ഒഡീഷ: കൂട്ടുകാർക്കൊപ്പം കാട്ടിലേക്ക് പോകുന്നതിനിടെ ചെളി നിറഞ്ഞ തുറന്ന കിണറ്റിൽ വീണ ആനയെ മണിക്കൂറുകളോളം നീണ്ട അതിസാഹസികമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ കരകയറ്റി. ഒഡീഷയിലെ സുന്ദർഗഡിലാണ് സംഭവം.
ചെളിനിറഞ്ഞ കിണറിലേക്ക് വീണ ആനയുടെ കാലുകൾ ചെളിയിൽ പുതഞ്ഞതിനാൽ കുഴിയിൽ നിന്നും തിരികെ കയറാനായില്ല.
കര കയറാൻ ശ്രമിച്ച് ആന ക്ഷീണിതയായതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. സംഭവമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കയറും തടിയും ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് ആനയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി.
ചെളി നിറഞ്ഞ കിണറിന്റെ പരിസരത്ത് നിന്നുകൊണ്ട് ആനയെ കരകയറ്റുക ബുദ്ധിമുട്ടായിരുന്നു. എങ്കിലും നാട്ടുകാരുടെ സഹായത്തോടെ ആനയെ കിണറിന്റെ കരയിലെത്തിച്ചു. തുടർന്ന് ആന ആളുകൾ വച്ചുകൊടുത്ത വലിയൊരു മരക്കൊമ്പിൽ തുമ്പിക്കൈ കൊണ്ട് പിടിച്ച് എഴുന്നേറ്റ് നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കയറുപയോഗിച്ച് വലിക്കുമ്പോൾ ആനയും ആഞ്ഞുവലിച്ചു. ഒടുവിൽ കിണറ്റിൽ നിന്ന് പുറത്തെത്തിയ നിമിഷം, തന്റെ പ്രാണനുംകൊണ്ട് ആന കാട്ടിലേക്ക് ഓടുന്നതും ആളുകൾ സന്തോഷം പ്രകടിപ്പിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.
ബുധനാഴ്ച രാത്രിയോടെ സുന്ദർഗഡ് പരിസരത്തെത്തിയ 18 അംഗ കാട്ടാനക്കൂട്ടത്തിൽപ്പെട്ടതാണ് ഈ ആനയെന്നാണ് നിഗമനം. ഗ്രാമവാസികൾ ആനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആന കിണറ്റിൽ വീണതാവാമെന്ന് അധികൃതർ പറഞ്ഞു.