hariyana-election

ന്യൂഡൽഹി: ഹരിയാനയിൽ കേവല ഭൂരിപക്ഷം നേടാനാവത്തതിന്റെ അങ്കലാപ്പിലാണ് ബി.ജെ.പി. വാശിയേറിയ മത്സരത്തിലും, ദേശീയതയും രാജ്യസുരക്ഷയും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇളക്കി മറിച്ച് പ്രചരണം നടത്തിയിട്ടും ഭൂരിപക്ഷം തൊടാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. 90 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 46 സീറ്റുകൾ ഭരണകക്ഷിയായ ബി.ജെ.പിക്കും ലഭിക്കാതിരുന്നതോടെയാണ് ഹരിയാനയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് കളമൊരുങ്ങിയത്.

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി ഏത് വിധേനയും സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിലാണ്. കോൺഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിൽ ഹരിയാനയിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നപ്പോൾ മഹാരാഷ്ട്രയിൽ ബി.ജെ.പിയും ശിവസേനയും ചേർന്ന് ഭൂരിപക്ഷം തികച്ച് അധികാരം നിലനിറുത്തി. എന്നാൽ, കോൺഗ്രസിനെ വെട്ടാൻ സ്വതന്ത്രരുടേയും ജെ.ജെ.പിയുടേയും പിന്തുണ നേടാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്.

hariyana-election

മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യുന്നവർക്കൊപ്പം സഖ്യത്തിന് തയ്യാറാണെന്ന് ജെ.ജെ.പി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ആ വഴിക്കും ബി.ജെ.പി ശ്രമം ശക്തമാക്കുന്നുണ്ട്. എന്നാൽ,ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്നാണ് ജെ.ജെ.പിയുടെ നിലപാട്. അതേസമയം, മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതവുമായ ഭൂപീന്ദർ ഹൂഡയുടെ അപ്രതീക്ഷിത വിജയം കോൺഗ്രസിന് നേട്ടമായി.

40 സീറ്റുകൾ ബി.ജെ.പി നേടിയപ്പോൾ 31 ഇടത്ത് കോൺഗ്രസ് വിജയിച്ചു. ഇതിൽ നാല് പേര്‍ ബി.ജെ.പിയുടെ വിമതരാണ്. 7 സ്വതന്ത്രന്മാരാണ് സംസ്ഥാനത്ത് വിജയിച്ചത്. 11 മാസങ്ങൾക്ക് മുമ്പ് രൂപികരിച്ച ദുഷ്യന്ത് ചൗട്ടാലയുടെ ജെ.ജെ.പിയാണ് ഹരിയാനയിൽ കിംഗ് മേക്കറായിരിക്കുന്നത്. ജെ.ജെ.പിയുടെ നിലപാട് അനുകൂലമായേക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ പരമാവധി സ്വതന്ത്രരെ ഒപ്പം നിറുത്താനുള്ള തന്ത്രങ്ങൾ ബി.ജെ.പി ഒരുക്കുകയാണ്.

hariyana-election

എന്നാൽ, തനിക്ക് നേരത്തേ സമയം തന്നിരുന്നുവെങ്കിൽ കോൺഗ്രസിന്റെ ഭൂരിപക്ഷം വർദ്ധിപ്പിച്ചേനെ എന്നായിരുന്നു ഭൂപീന്ദർ ഹൂഡ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ദുഷ്യന്ത് ചൗട്ടാലയെ മുഖ്യമന്ത്രിയാക്കി ബി.ജെ.പിയെ ഭരണത്തിൽ നിന്ന് മാറ്റിനിറുത്താൻ തയ്യാറെന്ന് ആണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഇതുസംബന്ധിച്ച് ഹൂഡ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കർഷകദുരിതവും തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവുമാണ് ഹരിയാന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് വ്യക്തം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും റാലികളിൽ ആവേശത്തോടെ പറഞ്ഞവിഷയങ്ങളാണ് പാളിയത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളിലെ തമ്മിലടിയില്ലായിരുന്നെങ്കിൽ മനോഹർലാൽ ഖട്ടർ നയിച്ച ബി.ജെ.പിയുടെ സ്ഥിതി മറ്റൊന്നായേനെ.