bjp

കോട്ടയം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എൻ.ഡി.എയ്ക്കെതിരെയും ബി.ജെ.പിക്കെതിരെയും രൂക്ഷ വിമർശനവുമായി പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ് രംഗത്ത്. കേരളത്തിലെ എൻ.ഡി.എ മുന്നണി എന്നത് വെറും തട്ടിക്കൂട്ട് സംഘമാണെന്ന് പി.സി ജോർജ് പറഞ്ഞു. ഹിന്ദു അല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണ് ബി.ജെ.പി കരുതുന്നത്. എൻ.ഡി.എ യോഗത്തിൽ താൻ ഇനി പങ്കെടുക്കില്ല. തോൽക്കാൻ വേണ്ടി മാത്രമാണ് ബി.ജെ.പി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇനി എത്രകാലും ഇങ്ങനെ തുടരാനാകുമെന്നും പി.സി ജോർജ് ചോദിച്ചു.

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ അദ്ദേഹം ജയിച്ചേനെ, കോന്നിയിൽ ബി.ജെ.പിക്കാരെല്ലാം കൂടി സുരേന്ദ്രനെ കൊല്ലുകയായിരുന്നെന്നും പി.സി ജോർജ് വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായാണ് ജനപക്ഷം നേതാവ് പി.സി ജോർജ് എൻ.ഡി.എയിൽ ചേർന്നത്. എന്നാൽ ജോർജിന്റെ മണ്ഡലമായ പൂഞ്ഞാറിൽ ഉൾപ്പെടെ എൻ.ഡി.എ മൂന്നാം സ്ഥാനത്തായി പോയി. ബി.ജെ.പിക്കൊപ്പം ചേരാനുള്ള ജോർജിന്റെ തീരുമാനം ജനപക്ഷത്തിന് അകത്ത് വലിയ പൊട്ടിത്തെറിയാണ് സൃഷ്ടിച്ചത്.