k-mohankumar

തിരുവനന്തപുരം: തനിക്ക് നേരെ കൂവിയ എൽ.ഡി.എഫ് പ്രവർത്തകരുടെ വായടിപ്പിച്ച് വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാർ. വോട്ടെണ്ണൽ കേന്ദ്രമായ പട്ടം സെന്റ് മേരീസ് സന്ദർശിച്ച തന്നെ കൂവലുമായി എതിരേറ്റ സി.പി.എം പ്രവർത്തകരോടായിരുന്നു മോഹൻകുമാറിന്റെ മറുപടി.

മോഹൻകുമാറിന്റെ വാഹനം ഗേറ്റിനടുത്തെത്തിയപ്പോഴേക്കും ആഹ്ലാദാരവം മുഴക്കി കാത്തുനിന്ന പ്രവർത്തകർ കൂവലുമായി വാഹനത്തെ വളഞ്ഞു. വാഹനം തടഞ്ഞു നിർത്തി കൂവാൻ ശ്രമിച്ചവരെ സിപിഎം കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.

യുഡിഎഫിന് മേൽക്കൈയുള്ള മണ്ഡലങ്ങൾ എണ്ണിക്കഴിഞ്ഞപ്പോൾ 7000 വോട്ടുകൾക്ക് പ്രശാന്ത് ലീഡ് ചെയ്യുന്നു എന്നറിഞ്ഞ ശേഷമാണ് മോഹൻകുമാർ സെന്റ് മേരീസിലേക്ക് എത്തിയത്. കൂവലിന്റെ അകമ്പടിയോടെ അകത്തു കടന്ന വാഹനം പത്തടി കഴിഞ്ഞ് നിന്നു. യുഡിഎഫ് സ്ഥാനാർഥി മോഹൻകുമാർ പുറത്തിറങ്ങി. നടന്നുവന്നു കൂവിയ പ്രവർത്തകർക്ക് കൈ കൊടുത്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു-

''ഞാൻ അഡ്വ. മോഹൻ കുമാർ. ഇവിടത്തെ തോറ്റ സ്ഥാനാർത്ഥിയാണ്. വണ്ടിയിൽ തട്ടാനും ഒച്ചവയ്ക്കാനും ഞാനൊരു സാമൂഹിക വിരുദ്ധനല്ല. ജയവും തോൽവിയും തിരഞ്ഞെടുപ്പിൽ സ്വാഭാവികമാണല്ലോ. ഇത്തവണ തോറ്റുപോയി. എന്നുകരുതി പിടിച്ചു നിർത്തി കൂവുന്നതൊക്കെ പഴയ ശൈലിയല്ലേ? ആരു തോറ്റാലും നിങ്ങളെപ്പോലുള്ള ചെറുപ്പക്കാർ ഇതു ചെയ്യരുത്''. കൂവിയവർക്ക് പിന്നെ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. പിടിച്ചു നിർത്തി കൂവിയതിനു പകരം പ്രവർത്തകർ നിശബ്ദം വഴിയൊഴിഞ്ഞു കൊടുക്കുന്നതാണ് പിന്നെ കണ്ടത്. കൂവിയർക്ക് നേരെ കൈവീശി ഒരു പുഞ്ചിരിയും നൽകിയാണ് മോഹൻകുമാർ മടങ്ങിയത്.