കോഴിക്കോട്: വട്ടിയൂർകാവിൽ സി.പി.എമ്മിനെ വിജയിപ്പിച്ചത് ആർ.എസ്.എസ് വോട്ടുകളാണെന്ന് കെ. മുരളീധരൻ എം.പി. പറഞ്ഞു. ആർ.എസ്.എസിന്റെ വോട്ടുകൾ സി.പി.എമ്മിൽ എത്തുമെന്ന് താനും പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും പറഞ്ഞിരുന്നു. എന്നാൽ സ്ഥാനാർത്ഥിക്ക് ആ വിവരം കിട്ടിയിട്ടുണ്ടാകില്ല. അദ്ദേഹം അത് നിഷേധിച്ചതോടെ ജനം അക്കാര്യം ഗൗരവത്തിലെടുത്തില്ല. കുമ്മനം രാജശേഖരൻ മാറി സുരേഷ് സ്ഥാനാർത്ഥിയായി വന്നതോടെ ബി.ജെ.പി രംഗത്തുനിന്ന് അപ്രത്യക്ഷമായതായി അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
വോട്ടുകൾ സി.പി.എമ്മിനായി മറിച്ചെന്ന് ബി.ജെ.പി സമ്മതിച്ചിട്ടുണ്ട്. വട്ടിയൂർക്കാവിൽ എൽ.ഡി.എഫ് ജാതി പറഞ്ഞ് വോട്ടുപിടിച്ചു. ഈഴവ എം.എൽ.എ വേണമെന്ന നിലപാട് വീടുകൾ തോറും കയറി പറഞ്ഞു. എൻ.എസ്.എസ് നിലപാട് പരാജയപ്പെടുത്താൻ ഇതുവേണമെന്ന് ആവശ്യപ്പെട്ടുവെന്നും മുരളി ആരോപിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ പച്ചയായി ജാതി പറഞ്ഞാണ് വോട്ട് പിടിച്ചത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളൊന്നും കാര്യമായി ബാധിച്ചിട്ടില്ല.