തിരുവനന്തപുരം: പ്രതിസന്ധികളിലും അവഗണനയിലും തളരാതെ മുന്നോട്ട് പോകുന്നവനാണ് യഥാർത്ഥ പോരാളിയെന്ന് തെളിയിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. 2015ൽ തന്റെ ഇരുപതാമത്തെ വയസിൽ സിംബാബ്‌വെയ്ക്കെതിരെ ഒരു ട്വന്റി-20 മത്സരം കളിച്ച ശേഷം ഇന്ത്യൻ ടീമിലേക്കുള്ള വിളിക്കായി നാല് വർഷമാണ് സഞ്ജു കാത്തിരുന്നത്. ഇതിനിടെ പലതവണ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനവുമായി ഇന്ത്യൻ ടീമിന്റെ വാതിലിൽ മുട്ടിയെങ്കിലും ആ വാതിൽ തുറന്നില്ല.
പക്ഷേ നിരാശനായി പിന്മാറാൻ സഞ്ജു തയ്യാറല്ലായിരുന്നു. അവഗണനയിൽ വിഷമിച്ചിരിക്കാതെ കഠിനമായ പരിശീലനത്തിലൂടെ ആഭ്യന്തര തലത്തിലെ മികച്ച പ്രകടനങ്ങളുമായി സഞ്ജു നിറഞ്ഞാടി.
വിജയ് ഹസാരെ ട്രോഫിയിലെ ഡബിൾ സെഞ്ച്വറിയിലൂടെ തന്നെ ഇനിയും മാറ്റിനിറുത്താനാകില്ലെന്ന് സഞ്ജു ബാറ്ര് കൊണ്ട് സെലക്ടർമാരോട് പറഞ്ഞു. സെലക്ടർമാർക്കും അത് കണ്ടില്ലെന്ന് നടിക്കാനായില്ല. നവംബറിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ ട്വന്റി-20 ടീമിലേക്ക് അങ്ങനെ സഞ്ജുവിനെ തേടി സെലക്ടർമാരുടെ വിളിയെത്തി.
കാത്തിരുന്ന കിട്ടിയ അവസരം ശരിക്കും മുതലാക്കാൻ കോച്ച് ബിജു ജോർജ്ജിനൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ കഠിനമായ പരിശീലനത്തിലാണ് സഞ്ജു. കോച്ചിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് നെറ്റ്സിൽ തന്റെ ബാറ്രിംഗിലെ ചെറിയ പോരായ്മകളും പരിഹരിച്ച് സർവ സജ്ജനാവുകയാണ് കേരളത്തിന്റെ അഭിമാന താരം. പരിശീലനത്തിന് ശേഷം കേരള കൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ നിന്ന്.
ഡിപ്രഷൻ കാലം
തുടർച്ചയായി നല്ല പ്രകടനങ്ങൾ നടത്തിയിട്ടും ഇന്ത്യൻ ടീമിലെത്താനാകാതെ പോയതിൽ വലിയ വിഷമമുണ്ടായിരുന്നു. വലിയ നിരാശയായിരുന്നു അപ്പോഴൊക്കെ. കഴിഞ്ഞ ഐ.പി.എൽ സീസണിൽ സെഞ്ച്വറിയടിച്ചപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലം. ഇനിയെന്ത് എന്ന് പോലും ഒരു ഘട്ടത്തിൽ ചിന്തിച്ചു. എന്നാൽ ചാരുലതയും മറ്ര് കുടുംബാംഗങ്ങലും പരിശീലകരും കേരളക്രിക്കറ്ര് അസോസിയേഷനും പ്രിയപ്പെട്ട ആരാധകരും എനിക്കൊപ്പം നിന്നു. ഇവരെല്ലാം നൽകിയ പിന്തുണയാണ് വീണ്ടും ദേശീയ ജേഴ്സിയണിയാൻ എന്നെ പ്രാപ്തനാക്കിയത്.
എന്റെ നമ്പർ വന്നു
എത്ര താമസിച്ചാലും എന്റെ നമ്പർ വരുമെന്ന് നല്ല നിശ്ചയമുണ്ടായിരുന്നു. ക്ഷമയോടെ കാത്തിരിക്കുകയാണ് ഞാൻ. ഈ അവസരം മുതലാക്കാൻ എന്നാൽ കഴിയുന്നത് ഞാൻ ചെയ്യും.
