
കൊല്ലം: വിവാഹം കഴിഞ്ഞ പതിനാറുകാരി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ സംഭവത്തിൽ ഞെച്ചിക്കുന്ന വൻ ട്വിസ്റ്റ്. സംഭവത്തിൽ കാമുകനെയും പെൺകുട്ടിയുടെ അമ്മയെയും പരാതി നൽകിയ ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് പതിനെട്ടു വയസു പൂർത്തിയാകാതെ വിവാഹം കഴിപ്പിച്ചതിനെ തുടർന്നാണ് മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തിയത്.
തേവലക്കര സ്വദേശിനിയായ പെൺകുട്ടിയുടെ വിവാഹം ഒരു മാസം മുൻപാണ് കോയിവിള സ്വദേശിയായ 30കാരനുമായി നടത്തിയത്. ഭർത്താവുമായി പിണങ്ങി ദിവസങ്ങൾക്ക് മുൻപ് സ്വന്തംവീട്ടിലെത്തിയ പെൺകുട്ടി മൈനാഗപ്പള്ളി സ്വദേശിയായ കാമുകനുമായി താമസം തുടങ്ങി. ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ഭർത്താവ് തെക്കുംഭാഗം പൊലീസിനു പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ പ്രായം മറച്ചു വച്ചാണ് അമ്മ വിവാഹം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.