തിരുവനന്തപുരം: എതിർ സ്ഥാനാർത്ഥികൾക്ക് യാതൊരു പഴുതും നൽകാതെ വിജയത്തിലേക്ക് അടിവച്ചു കയറി വി.കെ. പ്രശാന്ത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ പുലർത്തിയ ആധിപത്യം അവസാന റൗണ്ട് വരെ നിലനിറുത്തിയായിരുന്നു തലസ്ഥാനത്തിന്റെ മേയർ കൂടിയായ ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ വിജയം. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ത്രികോണ പോരാട്ടം എന്ന നിലയിൽ ശ്രദ്ധയാകർഷിച്ച വട്ടിയൂർക്കാവ് മണ്ഡലത്തിലെ അന്തിമഫലം ഇതോടെ തികച്ചും ഏകപക്ഷീയമായി മാറി. ഓരോ റൗണ്ടിലും വ്യക്തമായ ലീഡാണ് പ്രശാന്ത് നേടിയത്. രണ്ടാംസ്ഥാനത്തെത്തിയ യു.ഡി.എഫിന്റെ കെ. മോഹൻകുമാർ ഒരു റൗണ്ടിൽ പോലും മുന്നിലെത്തിയില്ല. എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷാകട്ടെ ഒരു ഘട്ടത്തിൽ പോലും ത്രികോണ പോരാട്ടത്തിന്റെ പ്രതീതി ഉണ്ടാക്കിയതുമില്ല.
ആധിപത്യം തുടക്കത്തിലേ
പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങി. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. 55 തപാൽ വോട്ടുകളും 68 ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റു(ഇ.ടി.പി.ബി.എസ്)മാണ് ഉണ്ടായിരുന്നത്. തപാൽ വോട്ടിൽ 35 വോട്ടും ഇ.ടി.പി.ബി.എസിൽ 13 വോട്ടും പ്രശാന്ത് നേടി.
ഒന്നു മുതൽ 14 വരെ ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണിയത്. നാലാഞ്ചിറ സെന്റ് ഗൊരേറ്റീസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചു ബൂത്തുകൾ, കുശവർക്കൽ ഗവ. യു.പി സ്കൂളിലെ മൂന്നു ബൂത്തുകൾ, കുടപ്പനക്കുന്ന് ഗവ. യു.പി സ്കൂളിലെ നാല് ബൂത്തുകൾ, പേരൂർക്കട കൺകോഡിയ ലൂഥറൻ ഹയർസെക്കൻഡറി സ്കൂളിലെ രണ്ടു ബൂത്തുകൾ എന്നിവിടങ്ങളിലെ ഇ.വി.എമ്മുകളാണ് ആദ്യ റൗണ്ടിൽ എണ്ണിയത്. യു.ഡി.എഫ് പ്രതീക്ഷ വച്ചിരുന്ന ബൂത്തുകളിൽ കൂടി എൽ.ഡി.എഫ് കൂടുതൽ വോട്ടുകൾ നേടി വരാനിരിക്കുന്ന ട്രെൻഡിന് തുടക്കമിടുന്നതായിരുന്നു ആദ്യ റൗണ്ട്. 958 വോട്ടിന്റെ ലീഡാണ് പ്രശാന്ത് ആദ്യ റൗണ്ടിൽ നേടിയത്.
