തിരുവനന്തപുരം : വട്ടിയൂർക്കാവ് പിടിച്ചെടുത്ത വി.കെ. പ്രശാന്തെന്ന കരുത്തനെ അക്ഷരാർത്ഥത്തിൽ പ്രവർത്തകർ നെഞ്ചേറ്റുകയായിരുന്നു. വോട്ടണ്ണലിന്റെ ഓരോ ഘട്ടത്തിലും പടിപടിയായി ലീഡ് ഉയർത്തിയതോടെ മേയർ ബ്രോയെന്ന വിളിപ്പേര് മാറ്രി എം.എൽ.എ ബ്രോയെന്ന് അവർ ആർപ്പുവിളിച്ചു. വിജയം ഉറപ്പിച്ചതോടെ പ്രിയപ്പെട്ട വി.കെ.പിയെ തോളിലേറ്റിയാണ് പ്രവർത്തകർ ആഹ്ലാദം പങ്കുവച്ചത്. ഇന്നലെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ വോട്ടെണ്ണൽ കേന്ദ്രമായ പട്ടം സെന്റ് മേരീസിന് പുറത്ത് പൊലീസുകാരും മാദ്ധ്യമങ്ങളും വിരലിലെണ്ണാവുന്ന പ്രവർത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. പോസ്റ്റൽ ബാലറ്റിന് പിന്നാലെ ആദ്യ രണ്ട് റൗണ്ടുകളിലും ലീഡ്
നിലനിറുത്തിയതോടെ പ്രവർത്തകർ ചെങ്കൊടിയുമായെത്തി.
ലീഡ് വർദ്ധിക്കുന്നത് മൊബൈൽ ഫോണിലൂടെ അറിഞ്ഞ അവർ ധീര സഖാവേ... വീരസഖാവേയെന്ന് മുദ്രാവാക്യം വിളി തുടങ്ങി. ഭൂരിപക്ഷം 2500കടന്നതോടെ കേന്ദ്രത്തിന് പുറത്ത് പ്രവർത്തകരുടെ എണ്ണം വർദ്ധിച്ചു. പ്രാദേശിക നേതാക്കളും കൗൺസിലർമാരുമെല്ലാം വന്നു.
തുടർന്ന് 10.15 ഓടെ പ്രശാന്ത് പ്രവർത്തകരെ കാണാൻ റോഡിലെത്തി. വിജയത്തിലേക്ക് കുതിക്കുന്ന പ്രശാന്തിനെ തോളിലേറ്റി അവർ ആഹ്ലാദം പങ്കുവച്ചു. ഒടുവിൽ ഒപ്പമുണ്ടായിരുന്നവർ ഏറെ പണിപ്പെട്ടാണ് പ്രശാന്തിനെ തിരിച്ച് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. നിമിഷ നേരത്തിനുള്ളിൽ പട്ടം സെന്റ് മേരീസിനു മുന്നിലെ റോഡ് പ്രവർത്തകരെ കൊണ്ട് നിറഞ്ഞു. സ്കൂൾ ഗേറ്റ് പൊലീസ് അടച്ചു.
പത്തരയോടെ വിജയം ഉറപ്പിച്ചതോടെ സ്കൂളിന് മുന്നിൽ വെടിക്കെട്ട് തുടങ്ങി. മാലപ്പടക്കം, പൂത്തിരി, വിവിധ നിറങ്ങളിലുള്ള കമ്പിത്തിരികൾ, അമിട്ട് തുടങ്ങിയവ കത്തിച്ചായിരുന്നു ആഘോഷം. തുടർന്ന് ഓരോ തവണ ഭൂരിപക്ഷം പ്രഖ്യാപിക്കുമ്പോഴും വെടിക്കെട്ട്. വോട്ടെണ്ണൽ പൂർത്തിയായതോടെ ആദ്യ സംഘം ബൈക്ക് റാലി തുടങ്ങി.
വിജയം ഉറപ്പിച്ച ശേഷം 12.50 ഓടെ സ്കൂളിന് അകത്ത് നിന്ന് കാറിലാണ് പ്രശാന്ത് പുറത്തേക്ക് വന്നത്. കാർ പുറത്തിറങ്ങുന്നതിന് വേണ്ടി പൊലീസ് ഗേറ്റുകൾ തുറന്നപ്പോഴേക്കും പ്രവർത്തകർ ആർത്തലച്ച് ഇരച്ചു കയറി. മതിൽ കെട്ടുകളും ചാടിക്കടന്ന് അവർ പ്രശാന്തിന്റെ കാറിനു ചുറ്റുമെത്തി. ഇതോടെ വിജയശ്രീലാളിതൻ പുറത്തേക്ക്. തുടർന്ന് പ്രശാന്തിന്റെ കാലുകൾ നിലത്തു മുട്ടാൻ പ്രവർത്തകർ അനുവദിച്ചില്ല. ഷാളും ഹാരവും അണിയിച്ചു. മധുരം നൽകി. മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെ തുറന്ന ജീപ്പിലേക്ക്. നേരെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. ശേഷം എ.കെ.ജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണനെയും അവിടെ നിന്ന് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി മറ്റ് നേതാക്കളെയും സന്ദർശിച്ചു. തുടർന്ന് മണ്ഡലത്തിലൂടെ നന്ദി പര്യടനം നടത്തി.