി, രാഷ്ട്രീയ ഭേദമെന്യേ അവർ ഓടിയെത്തി. മേയറെന്ന നിലയിലുള്ള എല്ലാ പ്രവർത്തനങ്ങളും ജനങ്ങൾ വിലയിരുത്തിയിട്ടുണ്ടാകും. സ്വാഭാവികമായും പ്രളയകാല പ്രവർത്തനങ്ങളും അതിൽ ഉൾപ്പെടും. പക്ഷേ പ്രളയകാല പ്രവർത്തനങ്ങളെ അവഹേളിക്കാൻ ശ്രമിച്ചു. രാപ്പകലില്ലാതെ പണിയെടുത്ത ചെറുപ്പക്കാരെ അവഹേളിക്കുന്നത് പോലെയായി. അതുപോലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മലനീകരണനിയന്ത്രണ ബോർഡ് നഗരസഭയ്ക്ക് പിഴചുമത്തിയെന്ന പേരിൽ നോട്ടീസ് ഉയർത്തിക്കാട്ടി ചിലർ തെറ്റിദ്ധാരണ പരത്തി. മേയറെന്ന നിലയിൽ ഞാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ വോട്ടു ചെയ്തു.
? വട്ടിയൂർക്കാവിലെ ജനങ്ങൾക്ക് നൽകാനുള്ള ഉറപ്പ് എന്താണ്
വട്ടിയൂർക്കാവിലെ സമ്മതിദായകർ വികസനമാണ് ആഗ്രഹിക്കുന്നത്. പ്രചാരണഘട്ടത്തിൽ അത് നേരിട്ട് മനസിലായ വസ്തുതയാണ്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പും വിളിപ്പാടകലെയാണ്. അതിനിടയിൽ എന്നിൽ പ്രതീക്ഷയർപ്പിച്ച ജനങ്ങളോട് നീതി പുലർത്തണം. റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കും. ജംഗ്ഷൻ വികസനത്തിനുള്ള നടപടികൾ സ്വീകരിക്കും. യു.ഡി.എഫ് എം.എൽ.എയ്ക്ക് നാളിതുവരെ മണ്ഡലത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇടതു സർക്കാരാണ് ഇപ്പോൾ കിഫ്ബിയിലൂടെ 93 കോടി അനുവദിച്ചത്. ഈ തുക ഉൾപ്പെടെ നേടിയെടുത്ത് സമയബന്ധിതമായി പ്രവർത്തനങ്ങൾ നടപ്പാക്കും.
? മണ്ഡലത്തിലേക്ക് താമസം മാറുന്നുണ്ടോ, കുടുംബത്തിൽ നിന്നുള്ള പിന്തുണ
കഴക്കൂട്ടത്താണ് ഞാൻ ജനിച്ചുവളർന്നത്. അവിടുത്തെ ഓരോ മുക്കും മൂലയും എനിക്ക് സുപരിചിതമാണ്. കുടുംബവീട്ടിൽ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താമസം. ഉടൻ വട്ടിയൂർക്കാവിലേക്ക് താമസം മാറും. സൗകര്യമായി വീട് ലഭിക്കേണ്ട താമസം മാത്രം. ഇനിമുതൽ വട്ടിയൂർക്കാവുകാരുടെ വിളിപ്പുറത്ത്ന എം.എൽ.എ ഉണ്ടാകും. എം.എൽ.എയുടെ ഓഫീസും ഇവിടെ പ്രവർത്തിക്കും. ഏതു സമയത്തും ജനങ്ങൾക്ക് എന്റെ മൊബൈലിൽ വിളിക്കാം. പരമാവധി സമയം ജനങ്ങൾക്കൊപ്പം ചെലവഴിക്കും. മേയറെന്ന നിലയിൽ ഇപ്പോഴും ജനങ്ങൾക്കൊപ്പമാണ്.
ഭാര്യ രാജിയുടെ പൂർണപിന്തുണയുണ്ട്. മേയറുടെ ജോലിത്തിരക്കുകൾക്കിടയിൽ ചില ദിവസങ്ങളിൽ വീട്ടിലെത്താൻ കഴിയാറില്ല. എത്തുന്ന മിക്ക ദിവസങ്ങളിലും ഏറെ വൈകും. പരിഭവങ്ങളില്ലാതെ വീട്ടുകാര്യങ്ങൾ രാജി കൃത്യമായി നിർവഹിക്കും. മകൾ ആലിയ പട്ടം കേന്ദ്രീയവിദ്യാലയത്തിലാണ് പഠിക്കുന്നത്. മകൻ ആര്യൻ പ്രീ കെ.ജിയിലാണ്. തിരക്കുകൾക്കിടയിൽ മക്കൾക്കൊപ്പം അധികം സമയം ചെലവഴിക്കാൻ കഴിയാറില്ല.