തിരുവനന്തപുരം : യു.ഡി.എഫ് കോട്ടയായ വട്ടിയൂർക്കാവിൽ എൽ.ഡി.എഫ് വിജയം. പ്രതീക്ഷകൾക്കപ്പുറത്ത് അത് എത്രത്തോളം യാഥാർത്ഥ്യമാകുമെന്ന് ഉറപ്പിച്ചു പറയാൻ ആർക്കും പറ്റാത്ത സാഹചര്യം. ത്രികോണ മത്സരത്തിന്റെ വീറും വാശിയും ഉച്ചസ്ഥായിയിലായിരുന്നു പ്രചാരണഘട്ടങ്ങളിൽ അതുകൊണ്ടു തന്നെ പ്രവചനാതീതമായ മത്സരഫലം. പക്ഷേ വിജയത്തെ കുറിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിന് ആശങ്കയില്ലായിരുന്നു. വോട്ടണ്ണൽ കേന്ദ്രത്തിൽ ആദ്യവസാനം നിലയുറപ്പിച്ച് അന്തിമ ഫലവും അറിഞ്ഞ ശേഷം വീരോചിതമായായിരുന്നു മേയർ ബ്രോയുടെ മടക്കം.
ഇന്നലെ രാവിലെ 7.30 ഓടെയാണ് വി.കെ. പ്രശാന്ത് കഴക്കൂട്ടത്തെ വീട്ടിൽ നിന്നു ഫലമറിയാനായി പുറപ്പെട്ടത്. നേരെ മേട്ടുക്കട ജില്ലാ കമ്മിറ്റി ഓഫീസിലെത്തി. അവിടെ നിന്ന് 8 മണിയോടെ വോട്ടെണ്ണൽ കേന്ദ്രമായ പട്ടം സെന്റ് മേരീസിലേക്ക്. അതിന് മുമ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറും ബി.ജെ.പി സ്ഥാനാർത്ഥി എസ്. സുരേഷും വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി മടങ്ങിയിരുന്നു. പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങുമ്പോൾ തന്നെ പ്രശാന്ത് വോട്ടെണ്ണുന്ന ഹാളിലെത്തി. ഒന്നര മണിക്കൂറോളം ഇവിടെ തന്നെയാണ് ചെലവഴിച്ചത്. പോസ്റ്റൽ വോട്ടുകളിൽ ലീഡ്. സമയം 8.45 ആയപ്പോഴേക്കും ആദ്യ റൗണ്ടിൽ 958 വോട്ടിന്റെ ലീഡ്, രണ്ടാം റൗണ്ടിൽ 1359, പുറത്ത് പ്രവർത്തകരുടെ എണ്ണം കൂടി. മൂന്നാം റൗണ്ടിൽ 2731. വിജയത്തിന്റെ സൂചനകൾ ലഭിച്ചതോടെ 10.15ന് വോട്ടെണ്ണൽ ഹാളിൽ നിന്നു പുറത്ത് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി പ്രതീക്ഷ പങ്കുവച്ചു. തുടർന്ന് സ്കൂൾ ഗേറ്റിന് പുറത്തിറങ്ങി പ്രവർത്തകരുമായി അല്പനേരം ആഹ്ലാദം പങ്കുവച്ചു.
വീണ്ടും അകത്തേക്ക് മടങ്ങിയ പ്രശാന്ത് 11.30വരെ വോട്ടെണ്ണൽ കേന്ദ്രത്തിനകത്ത് ചാനലുകൾക്കൊപ്പം സമയം ചെലവഴിച്ചു. ഇതിനിടെ 10.50ന് വോട്ടെണ്ണൽ കേന്ദ്രത്തിലുണ്ടായിരുന്ന സി.പി.ഐ നേതാക്കളായ മാങ്കോട് രാധാകൃഷ്ണനും ജി.ആർ. അനിലും ചേർന്ന് ഷാൾ അണിയിച്ചു. പിന്നാലെ ബി. സത്യൻ എം.എൽ.എയും എത്തി അഭിനന്ദനം അറിയിച്ചു. ഇതിനിടയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറും എത്തി. അദ്ദേഹവും മേയർക്ക് ആശംസകൾ നേർന്നു. വീണ്ടും പ്രശാന്ത് വോട്ടെണ്ണൽ ഹാളിലേക്ക് കയറി. അപ്പോഴേക്കും കേന്ദ്രത്തിന് പുറത്ത് പ്രവർത്തകർ തമ്പടിച്ചു. പ്രശാന്തിന്റെ ഭാര്യയും മകളും കേന്ദ്രത്തിലേക്ക് എത്തി. ഔദ്യോഗിക കാര്യങ്ങളെല്ലാം പൂർത്തീകരിച്ച് 12.45നാണ് പിന്നീട് വിജയിയായി പ്രശാന്ത് പുറത്തേക്ക് ഇറങ്ങിയത്. കാത്തുനിന്ന ഭാര്യ രാജിയും മകൾ ആലിയയും റോസാപ്പൂക്കൾ നൽകി നിയുക്ത എം.എൽ.എയെ സ്വീകരിച്ചു. തുടർന്ന് മധുരം വിതരണം ചെയ്തു.