തിരുവനന്തപുരം : പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് അന്വേഷിക്കാൻ വിജിലൻസ് സർക്കാരിന്റെ അനുമതി തേടി. അഴിമതി നിരോധന നിയമം അനുസരിച്ച് മന്ത്രിയെന്ന നിലയിൽ ഇബ്രാഹിം കുഞ്ഞിനും ഉത്തരവാദിത്തമുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പാലം പൊളിച്ചു പണിയുന്നതും അഴിമതിയും തമ്മിൽ ബന്ധമില്ലെന്നും വിജിലൻസ് വ്യക്തമാക്കി.
പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് കണ്ടെത്തുന്നതിന് സമഗ്രമായ അന്വേഷണം ആവശ്യമാണെന്നാണ് വിജിലന്‍സ് നിലപാട്. ഇബ്രാഹിം കുഞ്ഞിനെയും പ്രതിയാക്കി കേസെടുക്കേണ്ടതുണ്ട്.
അതിനായി എം.എൽ.എ കൂടിയായ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന് അഴിമതി നിരോധന നിയമപ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നും വിജിലൻസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. നിർമ്മാണ കരാറിന് വിരുദ്ധമായി കരാറുകാരായ ആർ.ഡി.എസ് കമ്പനിക്ക് എട്ടേകാൽ കോടി രൂപ മുൻകൂർ അനുമതി നൽകി ഉത്തരവിറക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും ഇതിൽ ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടെന്നുമാണ് വിജിലൻസിന്റെ കണ്ടെത്തൽ.
ഇബ്രാഹിംകുഞ്ഞിനെതിരെ വ്യക്തമായ തെളിവുകണ്ടുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു. ടി.ഒ സൂരജ് തന്നെയാണ് ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് വെളിപ്പെടുത്തിയത്. സൂരജ് അടക്കം മൂന്ന് പ്രതികളുടെ മുൻ ജാമ്യാപേക്ഷകൾ തള്ളിയ സാഹചര്യങ്ങളിൽ നിന്ന് ഒരു മാറ്റവും വന്നിട്ടില്ലെന്നും വിജിലൻസ് അറിയിച്ചു.
സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് ജാമ്യാപേക്ഷയിൽ സൂരജിന്റെ പ്രധാനവാദം. എന്നാൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം എടുത്ത കേസിൽ മുൻകൂർ അനുമതി ആവശ്യമില്ലെന്നാണ് വിജിലൻസിന്റെ നിലപാട്. അന്വേഷണം നടത്താനുള്ള അഡീഷണൽ സെക്രട്ടറിയുടെ കത്ത് അനുമതിയായി കണക്കാക്കാം. പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ ജാമ്യം അനുവദിക്കണമെന്ന് സൂരജ് വാദിച്ചു. എന്നാൽ ഇതിന് പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധമില്ലെന്നാണ് വിജിലൻസ് നിലപാട്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.