ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്ര് ടൂർണമെന്റിൽ കർണാടക ചാമ്പ്യൻമാരായി. ഇന്നലെ മഴതടസപ്പെടുത്തിയ ഫൈനലിൽ തമിഴ്നാടിനെ വി.ജെ.ഡി നിയമ പ്രകാരം 60 റൺസിന് കീഴടക്കിയാണ് കർണാടക വിജയ ഹസാരെ ട്രോഫിയിൽ മുത്തമിട്ടത്. തമിഴ്നാട് വാലറ്രിത്തിന്റെ അടപ്പിളക്കിയ ബൗളിംഗുമായി ബർത്ത് ഡേ ബോയ് അഭിമന്യു മിഥുൻ വിജയ് ഹസാരേ ട്രോഫി ഫൈനലിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറായി ചരിത്രം കുറിച്ചു. ഇത് നാലാം തവണയാണ് കർണാടക വിജയ് ഹസാരെ ട്രോഫിയിൽ മുത്തമിടുന്നത്.
ഇരു ടീമിലും നിരവധി അന്താരാഷ്ട്ര താരങ്ങൾ അണിനിരന്ന മത്സരത്തിൽ ടോസ് നേടിയ കർണാടക നായകൻ മനീഷ് പാണ്ഡെ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 49.5 ഓവറിൽ 252 റൺസിന് ആൾഔട്ടാവുകയായിരുന്നു. മറുപടിക്കിറങ്ങിയ കർണാടക 23 ഓവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എന്ന നിലയിലായിരിക്കുമ്പോഴാണ് മഴ കളി തടസപ്പെടുത്തിയത്. 72 പന്തിൽ നിന്ന് 52 റൺസുമായി കെ.എൽ.രാഹുലും 55 പന്തിൽ നിന്ന് 69 റൺസുമായി മായങ്ക് അഗർവാളുമായിരുന്നു അപ്പോൾ ക്രീസിൽ. അഗർവാൾ 7 ഫോറും 3 സിക്സും രാഹുൽ 5 ഫോറും നേടിയിരുന്നു. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ട്വന്റി-20 ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ള രാഹുൽ മികച്ച പ്രകടനവുമായി ഫോം വീണ്ടെടുത്തെന്ന സൂചനയാണ് നൽകുന്നത്.
നേരത്തേ അഭിനവ് മുകുന്ദ് (110 പന്തിൽ 85) , ബാബ അപരാജിത് (84 പന്തിൽ 64) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് തമിഴ്‌നാട് ഭേദപ്പെട്ട സ്കോർ നേടിയത്.
മിഥുൻ കർണാടകയ്ക്കായി 5 വിക്കറ്റ് വീഴ്ത്തി. കൗശിക്ക് രണ്ട് വിക്കറ്ര് നേടി.