കെ. മോഹൻകുമാർ രണ്ടും എസ്. സുരേഷ് മൂന്നും സ്ഥാനങ്ങളിൽ. രണ്ടാം റൗണ്ടിൽ തിരിച്ചുവരാമെന്ന യു.ഡി.എഫിന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി വി.കെ. പ്രശാന്തിന്റെ ലീഡ് 1359 ലേക്ക് ഉയർന്നു. നാലാഞ്ചിറ സെന്റ് ഗൊരേറ്റീസ് എച്ച്.എസ്.എസിലെ മൂന്നു ബൂത്ത്, പേരൂർക്കട കൺകോഡിയ ലൂഥറൻ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നു ബൂത്ത്, കുശവർക്കൽ യു.പി സ്കൂളിലെ രണ്ടു ബൂത്ത്, കുടപ്പനക്കുന്ന് യു.പി സ്കൂളിലെ മൂന്നു ബൂത്ത്, പേരൂർക്കട ജി.എച്ച്.എസ്.എസിലെ മൂന്നു ബൂത്ത് എന്നിവിടങ്ങളിലെ വോട്ടാണ് ഈ റൗണ്ടിൽ എത്തിയത്. ഇതും യു.ഡി.എഫ് പ്രതീക്ഷ വച്ച ബൂത്തുകളായിരുന്നു. ഇതോടെ ട്രെൻഡിന്റെ ഏകദേശ സൂചന മുന്നണി കേന്ദ്രങ്ങളിൽ കിട്ടിത്തുടങ്ങി. മൂന്നാം റൗണ്ടിൽ എത്തുമ്പോൾ എൽ.ഡി.എഫിന്റെ ലീഡ് 2731 എന്ന വ്യക്തമായ മാർജിനിലേക്ക് ഉയർന്നു.
നാലാഞ്ചിറ സെന്റ് ഗൊരേറ്റീസ് സ്കൂളിലെ രണ്ടു ബൂത്തുകൾ, പേരൂർക്കട ജി.എച്ച്.എസിലെ മൂന്നു ബൂത്തുകൾ, കുടപ്പനക്കുന്ന് ജി.എച്ച്.എസിലെ ഒരു ബൂത്ത്, പേരൂർക്കട പി.എസ്. നടരാജപിള്ള മെമ്മോറിയൽ സ്കൂളിലെ ആറു ബൂത്ത്, മണികണ്ഠേശ്വരം ശിവക്ഷേത്ര സദ്യാലയത്തിലെ രണ്ട് ബൂത്ത് എന്നിവയാണ് പ്രശാന്തിനെ വിജയസൂചനയിലേക്ക് ഉയർത്തിയ ബൂത്തുകൾ. എൽ.ഡി.എഫ് 13595 ഉം യു.ഡി.എഫ് 10084ഉം എൻ.ഡി.എ 6829ഉം വോട്ടുകളാണ് ഈ സമയം നേടിയിരുന്നത്.
നാലാം റൗണ്ടിൽ വിജയമുറപ്പിച്ച് മാദ്ധ്യമങ്ങൾക്കു മുന്നിൽ
നാലാം റൗണ്ടിലെ ഫലം പുറത്തുവരുമ്പോൾ എൽ.ഡി.എഫിന്റെ ലീഡ് 4913 വോട്ടിലേക്കെത്തി. ഇതോടെ എൽ.ഡി.എഫ് വിജയവും യു.ഡി.എഫ് പരാജയവും ഉറപ്പിച്ചു. ത്രികോണ പോരാട്ടത്തിന്റെ ചൂടിലേക്ക് ഒരു ഘട്ടത്തിലും എത്താതിരുന്ന എൻ.ഡി.എയ്ക്ക് നാല് റൗണ്ട് വോട്ട് എണ്ണിത്തീരുമ്പോഴും 10000 വോട്ട് തികയ്ക്കാനുമായിരുന്നില്ല. നാലാം റൗണ്ട് പൂർത്തിയാകുമ്പോൾ വി.കെ. പ്രശാന്ത് -19132, കെ. മോഹൻകുമാർ-14219, എസ്. സുരേഷ്-9146 എന്നതായിരുന്നു സ്ഥിതി.
