കുളത്തൂർ: ഇൻഫോസിസ് ജീവനക്കാരിയും ആലപ്പുഴ കുട്ടനാട് സ്വദേശിയുമായ യുവതിയെ പൊതുസ്ഥലത്തുവച്ച് കടന്നുപിടിച്ച മദ്രസ അദ്ധ്യാപകൻ പിടിയിലായി. കഴക്കൂട്ടത്തിന് സമീപത്തെ മദ്രസയിലെ അദ്ധ്യാപകനും കഴക്കൂട്ടം സൈനിക സ്‌കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് സാദിഖ് (34) ആണ് പിടിയിലായത്. ടെക്നോപാർക്കിലെ യുവതികളെ ബൈക്കിലെത്തി കടന്നുപിടിച്ച ശേഷം രക്ഷപ്പെടുന്നത് ഇയാൾ പതിവാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ബൈക്കിന്റെ നമ്പർ വച്ച് യുവതി നൽകിയ പരാതിയിന്മേൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ചോദ്യം ചെയ്തതിൽ നിന്നും ഇയാൾ സ്ഥിരമായി സന്ധ്യയ്ക്ക് ടെക്നോപാർക്കിനു സമീപമെത്തി ഒറ്റയ്ക്ക് നടന്നുപോകുന്നതോ ബസ് കാത്തുനിൽക്കുന്നതോ ആയ യുവതികളെ ഉപദ്രവിച്ച് രക്ഷപെടാറുണ്ടെന്ന് മനസ്സിലായതായി പൊലീസ് പറഞ്ഞു. തുമ്പ എസ്.എച്ച്.ഒ ചന്ദ്രകുമാർ, എസ്.ഐമാരായ വി.എം.ശ്രീകുമാർ, ഉമേഷ്, സി.പി.ഒ മാരായ പ്രസാദ് , ഷാജിമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.