ബാലുശേരി: വീടുകളിലെ വിവിധ ഭാഗങ്ങളിലെ സി.സി മാർക്ക് എന്താണെന്നറിയാതെ ആശങ്കയിലാണ് ബാലുശേരി പനങ്ങാട് പഞ്ചായത്തിലെ നിവാസികൾ. ഇംഗ്ലിഷിൽ സിസി എന്നെഴുതി വട്ടമിട്ട നിലയിലാണു വാതിലുകളിലും ജനാലകളിലും അടയാളം കാണുന്നത്. ഇത്തരത്തിൽ അടയാളം രേഖപ്പെടുത്താനായി പകൽ ആരെങ്കിലും എത്തിയിരുന്നതായി വീട്ടുകാർക്കൊന്നും അറിയില്ല. സംഭവത്തിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കിനാലൂർ മേഖലയിലായിരുന്നു ആദ്യം അടയാളങ്ങൾ കണ്ടെത്തിയത്. എന്നാൽ പിന്നീട് കണ്ണാടിപ്പൊയിൽ, അടിവാരം ഭാഗങ്ങളിലും ഇത്തരം അടയാളം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കരയത്തൊടി ഭാഗത്ത് ഒട്ടേറെ വീടുകളിൽ അടയാളം കണ്ടെത്തിയത്. ആരോഗ്യവകുപ്പോ ഗ്രാമ പഞ്ചായത്തോ നടത്തിയ വിവരശേഖരത്തിന്റെ ഭാഗമായുള്ളതല്ല ഇത്തരം അടയാളമെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ പേർ ഇതേ പ്രശ്നവുമായി സമീപിച്ചപ്പോൾ അടയാളം മായ്ച്ചു കളയാനായിരുന്നു പൊലീസ് നിർദേശിച്ചത്. വ്യാപകമായി പ്രത്യക്ഷപ്പെട്ട സി.സി അടയാളത്തെ കുറിച്ചു വ്യക്തത വരുത്തി ഭീതി ഒഴിവാക്കണമെന്നു നാട്ടുകാർ പൊലീസിനോട് ആവശ്യപ്പെട്ടു.