തിരുവനന്തപുരം: അനുകൂലമായ കാലാവസ്ഥ പോലും ഉപയോഗിക്കാൻ കഴിയാത്ത ബി.ജെ.പിക്ക് കേരളത്തിൽ മുന്നേറണമെങ്കിൽ സംഘടനാപരമായ സമൂലമായ ഉടച്ചുവാർക്കൽ ആവശ്യമാണെന്ന് തോന്നുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകൾ. സ്ഥാനാർത്ഥി നിർണയത്തിലെ പിഴവും സംസ്ഥാന നേതൃത്വത്തിലെ ദിശാബോധമില്ലായ്മയും ബി.ജെ.പി ക്ക് തിരിച്ചടിയായെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. കേരളത്തിൽ വർഷങ്ങളായി നിലവിലുള്ള ദ്വിമുന്നണി സംവിധാനത്തെ മാറ്റി തങ്ങളുടെ മുന്നണിയെക്കൂടി പ്രധാന ട്രാക്കിൽ കയറ്റണമെങ്കിൽ ബി.ജെ.പി ക്ക് ഇനിയും ഒരുപാട് വിയർക്കേണ്ടിവരും. എന്നാൽ ഈ ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടി ലഭിച്ചെങ്കിലും സംസ്ഥാനത്ത് അധികം വൈകാതെ തന്നെ ബി.ജെ.പി അധികാരത്തിൽ വരുമെന്ന് പ്രവചിച്ചിരിക്കുകയാണ് സംവിധായകൻ രാജസേനൻ. ബി.ജെ.പി ഇവിടെ തോറ്റിട്ടില്ലെന്നും ഇവിടെ മതേതരത്വം സംരക്ഷിക്കാൻ ബി.ജെ.പിക്കേ കഴിയൂ എന്നും രാജസേനൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
'ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ ഫലം വന്നു. പതിവ് പോലെ കുറേ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ന്യൂനപക്ഷങ്ങളുമൊക്കെ ചേർന്ന് ബി.ജെ.പിയെ തോൽപ്പിച്ചു. പക്ഷേ ബി.ജെ.പി തോറ്റിട്ടില്ല എന്നും എങ്ങും തോൽക്കില്ല എന്നും ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും റിസൽട്ടുകൾ കാണുമ്പോൾ ഏത് മലയാളിക്കും മനസിലാകും. പക്ഷേ മനസിലാകാതെ നടിച്ച് കൊണ്ട്, അല്ലെങ്കിൽ മനസിലാകാത്തത് കൊണ്ട് വീണ്ടും ചെയ്ത കയ്യബദ്ധം എന്ന് കരുതിയാൽ മതി ഇപ്പോഴത്തെ മൂന്ന് സീറ്റിലെ യു.ഡി.എഫിന്റെ വിജയവും രണ്ട് സീറ്റിലെ എൽ.ഡി.എഫിന്റെ വിജയവും. സുരേന്ദ്രനേയും സുരേഷിനേയും പ്രകാശ് ബാബുവിനേയും ഒക്കെ തോൽപ്പിച്ചപ്പോൾ ആർക്കൊക്കെയോ ഉളളിൽ വളരെ അധികം സന്തോഷം തോന്നിക്കാണും. പക്ഷെ എന്റെ ന്യൂനപക്ഷ സുഹൃത്തുക്കളോട് ഞാൻ പറയാം. ഒട്ടും വിദൂരമല്ലാത്ത കാലത്ത് തന്നെ കേരളത്തിൽ ന്യൂനപക്ഷവും ബി.ജെ.പിയും ഒന്നിച്ച് ഭരിക്കുന്ന കാലമുണ്ടാകും. വളരെ അടുത്ത് തന്നെ അത് സംഭവിക്കും- രാജസേനൻ പറയുന്നു.
വീഡിയോ