തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ ദർശനത്തിനു ശേഷം ഇന്നലെ രാവിലെ 8ന് വട്ടിയൂർക്കാവിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ എസ്. സുരേഷ് വോട്ടെണ്ണൽ കേന്ദ്രമായ പട്ടം സെന്റ്മേരീസ് സ്കൂളിലെത്തി. പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം അല്പ നേരം വോട്ടെണ്ണൽ കേന്ദ്രത്തിൽ. തുടർന്ന് 8.45ന് സ്റ്റാച്യു ട്യൂട്ടേഴ്സ് ലെയിനിലെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമായതിനാൽ മാദ്ധ്യമപ്രവർത്തകർ ഒന്നടങ്കം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയിരുന്നു. നാമമാത്രമായ പ്രവർത്തകർ മാത്രമാണ് ബി.ജെ.പി ഓഫീസിലുണ്ടായിരുന്നത്.
ആദ്യ റൗണ്ടിൽ തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് ലീഡുയർത്തിയത് അക്ഷമയോടെയാണ് സുരേഷ് ടെലിവിഷനിൽ കണ്ടത്. അല്പ നേരത്തിനുള്ളിൽ സ്ഥാനാർത്ഥിയുടെ ഭാര്യ അഞ്ജനാദേവിയും മകൾ പ്രപഞ്ജനയും വോട്ടെണ്ണൽ വീക്ഷിക്കാൻ ഓഫീസിലെത്തി. ഓരോ റൗണ്ട് കഴിയുമ്പോഴും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ലീഡ് ഉയരുന്നത് ആശങ്കയുയർത്തിയെങ്കിലും പ്രതീക്ഷയോടെയായിരുന്നു സുരേഷ് വോട്ടെണ്ണൽ വീക്ഷിച്ചത്.
എൽ.ഡി.എഫിന്റെ ലീഡ് വർദ്ധിക്കുമ്പോൾ മുഖത്ത് നിരാശ പ്രകടമായിരുന്നു. ബി.ജെ.പിക്ക് സ്വാധീനമുള്ള ബൂത്തുകളിലെ വോട്ടെണ്ണിയപ്പോൾ ഒരുതവണ രണ്ടാം സ്ഥാനത്ത് വന്നതിന്റെ നേരിയ ആശ്വാസം മുഖത്തുണ്ടായിരുന്നു. എന്നാൽ ആശ്വസിക്കാൻ വകനൽകാതെ എൻ.ഡി.എ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് . വോട്ടെണ്ണലിന്റെ ഓരോ റൗണ്ട് കഴിയുമ്പോഴും വോട്ടർമാരുടെ കണക്കുകളടങ്ങിയ ലിസ്റ്റും മറ്റും സ്ഥാനാർത്ഥി വിലയിരുത്തുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഫോണിൽ നേതാക്കളോട് മറുപടി പറഞ്ഞശേഷം നിരാശയോടെ വീണ്ടും വോട്ടെണ്ണൽ ഫലം വീക്ഷിക്കുന്നു. പരാജയം ഉറപ്പായതോടെ, സംസ്ഥാന പ്രസിഡന്റുമായി കൂടിയാലോചിച്ച ശേഷം പ്രതികരിക്കാമെന്നു പറഞ്ഞ് അകത്തേക്കുപോയി.
2011ലാണ് വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലം രൂപീകൃതമായത്. തുടർന്ന് രണ്ട് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വിജയിക്കുകയും എൻ.ഡി.എ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് 43700 വോട്ട് ലഭിച്ച സ്ഥാനത്ത് എസ്. സുരേഷിന് 27453 വോട്ട് മാത്രം.