തിരുവനന്തപുരം : കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രത്യേക സമഗ്ര പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന കൊച്ചി നഗരസഭാ അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപ്പാക്കിയ ഓപ്പറേഷൻ അനന്തയുടെ മാതൃകയിലാവും പദ്ധതി. ഇതിനായി ദുരന്തനിവാരണ അതോറിട്ടി എക്‌സിക്യുട്ടീവ് ഉടൻ യോഗം ചേരും.
വെള്ളക്കെട്ട് ഒഴിവാക്കാൻ 'ഓപ്പറേഷൻ ബ്രേക്ക് ത്രൂ' എന്ന അടിയന്തര പദ്ധതിയാണ് നടപ്പാക്കിയത്. അടുത്ത ഘട്ടം സമഗ്രമായ കർമ്മ പദ്ധതിയാണ് രൂപീകരിക്കുന്നത്. മൂന്നുമാസത്തിനുള്ളിൽ ഈ പദ്ധതി പൂർത്തിയാക്കണം.അതോടൊപ്പം കൊച്ചിയെ രക്ഷിക്കാനുള്ള സമഗ്ര പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കും.
മന്ത്രി എ.സി. മൊയ്തീൻ, കൊച്ചി മേയർ സൗമിനി ജയിൻ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ്, ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാര്‍, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.