ജയമുറപ്പിച്ചതോടെ വോട്ടെണ്ണൽ കേന്ദ്രത്തിലുണ്ടായിരുന്ന വി.കെ. പ്രശാന്ത് മാദ്ധ്യമങ്ങൾക്കു മുന്നിലെത്തി. വിജയമുറപ്പിക്കുമെന്നും നേരത്തേ പറഞ്ഞതുപോലെ 7000നും 12000നും ഇടയിൽ ഭൂരിപക്ഷം ലഭിക്കുമെന്നും പ്രശാന്തിന്റെ ഉറപ്പ്. സാമുദായിക സംഘടനകൾക്കുള്ള മറുപടിയാണ് വട്ടിയൂർക്കാവിലെ ജനങ്ങൾ നൽകിയതെന്നും ജാതിസമവാക്യങ്ങൾ ജനം തള്ളിക്കളഞ്ഞെന്നും നല്ല സ്ഥാനാർത്ഥികളെ നിറുത്തിയാൽ ജനങ്ങൾ സമുദായം നോക്കാതെ വോട്ട് ചെയ്യുമെന്നും പ്രശാന്ത് പറഞ്ഞു.
അതിനിടെ എൽ.ഡി.എഫ് നേതാക്കളായ മാങ്കോട് രാധാകൃഷ്ണനും ജി.ആർ. അനിലും എത്തി ഷാളണിയിച്ച് സ്ഥാനാർത്ഥിയെ അഭിനന്ദിച്ചു. അതിനു ശേഷം മേയറുടെ കാറിൽ വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് മേരീസ് സ്കൂളിന്റെ പുറത്തേക്ക്. ഗേറ്റിനു പുറത്ത് പാർട്ടിക്കൊടികളുമായി കാത്തിരുന്ന പ്രവർത്തകർ വിജയാഹ്ലാദം മുഴക്കി. മൂന്ന് റൗണ്ട് കഴിഞ്ഞതോടെ കൂടുതൽ എൽ.ഡി.എഫ് പ്രവർത്തകർ വിജയമുറപ്പിച്ച് സ്കൂളിനു മുന്നിൽ എത്തിയിരുന്നു. സ്ഥാനാർത്ഥി എത്തിയതോടെ ജയ് വിളികളുമായി പ്രവർത്തകരുടെ ആവേശം. കാറിൽ നിന്ന് ഇറങ്ങിയ പ്രശാന്തിനെ പ്രവർത്തകർ എടുത്തുയർത്തി ആഹ്ലാദം പ്രകടിപ്പിച്ചു. സ്ഥാനാർത്ഥി പുറത്തേക്ക്. അടുത്ത റൗണ്ടിലെ വോട്ടിംഗ് നില ഉച്ചഭാഷിണിയിലൂടെ കേൾക്കാൻ കാത്ത് പ്രവർത്തകർ. പരാജയം ഉറപ്പിച്ച യു.ഡി.എഫ് പ്രവർത്തകർ ഇതിനോടകം സ്കൂളിനു മുന്നിൽ നിന്ന് പോയിരുന്നു. ബി.ജെ.പി പ്രവർത്തകരാകട്ടെ വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ എത്തിയതുമില്ല.
അഞ്ചാം റൗണ്ടിലെ ഫലം പുറത്തുവരുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ലീഡ് 6798. പ്രശാന്തിന്റെ ആകെ വോട്ട് 24361 ൽ എത്തി. ഇതേസമയം മോഹൻകുമാറിന് ലഭിച്ചത് 17563 വോട്ട്. എൻ.ഡി.എ സ്ഥാനാർത്ഥി 10000 കടന്നതും ഈ റൗണ്ടിൽ. അടുത്ത റൗണ്ടിൽ 4500 വോട്ടാണ് എൽ.ഡി.എഫിന് അധികമായി ലഭിച്ചത്. യു.ഡി.എഫിനും എൻ.ഡി.എയ്ക്കും ലഭിച്ചതാകട്ടെ 3000ൽ താഴെയും. പ്രശാന്തിന്റെ ലീഡ് 8397. എൽ.ഡി.എഫിന് കൂടുതൽ ലീഡ് ലഭിച്ചതും ആറാം റൗണ്ടിലാണ്. ഏഴാം റൗണ്ടിൽ ലീഡ് 9556 ആയി. എട്ടാം റൗണ്ടിൽ ലീഡ് 10000 കടന്നതോടെ ഇത്തവണ ഉപതിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ലീഡ് നേടുന്ന സ്ഥാനാർത്ഥിയായി പ്രശാന്ത് മാറി.
