
അബുദാബി: അബുദാബി ഗ്ളോബൽ മാർക്കറ്ര് സംഘടിപ്പിക്കുന്ന 'ഫിൻടെക് അബുദാബി" മൂന്നാംപതിപ്പിന് തുടക്കമായി. സാമ്പത്തിക രംഗത്ത് സാങ്കേതികവിദ്യയുടെ പുതുവഴികൾ തേടുന്ന മേള, അബുദാബി എക്‌സിബിഷൻ സെന്ററിലും ഇതരവേദികളിലുമായാണ് നടക്കുന്നത്. അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ വൈസ് ചെയർമാൻ ഷെയ്‌ക് ഹസാ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
മിഡിൽ ഈസ്‌റ്റ് - നോർത്ത് ആഫ്രിക്കൻ മേഖലയിലെ ഏറ്റവും വലിയ ഈ ഫിനാൻഷ്യൽ ടെക്‌നോളജി (ഫിൻടെക്) മേളയിൽ പ്രാസംഗികരിൽ ഫിനാബ്ളർ ഗ്രൂപ്പ് സി.ഇ.ഒ പ്രമോദ് മങ്ങാട്ടുമുണ്ട്. യു.എ.ഇ എക്‌സ്‌ചേഞ്ച്, യൂണിമണി, എക്‌സ്‌പ്രസ് മണി, ട്രാവലക്‌സ്, റെമിറ്റ് ടു ഇന്ത്യ, ഡിറ്റോ ബാങ്ക്, സ്വിച്ച് എന്നീ ഘടക കമ്പനികളെ മുൻനിറുത്തി സാമ്പത്തിക സാങ്കേതികതയിൽ ഫിൻടെക് പരീക്ഷിക്കുന്ന വിജയമാതൃകകളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം സംസാരിച്ചത്. യു.എ.ഇ എക്‌സ്‌ചേഞ്ച് - യൂണിമണി ബ്രാൻഡുകളുടെ സി.ഇ.ഒ പ്രദീപ്കുമാറും സംസാരിച്ചു.