തിരുവനന്തപുരം: മികച്ച നിയമസഭാ സാമാജികനും ഭരണാധികാരിയുമെന്ന നിലയിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന പൊതുപ്രവർത്തകനാണ് ടി.എം.ജേക്കബ് എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിന് അതീതമായി പൊതു ജീവിതത്തിൽ ഏറെ ശ്രദ്ധേയനായ നേതാവായിരുന്നു ജേക്കബ് എന്നും അദ്ദേഹം പറഞ്ഞു.
പ്രസ്ക്ളബിൽ ടി.എം.ജേക്കബ് മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടി.എം.ജേക്കബ് അനുസ്മരണ സമ്മേളനം 'അത്രമേൽ സ്നേഹിക്കയാൽ' ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി.
നിയമസഭയിൽ മന്ത്രിയെന്ന നിലയിൽ അദ്ദേഹം ഉന്നയിക്കുന്ന വാദഗതികൾ പലപ്പോഴും പ്രതിപക്ഷത്തിന് ഖണ്ഡിക്കാനാവാതെവന്നിട്ടുണ്ട്.അദ്ദേഹം അവതരിപ്പിക്കുന്ന ബില്ലുകളിൽ പലപ്പോഴും ഭേദഗതിൾ കൊണ്ടുവരാനാവില്ല. അത്രയ്ക്ക് പഠിച്ചാണ് ജേക്കബ് ബില്ലുകൾ അവതരിപ്പിച്ചിരുന്നത്.
കേരള കോൺഗ്രസിന് ഏറ്റവും കൂടുതൽ എം.എൽ.എമാരുണ്ടായ 1977-ലെ നിയമസഭയിൽ യുവ സാമാജികരുടെ കൂട്ടത്തിൽ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. നിയമസഭാ പ്രവർത്തനങ്ങളിൽ അദ്ദേഹം കൂടുതൽ പങ്കാളിയായി. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ബില്ലുതയാറാക്കാൻ ജേക്കബിന് പ്രാഗത്ഭ്യമുണ്ടായിരുന്നു. വിദ്യാഭ്യാസ രംഗത്ത് നൂതന ആശയങ്ങൾകൊണ്ടുവന്നു. ടി.എം.ജേക്കബിന്റെ ദീർഘവീക്ഷണത്തിൽ സ്ഥാപിതമായതാണ് എം.ജി യൂണിവേഴ്സിറ്റി. എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. സാംസ്കാരിക വകുപ്പിനെ അറിയപ്പെടുന്ന വകുപ്പാക്കി മാറ്റിയത് ജേക്കബാണ്.2011-16കാലത്തെ മന്ത്രിസഭയിൽ അഞ്ച് മാസം അംഗമായിരുന്നു.സർക്കാരിന്റെ നൂറ് ഇന പരിപാടിയുടെ ഭാഗമായി ദാരിദ്ര്യരേഖയിൽ താഴെയുള്ള എല്ലാവർക്കും സൗജന്യമായി അരികൊടുക്കാനുള്ള ഒരു ആലോചന വന്നു.ഭക്ഷ്യവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ജേക്കബിനോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ഒരു മടിയുമില്ലാതെ ഏറ്റു.മാത്രമല്ല, സൗജന്യ റേഷൻ കൊടുക്കാൻ മൂന്ന് ലക്ഷത്തോളം പേർക്ക് 98 ദിവസങ്ങൾ കൊണ്ട് റേഷൻ കാർഡ് കൊടുക്കാനും കഴിഞ്ഞു. അത് ജേക്കബിന്റെ മിടുക്കായിരുന്നുവെന്നും ഉമ്മൻചാണ്ടി അനുസ്മരിച്ചു.
മാതൃകാ സാമാജികനെന്നതിലുപരി മറ്റുള്ളവർക്ക് പ്രചേദനമാവുന്ന പ്രവർത്തനമാണ് എം.ഉമ്മറിന്റേത്.നിരവധി കാര്യങ്ങൾ പുതിയ സാമാജികർക്ക് അദ്ദേഹത്തിൽ നിന്ന് പഠിക്കാനാവും.ജേക്കബിന്റെ പേരിലുള്ള അവാർഡിന് തീർത്തും അർഹനാണ് ഉമ്മറെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ടി.എം.ജേക്കബ് മെമ്മോറിയൽ ട്രസ്റ്ര് മാനേജിംഗ് ട്രസ്റ്റി ഡെയ്സി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്രി അമ്പിളി ജേക്കബ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അവാർഡ് നിർണ്ണയ സമതി ചെയർമാൻ സണ്ണിക്കുട്ടി എബ്രഹാം അവാർഡ് നിർണ്ണയ സമതി റിപ്പോർട്ട് അവതരിപ്പിച്ചു.കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ മുഖ്യപ്രഭാഷണം നടത്തി. അനൂപ് ജേക്കബ് എം.എൽ.എ സ്വാഗതം പറഞ്ഞു.