ന്യൂഡൽഹി: പാർലിമെന്റ് മന്ദിരത്തിന്റെയും രാജ്പഥിന്റെയും നവീകരണപ്രവൃത്തിയുടെ രൂപരേഖ നിർമ്മാണ കരാർ ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ചുള്ള എച്ച്.സി.പി ഡിസൈൻ പ്ലാനിംഗ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡിന് നൽകാൻ ധാരണയായി. ന്യൂഡൽഹിയിൽ പുതിയതായി നിർമ്മിച്ച ബി.ജെ.പിയുടെ കൂറ്റൻ ആസ്ഥാന മന്ദിരം ഡിസൈൻ ചെയ്തത് ഇതേ കമ്പനിയാണ്. ഗുജറാത്തിലെ സബർമതി നദീപരിസര പ്രദേശ നവീകരണ ചുമതലയും ഇവർക്കാണ്.

229.7 കോടിക്കാണ് കമ്പനി നിർമ്മാണ പ്രവൃത്തി ഏറ്റെടുത്തത്. 448 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുകയെന്നും അതിലും വളരെ കുറഞ്ഞ തുകയ്ക്ക് ഇവർ പ്രവൃത്തി ഏറ്റെടുക്കുകയായിരുന്നെന്നും നഗര വികസനകാര്യ മന്ത്രി ഹർദീപ് പുരി പറഞ്ഞു.

രാജ്പഥിന്റെ നവീകരണം, 2020ഓടുകൂടി പാർലമെന്റ് ഹൗസിന്റെ പുനരുദ്ധാരണം അതല്ലെങ്കിൽ പുതിയ കെട്ടിടനിർമ്മാണം ഇവയോടനുബന്ധിച്ച ഓഫീസ് കെട്ടിടങ്ങളുടെ നിർമാണം എന്നിവയാണ് പദ്ധതിയിലുൾപ്പെടുന്നത്.

പാർലമെന്റ്, രാജ്പഥ് നവീകരണത്തിനായി 15 ആർക്കിടെക്ടുമാരുമായി സർക്കാർ വൃത്തങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. 24 പ്രൊപ്പോസലുകൾ സർക്കാരിന് ലഭിച്ചു. ഇതിൽനിന്ന് തിരഞ്ഞെടുത്ത 6 കമ്പനികളാണ് സർക്കാരിന്റെ പട്ടികയിൽ ഉണ്ടായിരുന്നത്. എച്ച്.എസ്.പി ഡിസൈൻ, പ്ലാനിംഗ് ആൻഡ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പുറമെ, ഐ.എൻ.ഐ ഡിസൈൻ സ്റ്റുഡിയോ അഹമ്മദാബാദ്, മുംബയ് കേന്ദ്രമായ ഹഫീസ് കോൺട്രാക്ടർ, ദില്ലി കേന്ദ്രമായ സിപി കുക്രേജ ആർക്കിടെക്ട്സ് എന്നീ കമ്പനികളാണ് പട്ടികയിൽ ഉണ്ടായിരുന്നത്.

നവീകരണത്തിനുള്ള മുഴുവൻ രൂപരേഖയും എച്ച്.സി.പി തയ്യാറാക്കുമെന്ന് നഗരകാര്യ മന്ത്രി ഹർദീപ് പുരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ രംഗവുമായി ബന്ധപ്പെട്ട നിരവധി വിദഗ്ദ്ധരുമായി ചർച്ചചെയ്താണ് ഈ കമ്പനിക്ക് കരാർ കൊടുക്കാൻ തീരുമാനമായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ പുതിയ പാർലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് നീക്കം. രാജ്പഥ്, പാർലമെന്റ് കെട്ടിടം, രാഷ്ട്രപതി ഭവൻ എന്നിവ 1911-1931 കാലഘട്ടത്തിൽ ആർക്കിടെക്ടുമാരായ എഡ്വിൻ ലൂട്യെൻസ്, ഹെർബർട്ട് ബേക്കർ എന്നിവരാണ് രൂപകല്പന ചെയ്തത്.

 2022ൽ പാർലമെന്റും രാജ്പഥും പുനർനവീകരിക്കും

 2024 ഓടുകൂടി സർക്കാർ ഓഫീസുകൾ പുതുതായി നിർമിച്ച കോംപ്ലക്സിലേക്ക് മാറ്റും.

 നാല് കിലോമീറ്റർ നീളം വരുന്ന രാജ്പഥ് പൂർണമായി പുനർനവീകരിക്കും

 നിലവിലെ ഘടനതന്നെ മാറ്റിയേക്കുമെന്നും സൂചനയുണ്ട്.