തിരുവനന്തപുരം : രാവിലെ എട്ടു മണിയോടെ നാലാഞ്ചിറയിലെ വീട്ടിൽ നിന്നും വോട്ടെണ്ണൽ കേന്ദ്രമായ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാർ എത്തുമ്പോൾ പ്രവർത്തകർ പറഞ്ഞു, 'സാർ ധൈര്യമായിരിക്കണം. നമ്മൾ ജയിക്കും."
വോട്ടെണ്ണൽ തുടങ്ങും മുൻപ് ഒരല്പനേരം പ്രവർത്തകർക്കൊപ്പം ഇരുന്നു കാര്യങ്ങൾ വിലയിരുത്തി. പതിന്നാല് ടേബിളുകളിൽ തയ്യാറാക്കിയ വോട്ടിംഗ് മെഷീനുകളിൽ നിന്നു പുറത്തുവന്ന ആദ്യഫലം പ്രതീക്ഷയ്ക്ക് വക നൽകുന്നതായിരുന്നില്ല. തുടക്കത്തിൽ തന്നെ വി.കെ. പ്രശാന്തിന് ലീഡ് ഉയരുന്നു. ആദ്യ ഫലസൂചനകൾ തന്നെ പ്രതീക്ഷയ്ക്ക് അപ്പുറത്തേക്ക് നീങ്ങിയപ്പോൾ ചിരിച്ച മുഖത്തോടെ അദ്ദേഹം പറഞ്ഞു, 'ലീഡ് നില മാറിവരും.. കാര്യങ്ങൾ നടക്കട്ടെ". പ്രവർത്തകരോട് യാത്ര പറഞ്ഞ് അദ്ദേഹം കെ.പി.സി.സി ആഫീസിലേക്ക് പോകാനിറങ്ങി.
ഇന്ദിരാഭവനിലെത്തുമ്പോൾ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുറിയിൽ ടെലിവിഷനിൽ ഫലം കാണുകയായിരുന്നു കൊടിക്കുന്നിൽ സുരേഷ് എം.പി. അദ്ദേഹത്തിനൊപ്പമിരുന്ന് മോഹൻകുമാറും ഫലസൂചനകൾ കണ്ടു. അല്പനേരം കഴിഞ്ഞപ്പോൾ പാലോട് രവിയുമെത്തി. ഇതിനിടെ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് പ്രസാദം വാങ്ങാനായി ഡ്രൈവറെ ഏല്പിച്ചു. മറ്റു മണ്ഡലങ്ങൾ മാറിയും മറിഞ്ഞും യു.ഡി.എഫ് ലീഡ് ചെയ്യുമ്പോൾ വട്ടിയൂർക്കാവിൽ മാത്രം ലീഡ് നില മാറുന്നില്ല. ഉള്ളിൽ ഉയരുന്ന ആശങ്ക മാറ്റിവച്ച് മുഖത്ത് ചിരിവരുത്തിയാണ് മൂവരും ടെലിവിഷനു മുന്നിൽ ഇരുന്നത്. കുടിക്കാൻ ചൂടുവെള്ളം വേണമെന്ന് സഹായിയോട് മോഹൻകുമാർ പറഞ്ഞു. കൊണ്ടുവന്ന ചായ രണ്ടുകവിൾ കുടിച്ചു. മൂവരും ടെലിവിഷൻ കാണുന്നത് പകർത്താൻ ചാനൽ കാമറകൾ മുൻപിൽ നിരന്നുകഴിഞ്ഞു.
ലീഡ് 4000 കടന്നപ്പോൾ ചാനലുകളിൽ പ്രശാന്ത് ആദ്യപ്രതികരണം നടത്തി. അതുകണ്ട് ചിരിയോടെ മോഹൻകുമാർ എണീറ്റു, കൗണ്ടിംഗ് സ്റ്റേഷൻ വരെ പോകണമെന്ന് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞു. ഇപ്പോൾ പോകേണ്ടെന്ന് പറഞ്ഞ് പാലോട് രവി വിലക്കി. പ്രശാന്തിന്റെ ലീഡ് കൂടിവരുന്നത് കണ്ട മാദ്ധ്യമപ്രവർത്തകർ പ്രതികരിക്കാമോ എന്ന് മോഹൻകുമാറിനോട് ചോദിച്ചു. ആവാമെന്ന് മറുപടി. ഈ പരാജയം പ്രതീക്ഷിച്ചതാണെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞു. മുരളീധരൻ രാജിവച്ചതു മുതലുള്ള 120 ലധികം ദിവസമെടുത്താണ് ഇടതുപക്ഷം പ്രചാരണം നടത്തിയത്. പ്രശാന്തിനെ കൂടുതൽ സജീവമാക്കി നിറുത്തി. എന്നാൽ തനിക്ക് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം വെറും 28 ദിവസം മാത്രമാണ് ലഭിച്ചതെന്നും പ്രവർത്തനത്തിലെ മുന്നേറ്റക്കുറവ് പരാജയകാരണമായെന്നും അദ്ദേഹം പറഞ്ഞു.
പരാജയം ഉറപ്പായിട്ടും അദ്ദേഹം കൗണ്ടിംഗ് സ്റ്റേഷനിലേക്ക് പോകാനിറങ്ങി. കോൺഗ്രസ് നേതാവ് വണ്ടന്നൂർ സന്തോഷും ഒപ്പമുണ്ടായിരുന്നു. കൗണ്ടിംഗ് സ്റ്റേഷന്റെ മുന്നിൽ കാറെത്തിയപ്പോൾ ദൃശ്യം പകർത്താനായി കാമറാമാൻമാരെത്തി. ശേഷം ഗേറ്റ് കടന്ന് കാർ അകത്തേക്ക് പോയപ്പോൾ വെളിയിലുണ്ടായിരുന്ന ഇടത് പ്രവർത്തകരിൽ ചിലർ കൂവി. കാറിൽ നിന്നിറങ്ങി അവരുടെ അടുത്തെത്തിയ മോഹൻകുമാർ പറഞ്ഞു, 'തിരഞ്ഞെടുപ്പിൽ വിജയവും പരാജയവും സ്ഥിരമാണ്. തോറ്റവനെ കൂവി തോല്പിക്കുന്നത് പഴയരീതിയല്ലേ, അത് നമുക്ക് മാറ്റേണ്ട സമയമായില്ലേ". - കൂവൽ അവസാനിച്ചപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് കാറിലേക്ക് കയറി.
കൗണ്ടിംഗ് സ്റ്റേഷനിലുണ്ടായിരുന്ന വി.കെ. പ്രശാന്തിന് ഹസ്തദാനം ചെയ്ത് ആശംസകൾ അറിയിച്ചു. ഇരുവരും ചേർന്നുനിന്നുള്ള ഫോട്ടോ ഇരു പാർട്ടികളുടെയും പ്രവർത്തകർ മൊബൈലിൽ പകർത്തി. തുടർന്ന് കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി പറഞ്ഞ് തിരികെ ഇറങ്ങി. ഗേറ്റിലുണ്ടായിരുന്ന ഇടതു പ്രവർത്തകർക്ക് കൈവീശി നേരെ ഡി.സി.സി ഓഫീസിലേക്ക്. അവിടെയുണ്ടായിരുന്ന പാർട്ടി പ്രവർത്തകർക്കൊപ്പം സെൽഫി എടുത്ത് ശേഷം കാറിൽ തിരികെ വീട്ടിലേക്ക് ...