ഈ സമയം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാർ ഡിക്ലറേഷൻ ഫോമിൽ ഒപ്പിടാൻ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി. ഒപ്പിട്ടശേഷം പുറത്തുവന്ന് മാദ്ധ്യമങ്ങളെ കണ്ടു. പരാജയം സമ്മതിക്കുന്നതായും ഇലക്ഷൻ പ്രചാരണ പ്രവർത്തനത്തിൽ പല ഘട്ടങ്ങളിലും ജാഗ്രതക്കുറവ് സംഭവിച്ചതായും ആദ്യ പ്രതികരണം. എൻ.എസ്.എസിന്റെ വോട്ടുകൾ ഉറപ്പിക്കുന്നതിൽ നേതൃത്വത്തിന് പിഴവ് പറ്റി. സാമുദായിക വോട്ട് പിടിത്തം ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കി. തൊടുന്യായങ്ങൾ പറഞ്ഞ് പരാജയത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാദ്ധ്യമങ്ങളെ കണ്ടശേഷം മോഹൻകുമാർ പോകാൻ തുടങ്ങുന്നതിനിടെ വി.കെ. പ്രശാന്ത് ഭാര്യയ്ക്കും മകൾക്കുമൊപ്പം വോട്ടിംഗ് കേന്ദ്രത്തിലെത്തി. പ്രശാന്തിനെ ഹസ്തദാനം ചെയ്ത് തോളിൽ തട്ടി അഭിനന്ദിച്ച് മോഹൻകുമാർ. ലീഡ് 12000 കടന്നല്ലേ എന്ന അന്വേഷണം, അതെ എന്ന് സന്തോഷത്തോടെ പ്രശാന്ത്. അഭിനന്ദനങ്ങൾ, വൻവിജയമാണ് എന്ന് ഒരിക്കൽകൂടി കൈകൊടുത്ത് പറഞ്ഞ് മോഹൻകുമാർ. അതിനുശേഷം ഇരുവരും ഫോട്ടോയ്ക്കു പോസ് ചെയ്തു.
സമയം പന്ത്രണ്ട്, മുഴുവൻ റൗണ്ടും എണ്ണിത്തീർന്നപ്പോൾ പ്രശാന്തിന്റെ ലീഡ് 14465. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ തിളക്കമാർന്ന അട്ടിമറി വിജയം നേടി, കഴിഞ്ഞ തവണ മുന്നണി മൂന്നാം സ്ഥാനത്തെത്തിയതിന്റെ ക്ഷീണവും തീർത്ത് നഗരത്തിന്റെ മേയർ ബ്രോ, എം.എൽ.എ ബ്രോ ആയി വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പുറത്തേക്ക്. മേയറുടെ വാഹനം ഗേറ്റിന്റെ ദൂരെനിന്ന് കണ്ടതോടെ ഗേറ്റിൽ ആരവം. ചെങ്കൊടികളും കട്ടൗട്ടുകളുമായി കാത്തുനിന്ന നൂറുകണക്കിന് പ്രവർത്തകർക്കിടയിലേക്ക്. കാറിന് പുറത്തിറങ്ങിയ പ്രശാന്തിനെ പ്രവർത്തകർ പൊതിഞ്ഞു. പിന്നെ നിലം തൊടീച്ചില്ല. തോളിൽ എടുത്തുയർത്തി മുദ്രാവാക്യം വിളികളുമായി പ്രകടനം പുറത്തേക്ക്. ഉച്ചവെയിലിൽ തിളച്ചുമറിഞ്ഞ ആവേശത്തിൽ വട്ടിയൂർക്കാവിന്റെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട നഗരപിതാവ് ജനങ്ങളുടെ സ്നേഹവും കരുതലും തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു പിന്നീട്.