കാഞ്ഞിരപ്പള്ളി : കോട്ടയം - കുമളി റോഡിൽ മുണ്ടക്കയത്തിന് സമീപം ചോറ്റിയിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന പെരുവന്താനം നീറിയാനിക്കൽ ശ്രീധരൻപിള്ള (62), ബൈക്ക് യാത്രികരായ വെംബ്ലി ഇടമണ്ണിൽ ഇ.ബി. ഷാജി (അനി, 48), മണ്ണാശേരിൽ അരുൺ കുമാർ (അനന്ദു, 24) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപകടം.
തേനിയിൽ നിന്ന് കൊണ്ടുവന്ന പച്ചക്കറി ചങ്ങനാശേരി മാർക്കറ്റിൽ ഇറക്കിയ ശേഷം തിരിച്ചു പോവുകയായിരുന്ന ലോറി, ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. റോഡിൽ നിന്നു നിരങ്ങി നീങ്ങിയ ലോറി സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. കാറും ബൈക്കും മുണ്ടക്കയം ഭാഗത്തു നിന്ന് വരികയായിരുന്നു. ലോറി ഡ്രൈവർ ഡിൻഡിഗൽ സ്വദേശി മുത്തുകൃഷ്ണനെതിരെ (28) മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു
കാറിൽ ശ്രീധരൻ പിള്ളയ്ക്കൊപ്പമുണ്ടായിരുന്ന മകൾ രാധികയെയും (33) മരുമകൻ ചേന്നാട് വരിക്കനെല്ലിക്കൽ വി.എസ്. സുനീഷിനെയും (37) പരിക്കുകളോടെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജിയും അരുൺ കുമാറും സംഭവസ്ഥലത്തും ശ്രീധരൻ പിള്ള 26-ാം മൈലുള്ള സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. ട്രൈബൽ ഡിപ്പാർട്ട്‌മെന്റ് അടിമാലി ഇരുമ്പുപാലം ഓഫീസിലെ വാച്ചുമാനാണ് ഷാജി. ഭാര്യ ബീന. മക്കൾ: അജയഘോഷ്, അരുൺഘോഷ്. പരേതനായ എം.വി. സുകുവിന്റെയും സാലിയുടെയും മകനാണ് അരുൺകുമാർ. സഹോദരി: അനു. ശ്രീധരൻപിള്ളയുടെ ഭാര്യ ശ്രീകുമാരി. മൂത്തമകൾ: ശ്രീധന്യ. മരുമകൻ: ആനന്ദ് (കമ്പം). സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.