പോത്തൻകോട്: ഒരു നേരത്തെ ഭക്ഷണമെങ്കിലും ഹോട്ടലുകളിൽ നിന്നും ബേക്കറികളിൽ കഴിക്കാത്തവരായി നമ്മൾ ആരുമുണ്ടാകില്ല. നല്ല രുചിയും വ്യത്യസ്തമാർന്ന ഭക്ഷണ വിഭവം തേടിയൊക്കെയാണ് നമ്മൾ ഇത്തരത്തിലുള്ള ഹോട്ടലുകളിൽ ചെല്ലുന്നത്. എന്നാൽ ഇവിടെയൊക്കെയുള്ള വൃത്തിയും ശുചിത്വത്തെ കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം പോത്തൻകോടിൽ ആരോഗ്യവകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. പഴകിയ ഭക്ഷണങ്ങൾ സൂക്ഷിച്ച ഹോട്ടലുകളിലും വൃത്തിഹീനമായി ഭക്ഷണം പാകം ചെയ്യുന്ന ഹോട്ടലുകളിലും ചെന്ന ആരോഗ്യവകുപ്പ് വൻ പിഴയാണ് ഇടാക്കിയത്.
പുത്തൻതോപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ ശശിയുടെ നേതൃത്വത്തിൽ തോന്നയ്ക്കൽ, മംഗലപുരം, പുതുക്കുറുച്ചി, അണ്ടൂർക്കോണം, വേളി പി.എച്ച്.സിയിലെ ഉദ്യോഗസ്ഥരടക്കം 15 അംഗ സംഘമാണ് സംയുക്ത പരിശോധനയ്ക്കെത് തിയത്. കീർത്തി ബേക്കറിയിലേക്ക് പലഹാരങ്ങൾ ഉണ്ടാക്കുന്ന ബോർമയിൽ 25 കിലോ കേക്കും 15 കിലോ ക്രീമും പഴകിയ എണ്ണയും അടക്കമുള്ള സാധനങ്ങൾ കണ്ടെത്തി നശിപ്പിച്ചു.
അഴുക്കു നിറഞ്ഞ പെയിന്റു ബക്കറ്റുകളിലാണ് ചേരുവകളും ക്രീമും സൂക്ഷിച്ചിരുന്നത്. പാകമായ കേക്കുകൾ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. പാചകം ചെയ് യുന്നതിനു സമീപമാണ് ശുചിമുറി. ജീവനക്കാർ കയ്യുറ ഉപയോഗിക്കാത്തതും അധികൃതർ ചൂണ്ടിക്കാട്ടി. ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന ബെസ്റ്റ് ബേക്കറിയിലും അവരുടെ ഗോഡൗണിലുമായി സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ 250 കവർപാലും കണ്ടെത്തി നശിപ്പിച്ചു. കുമാർ ബേക്കറിയുടെ ബോർമയിലും വൃത്തിഹീനമായ സാഹചര്യം കണ്ടെത്തി. ഭക്ഷണ പാനീയങ്ങളിൽ നിറത്തിനും മണത്തിനും രുചിക്കും ചേർക്കുന്ന രാസപദാർഥങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനു നൽകിയതായും തുടർ പരിശോധനകൾ ഉണ്ടാകുമെന്നും സൂപ്പർവൈസർ അറിയിച്ചു.