കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെയും അന്വേഷണം വേണമെന്ന് വിജിലൻസ് ഹെെക്കോടതിയിൽ പറഞ്ഞു. കരാറുകാരന് മുൻകൂർ തുക നൽകിയതിലാണ് അന്വേഷണം. ഇതുസംബന്ധിച്ച് സർക്കാരിന് വിജിലൻസ് കത്ത് നൽകി. പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടിയത്.
മൊബിലൈസേഷൻ അഡ്വാൻസ് ആയി കരാറുകാർക്ക് അനുവദിച്ചതിൽ മന്ത്രിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് അനുമതി തേടിയത്. മന്ത്രിയുടെ പേര് പറഞ്ഞു കൊണ്ടു തന്നെയാണ് ഹൈക്കോടതിയിലെ റിപ്പോർട്ട്. എട്ടേകാൽ കോടി മുൻകൂറായി അനുവദിച്ച് ഉത്തരവിറക്കിയതിലാണ് മന്ത്രിക്കെതിരായി അന്വേഷണം. പൊതുമരാമത്തു മുൻ സെക്രട്ടറി ടി.ഒ സൂരജ് അടക്കം മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്.
കരാറുകാർക്ക് തുക അനുവദിച്ചതിൽ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് സംബന്ധിച്ച് വിജിലൻസിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. മന്ത്രി എന്ന നിലയിലുള്ള പങ്ക് അന്വേഷിക്കാൻ നേരത്തെ വിജിലൻസ് സർക്കാരിണ്ഡന്റ അനുമതി തേടിയിരുന്നു. ഇതുവരെ നടന്നത് പൊതുവായ അന്വേഷണമെന്ന നിലപാടിലാണ് ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം കൂടുതൽ ശക്തമാക്കാൻ വിജിലൻസ് നീങ്ങുന്നത്.