gunda-kerala

തിരുവനന്തപുരം: പൊലീസ് പട്ടിക പ്രകാരം സംസ്ഥാനത്തുള്ളത് 2201 ഗുണ്ടകൾ! നിരവധി ക്രിമിനൽ കേസുകൾപെട്ട് ഗുണ്ടാപ്പട്ടികയിൽ ഇടംതേടിയതാണ് ഇത്രയധികംപേർ. അതേസമയം, നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പഴികേൾക്കുകയും ചില പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതോടെ ഗുണ്ടകൾക്കെതിരെയുള്ള ആക്ഷന്റെ കാര്യത്തിൽ പൊലിസ് നിഷ്ക്രിയമാണെന്നാണ് ആക്ഷേപം. ഇതുകാരണം നാട്ടിൽ ഗുണ്ടകൾ വിലസുകയാണ്. കഴിഞ്ഞ ദിവസം ആനയറയിൽ ഗുണ്ടാ കുടിപ്പകയിൽ ഒരു യുവാവ് കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. കൊലപാതകം,​ ക്വട്ടേഷൻ,​ അക്രമ പ്രവർത്തനങ്ങൾ തുടങ്ങി പൊതുസമൂഹത്തിന് ഭീഷണിയായ 500 ലധികം സ്ഥിരം ക്രിമിനലുകൾക്കെതിരെ കാപ്പാ നിയമപ്രകാരം നടപടികൾക്ക് ശുപാർശ ചെയ്തെങ്കിലും ഫയലുകൾ ജില്ലാ കളക്ടർമാരുടെ ഓഫീസുകളിൽ കാര്യമായ അനക്കം വയ്ക്കാത്തതും തിരിച്ചടിയാണ്.

രണ്ടുവർഷം മുമ്പ് കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഗുണ്ടാ പ്രവ‌‌ർത്തനത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നിർദ്ദേശാനുസരണം നടപടി ആരംഭിച്ചെങ്കിലും അതെല്ലാം പാതിവഴിയിൽ നിലച്ചു എന്നാണ് ഈ ഭീമൻ ഗുണ്ടാപ്പട്ടിക തെളിയിക്കുന്നത്. അന്ന് സംസ്ഥാനത്ത് പ്രശ്നക്കാരായ 2010 ക്രിമിനലുകളുടെ പട്ടിക ഇന്റലിജൻസ് വിഭാഗം ശേഖരിച്ച് നടപടികൾക്കായി കൈമാറിയിരുന്നു. ഇവർക്കെതിരെ ഒരുമാസത്തിനകം നടപടി കൈക്കൊള്ളണമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഗുണ്ടകൾക്കെതിരായ നടപടികൾക്കായി പ്രത്യേക സ്ക്വാഡും രൂപീകരിച്ചിരുന്നു. സംസ്ഥാനത്തെ 19 പൊലീസ് ജില്ലകളിൽ നിന്നായി ഗുണ്ടകളെ അമർച്ച ചെയ്യാൻ പത്ത് എസ്.ഐമാരുൾപ്പെടെ പ്രത്യേക സംഘത്തെ തിരഞ്ഞെടുത്ത് പരിശീലനത്തിന് അയച്ചിരുന്നു. പദ്ധതിയ്ക്കായി പ്രത്യേക നോഡൽ ഓഫീസറെയും നിയോഗിച്ചു. എന്നാൽ, തുടർനടപടി എടുക്കുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ ഫലമാണ് ഇടയ്ക്കിടെ ഉണ്ടാകുന്ന ഗുണ്ടാക്കൊലപാതകങ്ങളും അക്രമസംഭവങ്ങളുമെന്നാണ് വിലയിരുത്തൽ.

മുഖംതിരിച്ച് പൊലീസ്

വിവാദമായ രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളുൾപ്പെടെ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടപ്പെട്ടവരും ഗുണ്ടാപ്പട്ടികയിലും കാപ്പാലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ രക്ഷിക്കാനായുള്ള സമ്മർദ്ദവും ഇടപെടലും നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നടപടി നേരിട്ടതും ഗുണ്ടാവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പൊലീസ് മുഖം തിരിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ. ഗുണ്ടകളുമായി പൊലീസിലെ ചിലർക്കുള്ള വഴിവിട്ട ബന്ധങ്ങളും നടപടികൾക്ക് തടസമാകുന്നുണ്ട്. കൊലപാതകം,​ പിടിച്ചുപറി,​ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ,​ കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ കടത്തും വിപണനവും,​ പോക്സോ കേസ് പ്രതികൾ തുടങ്ങിയ സ്ഥിരം ക്രിമിനലുകളാണ് ഗുണ്ടാപ്പട്ടികയിലുള്ളത്.

സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോയിൽ നിന്നുള്ള സമീപകാലത്തെ കണക്കുപ്രകാരം സംസ്ഥാനത്തെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയാണ് കുറ്റകൃത്യങ്ങളിലും ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടത്തിലും മുന്നിൽ. കണ്ണൂരാണ് തൊട്ടുപിന്നിൽ. മൂന്നാംസ്ഥാനത്ത് തിരുവനന്തപുരവും.

ഗുണ്ടകൾ

(ജില്ലതിരിച്ച്)

തിരുവനന്തപുരം: 263

കൊല്ലം: 167

പത്തനംതിട്ട: 54

ആലപ്പുഴ: 398

കോട്ടയം: 103

ഇടുക്കി: 78

എറണാകുളം: 124

തൃശൂർ: 110

വയനാട്: 87

പാലക്കാട്: 97

മലപ്പുറം: 140

കോഴിക്കോട്: 132

കണ്ണൂർ: 365

കാസർകോട്: 83