നോ ടെൻഷൻ
യാതൊരുവിധ സമ്മർദ്ദവും എനിക്കില്ല. ബാറ്ര്‌സ്മാനായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ ഞാൻ തയ്യാറാണ്. റിഷഭ് പന്തുമായി നല്ല ബന്ധമാണ്. ടീമിൽ ഞാനും രാഹുലും കീപ്പിംഗ് ചെയ്യുന്നവരാണ്. ഞങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരമുണ്ട്. ടീം മാനേജ്മെന്റ് എന്ത് ചുമതല ഏല്പിച്ചാലും ചെയ്യാൻ ഞാൻ റെഡി. വിക്കറ്റ് കീപ്പിംഗിലും പരിശീലനം നടത്തുന്നുണ്ട്.
ധവാനും സച്ചിനും നന്ദി
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ എയ്ക്കായി നേടിയ 91 റൺസും വിജയ് ഹസാരെ ട്രോഫിയിലെ ഡബിൾ സെഞ്ച്വറിയുമാണ് ഇപ്പോൾ ഇന്ത്യൻ ടീമിലേക്കുള്ള ക്ഷണമെത്താൻ പ്രധാന കാരണം. ഇന്ത്യ എയ്ക്കായി സമ്മർദ്ദമില്ലാതെ ബാറ്ര് ചെയ്യാൻ അന്ന് നോൺ സ്ട്രൈക്കർ എൻഡിൽ ശിഖർ ധവാന്റെ സാന്നിധ്യം വലിയ സഹായം ചെയ്തു. അത്രയും പരിചയ സമ്പത്തുള്ള താരം കൂടെ നിന്ന് പ്രോത്സാഹിപ്പിച്ചപ്പോൾ സ്വാഭാവികമായി തന്നെ നന്നായി കളിക്കാൻ പറ്റി. അതു പോലെ വിജയ് ഹസാരെ ട്രോഫിയിൽ സച്ചിൻ ബേബി നോൺ സ്ട്രൈക്കർ എൻഡിൽ നൽകിയ പിന്തുണയും വലിയതായിരുന്നു.
അടിച്ചു പൊളിക്കണം
ഒരു ബൗളറെയും പേടിക്കുന്നില്ല. ഏത് ബൗളറായാലും അടിച്ചു തകർക്കണമെന്ന ചിന്തയോടെയാണ് ക്രീസിൽ നിൽക്കാറ്. ഐ -ബാൾ കോൺടാക്‌ട് പിഴവറ്രതാക്കാനാണ് ഇപ്പോൾ പരിശീലനം. ദിവസം നാല് മണിക്കൂറോളം പരിശീലനം നടത്തുന്നുണ്ട്. രാവിലെ ജിമ്മിലും വൈകിട്ട് ഗ്രൗണ്ടിലും.
കട്ടയ്ക്ക് നിൽക്കുന്ന ലെജൻഡ്സ്
എന്റെ പ്രകടനത്തെ എടുത്ത് പറഞ്ഞ് തുടർച്ചയായി എനിക്കായി വാദിക്കുന്ന ഗൗതം ഗംഭീർ, ഹർഭജൻ സിംഗ്, യുവ്‌രാജ് സിംഗ് എന്നിവരോട് ഞാൻ കടപ്പെട്ടിരിക്കുന്നു. അവർ നൽകുന്ന ഉപദേശങ്ങളും വിലമതിക്കാനാകാത്തതാണ്.
ദ്രാവിഡ് ഇഫക്ട്
എന്നിലെ ക്രിക്കറ്ററെ തേച്ച് മിനുക്കിയതിൽ ദ്രാവിഡ് സാറിന് പ്രധാന പങ്കുണ്ട്. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ എന്നെ ഏറെ സഹായിച്ചു.
കേരളം സൂപ്പർ
നിലവിൽ വാട്ട്മോറിന്റെ കീഴിൽ മികച്ച ടീമാണ് കേരളം. വിഷ്ണു വിനോദിനെപ്പോലെ പ്രതീക്ഷയുണർത്തുന്ന ഒരുപിടി താരങ്ങൾവളർന്നു വരുന്നുണ്ട്. കേരള ക്രിക്കറ്റ് വളർച്ചയുടെ പാതയിലാണ്.
പിറന്നാൾ സമ്മാനം
ഈ നവംബർ 11നാണ് ഇരുപത്തിയഞ്ചാം പിറന്നാൾ ദിനം. ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി-20 10നാണ്. ഇത്തവണ ഇന്ത്യൻ ടീമിലേക്കുള്ള വിളി പിറന്നാൾ സമ്മാനമായി കരുതുന്നു. പതിനൊന്നംഗ ടീമിൽ കളിക്കാനാകുമെന്നും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നുമാണ് പ്രതീക്ഷ.