k-surendran

പത്തനംതിട്ട: കോന്നിയിലെ തിരഞ്ഞെടുപ്പ് ഫലം വൻ തിരിച്ചടിയാണ് ബി.ജെ.പിക്കുണ്ടാക്കിയത്. ശബരിമല പ്രചാരണം ലക്ഷ്യംവച്ച് മഞ്ചേശ്വരത്ത് നിന്നും കോന്നിക്ക് വണ്ടികയറിയ സുരേന്ദ്രന് വൻ തിരിച്ചടിയാണുണ്ടാക്കിയത്. രണ്ടാംസ്ഥാനത്ത് പോലും പിടിച്ചുനിൽക്കാൻ സുരേന്ദ്രനു സാധിച്ചില്ല. ഇടത് സ്ഥാനാർത്ഥി കെ.യു ജനീഷ് കുമാർ 54099 വോട്ടുകൾ നേടിയപ്പോൾ യു.ഡി.എഫിന് 44146 വോട്ടുകളാണ് നേടിയത്. എന്നാൽ,​ ബി.ജെ.പിക്കാകട്ടെ ആകെ നേടാൻ കഴിഞ്ഞത് 39786 വോട്ടുകൾ മാത്രമാണ്.

അതേസമയം, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 16000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ, ഇപ്പോൾ നാൽപതിനായിരം വോട്ടുകൾ നേടി. ബി.ജെ.പിക്ക് രണ്ട് ശതമാനത്തിന്റെ കുറവ് മാത്രമേ ഉള്ളൂവെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. "ഇത്രയൊക്കെ പരിശ്രമിച്ചിട്ടും കോന്നിയിൽ ഇടതുമുന്നണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വെറും 2024 വോട്ടുമാത്രമാണ് അധികം നേടാനായത്. ബി. ജെ. പിയ്ക്കാകട്ടെ ഇരുപത്തിമൂവായിരത്തിലധികം വോട്ടാണ് വർദ്ധിച്ചത്". കോന്നിയിലെ പരാജയത്തിന് പിന്നാലെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ ഉദ്ധരിച്ച് സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്‌റ്റാണിത്.

എന്നാൽ, തോറ്റുമടങ്ങാൻ സുരേന്ദ്രൻ തയ്യാറല്ല എന്നാണ് സുരേന്ദ്രനോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മഞ്ചേശ്വരത്ത് പുറത്തെടുത്ത പ്ലാൻ ബിയുമായി മടങ്ങിവരാനൊരുങ്ങുകയാണ് കെ.സുരേന്ദ്രൻ. കേരളത്തിലെ ബി.ജെ.പി ശക്തി കേന്ദ്രങ്ങളിലൊന്നാണ് മ‌ഞ്ചേശ്വരം. മഞ്ചേശ്വരത്ത് വീടെടുത്ത് താമസം തുടങ്ങി മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായി. കന്നഡ ഭാഷ പഠിച്ച്, വേദിയിൽ പ്രസംഗിച്ച് കയ്യടി നേടി. പിന്നീടങ്ങോട്ട് തനി മഞ്ചേശ്വരത്തുകാരൻ തന്നെയായി.

കോന്നിയിലും മ‌ഞ്ചേശ്വരത്ത് നടത്തിയ അതേരീതി തന്നെ നടപ്പാക്കൊനൊരുങ്ങുകയാണ് സുരേന്ദ്രൻ എന്നാണ് റിപ്പോർട്ടുകൾ. കോന്നിയിൽ വീടെടുക്കാൻ സുരേന്ദ്രൻ തീരുമാനിച്ചിട്ടുണ്ട്. ആഴ്ചയിൽ ചുരുങ്ങിയത് രണ്ട് ദിവസം മണ്ഡലത്തിൽ ഉണ്ടാകുമെന്നാണ് സുരേന്ദ്രനോടടുത്ത വൃത്തങ്ങൾ പറയുന്നത്. പ്രവർത്തകർ സുരേന്ദ്രനായി വീട് നോക്കാനും തീരുമാനിച്ചിട്ടുണ്ട്. .