kaumudy-news-headlines

1. മരട് ഫ്ളാറ്റ് പൊളിക്കാനുള്ള ഉത്തരവില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് സുപ്രീം കോടതി. ഉത്തരവില്‍ ഒരു വരി പോലും മാറ്റില്ല. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും കോടതി. ഫ്ളാറ്റ് ഉടമകളുടെ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടപെടല്‍. നഷ്ടപരിഹാം സംബന്ധിച്ച കാര്യങ്ങള്‍ അടുത്ത തവണ പരിഗണിക്കും. മരടിലെ ആശയക്കുഴപ്പം പരിശോധിക്കാന്‍ പ്രത്യേകം ഉത്തരവ് ഇറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.


2. വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫിന് കനത്ത തിരിച്ചടി ഏറ്റതിന് പിന്നാലെ പ്രതികരണവുമായി കെ. മുരളീധരന്‍ രംഗത്ത്. വട്ടിയൂര്‍ക്കാവില്‍ ആര്‍.എസ്.എസ് വോട്ടുകള്‍ എല്‍.ഡി.എഫിന് മറിച്ചു. സി.പിഎം എന്‍.എസ്.എസിനെ തള്ളി ആര്‍.എസ്.എസ്.എസിനെ ഉള്‍ക്കൊണ്ടതിന്റെ താത്ക്കാലിക വിജയമാണിത്. എന്‍.എസ്.എസ് ഹിന്ദു വര്‍ഗീയതയ്ക്ക് എതിരെ എടുത്ത നിലപാട് സി.പി.എം കണ്ടില്ലെന്ന് നടിച്ചു. വട്ടിയൂര്‍ക്കാവില്‍ വോട്ട് മറിച്ചെന്ന് ബി.ജെ.പി രഹസ്യമായി സമ്മതിക്കുന്നുണ്ട്.
3. കടകംപ്പള്ളി സുരേന്ദ്രന്‍ ജാതി പറഞ്ഞ് ഈഴവ വോട്ടുകള്‍ തേടി. മുഖ്യമന്ത്രി സമുദായ സംഘടനാ നേതാക്കളെ കാണാന്‍ പോകുന്നത് സൗന്ദര്യം കാണാനല്ല. ഒരു തിരഞ്ഞെടുപ്പിന്റെ പേരില്‍ എന്‍.എസ്.എസിനെ തള്ളി പറയില്ല. ഹൈന്ദവ വര്‍ഗീയതയെ തള്ളിപ്പറഞ്ഞ സംഘടനായണ് എന്‍.എസ്.എസ്. വട്ടിയൂര്‍ക്കാവില്‍ താന്‍ മുഴുവന്‍ സമയവും പ്രചാരണത്തിന് ഉണ്ടായിരുന്നു. എം.എല്‍.എമാരെ എം.പിമാര് ആക്കിയതില്‍ ജനങ്ങള്‍ക്ക് എതിര്‍പ്പ് ഉണ്ടെന്നും കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമം ആക്കേണ്ടതുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
4. അരൂരിലെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതില്‍ ഇടതു മുന്നണിയില്‍ ചര്‍ച്ചകള്‍ സജീവം ആയതിന് പിന്നാലെ, പ്രതികരണവുമായി മന്ത്രി ജി. സുധാകരന്‍. മനു സി പുളിക്കല്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം തന്റെ മേല്‍ കെട്ടിവയ്ക്കാനാണു ശ്രമമെന്ന് പൊതുമരാമത്തു മന്ത്രി. യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് എതിരേ നടത്തിയ പൂതന പരാമര്‍ശം തിരിച്ചടി ആയില്ല. പരാമര്‍ശം മൂലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കു വോട്ട് പോയിട്ടില്ല. സിമ്പതി ഉണ്ടായിട്ടും കഷ്ടിച്ചു നിരങ്ങിയാണ് ഷാനിമോള്‍ ജയിച്ചത്. രാഷ്ട്രീയ പ്രസ്ഥാനത്തിന് അകത്തിരുന്നു മാദ്ധ്യമങ്ങളുമായി ചേര്‍ന്ന് ചിലര്‍ തെറ്റിദ്ധരിപ്പിക്കുക ആണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി
5. തനിക്ക് എതിരെ പണം നല്‍കി വാര്‍ത്ത വരുത്തുന്നുണ്ട്. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂര്‍ എന്നായിരുന്നു മന്ത്രി സുധാകരന്‍ പറഞ്ഞത്. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. തന്നെ പൂതന എന്ന് വിളിച്ച് ആക്ഷേപിച്ച ജി. സുധാകരനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഷാനിമോള്‍ ഉസ്മാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു
6. പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കും അന്വേഷിക്കും. മുന്‍കൂര്‍ പണം അനുവദിച്ചതില്‍ ഇബ്രാഹിം കുഞ്ഞും ഉത്തരവാദി ആണെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇബ്രാഹിം കുഞ്ഞിന് എതിരായ അന്വേഷണത്തിന് അനുമതി തേടിയിട്ട് ഉണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
7. നാലാം പ്രതി ടി. ഒ സൂരജും ഒന്നാം പ്രതി കരാറുകാരനായ സുമിത് ഗോയലും രണ്ടാം പ്രതി എം.ഡി തങ്കച്ചനും രണ്ടാം വട്ടം നല്‍കിയ ജാമ്യപേക്ഷയില്‍ വിജിലന്‍സ് ഇന്ന് വിശദീകരണം നല്‍കും. കേസിന്റെ സാഹചര്യത്തില്‍ മാറ്റം വന്നിട്ടില്ലെന്നും ജാമ്യം അനുവദിക്കരുത് എന്നുമാണ് വിജിലന്‍സിന്റെ നിലപാട്. കഴിഞ്ഞ ആഗസ്ത് 30നാണ് പ്രതികള്‍ അറസ്റ്റിലായത്. അന്വേഷണ സംഘം കസ്റ്റഡിയില്‍ ചോദ്യം ചെയ്തു കഴിഞ്ഞതിനാല്‍ ഇനി റിമാന്‍ഡില്‍ കഴിയേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കിറ്റ് കോ മുന്‍ ജീവനക്കാരി ഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.
8. ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൂചന നല്‍കി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 90 അംഗ നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ ആയില്ല. ഇതോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നു സൂചന നല്‍കി അമിത് ഷാ രംഗത്തെത്തിയത്. 90 സീറ്റില്‍ 40 എണ്ണം ബിജെപിക്കു കിട്ടി. കോണ്‍ഗ്രസ് 31 സീറ്റു നേടി. പത്തു സീറ്റുള്ള ജനനായക് ജനതാ പാര്‍ട്ടിയുടെ പിന്തുണ സര്‍ക്കാരുണ്ടാക്കാന്‍ നിര്‍ണായകം ആണ്. സ്വതന്ത്രര്‍ ഏഴു സീറ്റുകളിലും ഐ.എന്‍.എല്‍.ഡി, ഹരിയാന ലോക്ഹിത് പാര്‍ട്ടി എന്നിവ ഓരോ സീറ്റിലും വിജയിച്ചു. ഹരിയാനയില്‍ എട്ടു മന്ത്രിമാരാണു പരാജയപ്പെട്ടത്
9. പുതിയ സാഹചര്യത്തില്‍ നാലു സ്വതന്ത്രരെ ബി.ജെ.പി ചര്‍ച്ചയ്ക്കായി ഇന്നലെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. ഐ.എന്‍.എല്‍.ഡിയുടെ അഭയ് ചൗതാലയും ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ ആണ് സാധ്യത. ബി.ജെ.പിയുടെ നീക്കം നിരീക്ഷിച്ച ശേഷം നിലപാട് തീരുമാനിക്കും എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ദുഷ്യന്ത് ചൗട്ടാലയെ മുഖ്യമന്ത്രിയാക്കി ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് മാറ്റിനിറുത്താന്‍ തയ്യാറെന്ന് ആണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. എന്നാല്‍ ഭൂപീന്ദര്‍സിംഗ് ഹൂഡ ഇക്കാര്യത്തില്‍ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല. നേരത്തെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗട്ടാലയുമായി ചര്‍ച്ച നടത്താനും വ്യക്തത വരുത്താനും ബി.ജെ.പി പ്രകാശ്സിംഗ് ബാദലിന്റെ സഹായം തേടിയിരുന്നു.
10. ഹരിയാന തിരഞ്ഞെടുപ്പില്‍ ഇക്കുറിയും ജാട്ട്‌വോട്ടുകള്‍ ആണ് നിര്‍ണ്ണായകം ആയത്. കോണ്‍ഗ്രസിനും ജെ.ജെ.പിക്കും അനുകൂല നിലപാട് ജാട്ടുകള്‍ സ്വീകരിച്ചതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. ബി.ജെ.പിയുടെ പ്രചാരണ വിഷയങ്ങള്‍ ഹരിയാന തള്ളിയതും പതനത്തിന് ആക്കം കൂട്ടി. ജനസംഖ്യയില്‍ 25 ശതമാനം ഉള്ള ജാട്ട്‌വോട്ടുകള്‍ നിര്‍ണ്ണായകമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നത് ആയി ഹരിയാന ഫലം. 2014 ല്‍ ജാട്ടിതര സമുദായങ്ങളെ ഒന്നിച്ച് നിറുത്തി ബി.ജെ.പി ആ കുത്തക തകര്‍ക്കാന്‍ ശ്രമിച്ചത് വിജയം കണ്ടു.