തിരുവനന്തപുരം: കണ്ണേ കരളേ പ്രശാന്തേ, വട്ടിയൂർക്കാവ് ചുവപ്പിച്ചവനേ ആയിരമായിരം അഭിവാദ്യങ്ങൾ, നൂറ് നൂറ് ലാൽസലാം... വട്ടിയൂർക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ എ.കെ.ജി സെന്ററിലേക്കെത്തിയ മേയർ വി.കെ. പ്രശാന്തിനെ വരവേറ്റത് നൂറുകണക്കിന് യുവതീ-യുവാക്കളുടെ ഈ മുദ്രാവാക്യം വിളികളായിരുന്നു.രണ്ട് മണിയോടെ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ക്ളിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച വൈകിയതിനാൽ 30 മിനിട്ട് താമസിച്ചാണ് പ്രശാന്ത് സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിലെത്തിയത്.
ഔദ്യോഗിക വാഹനം ഒഴിവാക്കി മാരുതി സ്വിഫ്റ്റ് ഡിസൈറിൽ പ്രശാന്ത് എ.കെ.ജി സെന്ററിന് മുന്നിലെത്തിയതും കാതടപ്പിക്കുന്ന ശബ്ദത്തോടെ പടക്കങ്ങൾ പൊട്ടി.കാറിൽ നിന്ന് പ്രശാന്ത് ഇറങ്ങിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. നമ്മുടെ മേയർ ബ്രോ ഇനി എം.എൽ.എ ബ്രോയെന്ന മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ പ്രശാന്തിനെ എടുത്തുയർത്തി ആഹ്ലാദം പങ്കിട്ടു. പ്രവർത്തകരുടെ തോളിൽ ഇരുന്ന് പ്രശാന്ത് കൈവീശി നന്ദി പറഞ്ഞു.തുടർന്ന് പ്രശാന്തും സംഘവും എ.കെ.ജി സെന്ററിലേക്ക്. സെൽഫിയെടുക്കാൻ പ്രവർത്തകർ തിക്കിത്തിരക്കി. ഒന്നാംനിലയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാത്ത് അദ്ദേഹത്തിന്റെ മുറിക്ക് മുന്നിൽ നിൽക്കുന്നതിനിടെ പടികൾ കയറി ഓടിയെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രശാന്തിനെ കെട്ടിപ്പിടിച്ച് ഷാളണിയിച്ചു.
പിന്നെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതുകണ്ടുകൊണ്ടാണ് കോടിയേരിയും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും മുറിയിൽ നിന്നിറങ്ങിവന്നത്. ആഹാ പ്രശാന്തിനെ കടന്നപ്പള്ളി ഏറ്രെടുത്തോയെന്ന് കോടിയേരിയുടെ ചോദ്യത്തിന് ഏറ്റെടുത്തല്ലോയെന്ന് മറുപടി. തുടർന്ന് കൈയിലുണ്ടായിരുന്ന റോസപ്പൂവ് കടന്നപ്പള്ളി കോടിയേരിക്ക് കൊടുത്തു. നേതാക്കളെല്ലാവരും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസുചെയ്തു. താഴെയെത്തിയശേഷം പ്രശാന്തിനെ കോടിയേരി ചുവന്ന റിബൺമാല അണിയിച്ചു. അപ്പോഴേക്കും സി.പി.എം സിന്ദാബാദ്, എൽ.ഡി.എഫ് സിന്ദാബാദ് മുദ്രാവാക്യം വിളികൾ ഉച്ചസ്ഥായിയിലായി. എല്ലാവരോടും യാത്ര പറഞ്ഞ് പ്രശാന്ത് കാറിൽ കയറിയതോടെ പ്രവർത്തകർ കോടിയേരിക്കൊപ്പം സെൽഫിയെടുക്കുന്ന തിരക്കിലായി.