നമ്മുടെ രാജ്യം ഇടയ്ക്കിടെ ഒപ്പുവെയ്ക്കുന്ന രാജ്യാന്തര കരാറുകൾ മൂലം ദുരിതത്തിലാകുന്നത് സാധാരണക്കാരും പാവപ്പെട്ടവരുമായ ജനവിഭാഗങ്ങളാണ്. വമ്പൻ കുത്തകകൾക്ക് യാതൊരു പരിക്കും ഏൽക്കുന്നില്ല. ആസിയാൻ കരാറിനുശേഷം ഇത് കൂടുതൽ പ്രകടമായി കാണപ്പെടുന്നു. ഉദാഹരണത്തിന് കേരളത്തിലെ കാര്യമെടുക്കാം.
നാണ്യവിളകളുടെയും സുഗന്ധവ്യജ്ഞനവിളകളുടെയും കലവറയായ വയനാട്ടിലാണ് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ അക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കാർഷികോൽപ്പന്നങ്ങൾക്ക് മികച്ച വില പോയിട്ട്, മിനിമം താങ്ങുവിലയെങ്കിലും ലഭിക്കാതെ വന്ന സന്ദർഭത്തിൽ കർഷകർക്ക് ആത്മാഹുതിയല്ലാതെ മറ്റു മാർഗ്ഗമില്ല എന്ന ദുരവസ്ഥയിലാവും. മുൻപിൻ നോക്കാതെ രാജ്യാന്തര കരാറുകൾ ഒപ്പുവെക്കുന്നതിന് ധൃതിപ്പെടുന്നവർ തന്നെയാണ് മുഖ്യപ്രതിസ്ഥാനത്തുള്ളത്. ഉൽപ്പാദനച്ചെലവ് ഗണ്യമായി വർദ്ധിക്കുന്നു, കർഷകർക്ക് അനുവദിക്കുന്ന സബ്സിഡികളും മറ്റാനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്നു, ഉൽപ്പാദനോപാധികളുടെ വില കുതിച്ചുയരുന്നു അങ്ങനെ വരുമ്പോൾ എത്രപേർ കൃഷിയെ ആശ്രയിച്ച് തുടർന്നും നിലനിൽക്കും?
ഡോ. എം.എസ് സ്വാമിനാഥൻ റിപ്പോർട്ട് ശുപാർശ ചെയ്തതുപോലെ, വിലത്തകർച്ച നേടിരുന്ന സന്ദർഭങ്ങളിലെങ്കിലും കാർഷികവിളകൾക്ക് ഉപാധികളില്ലാതെ മിനിമം താങ്ങുവില നൽകുന്നതിനും നടപടികളുണ്ടാകുന്നില്ല. ഇതുമൂലം കർഷകർ, കിട്ടിയ വിലയ്ക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റൊഴിക്കുന്നതിന് നിർബന്ധിതരായി മാറുന്നു.
യാതൊരു വിധത്തിലുള്ള തുറന്ന ചർച്ചകളും അഭിപ്രായ രൂപീകരണവും കൂടാതെ കേന്ദ്ര സർക്കാർ ഒപ്പുവെക്കുന്ന പ്രാദേശിക സംയോജിത ഉത്പ്പന്ന കൈമാറ്റ ഉടമ്പടി(റീജീയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് കരാർ,ആർ.സി.ഇ.പി) നമ്മുടെ രാജ്യത്തിന്റെ കാർഷിക മേഖലയിലും ക്ഷീര മേഖലയിലും ഉൾപ്പെടെ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ നാം പ്രതീക്ഷിച്ചതിലും വലുതാണ്. മത്സ്യ മേഖലയും വ്യവസായ രംഗവും തകർന്നടിയാൻ ഇത് വഴിയൊരുക്കും. സ്വതന്ത്രഭാരതം നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക അരക്ഷിതാവസ്ഥയും കാർഷിക പ്രതിസന്ധിയുമാണ് ഇത് മൂലം സംജാതമാകുന്നത്. ഇതുവരെ 17 സ്വതന്ത്രവ്യാപാര കരാറുകളിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. ഇരുപതോളം കരാറുകൾ സംബന്ധിച്ച് ചർച്ച പുരോഗമിക്കുകയുമാണ്. ഇറക്കുമതി തീരുവ കുറയ്ക്കുകയും ഇറക്കുമതി നിയന്ത്രണങ്ങൾ ഒഴിവാക്കുകയുമാണ് ഈ കരാറുകളുടെയെല്ലാം പ്രധാന ലക്ഷ്യം.
സ്വതന്ത്രവ്യാപാരകരാറുകൾ സൃഷ്ടിക്കുന്ന ദുരന്തം വളരെ കാലമായി നേരിടുന്നവരാണ് ഇന്ത്യൻ കർഷക സമൂഹം. അപ്പോഴാണ് നമ്മുടെ സാമ്പത്തികഭദ്രതയ്ക്കും കാർഷികപുരോഗതിയ്ക്കും മേൽ ഡമോക്ലിസിന്റെ വാൾ പോലെ ആർ.സി.ഇ.പി കരാർ നിൽക്കുന്നത്.
നേരത്തെയുണ്ടായിരുന്ന കരാറുകളിൽ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിൽ, ആർ.സി.ഇ.പി കരാറിൽ ഇറക്കുമതി തീരുവ പൂജ്യം ആക്കണമെന്നതാണ് പല രാജ്യങ്ങളുടെയും ആവശ്യം. രാജ്യത്തിന്റെ ഉൽപ്പാദന മേഖലയെ നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഒരു ഉപാധിയെന്ന നിലയിലാണ് ഇറക്കുമതി തീരുവയെ കാണേണ്ടത്. ഇറക്കുമതി തീരുവ പൂജ്യമാക്കുക എന്നതിനോട് ഇന്ത്യ തത്വത്തിൽ യോജിച്ചിട്ടില്ലെങ്കിലും പങ്കാളിത്തസ്വഭാവമുള്ളതിനാൽ മറ്റു രാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങാനും അതുവഴി നിലവിലെ നിരക്കിൽ നിന്ന് ഗണ്യമായി ഇറക്കുമതി തീരുവ കുറയ്ക്കാനുമാണ് സാധ്യത കാണുന്നത്.
നമ്മുടെ ക്ഷീരമേഖലയുടെ നടുവൊടിക്കുന്നതായിരിക്കും ആർ.സി.ഇ.പി കരാർ.
2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റതിനുശേഷം, സ്വതന്തവ്യാപാര കരാറുകളിൽ ഒപ്പുവെയ്ക്കുന്നതിനു മുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തണമെന്നും സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർക്ക് പലതവണ കത്തയച്ചിരുന്നു. ഇനിയെങ്കിലും സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങളോട് കൂടുതൽ ഉദാരവും അനുഭാവ പൂർണവുമായ സമീപനം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.