ന്യൂഡൽഹി : ബീഹാർ നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവൈസിയുടെ ആൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലീം (എ.ഐ.എം.ഐ.എം) പാർട്ടി വിജയിച്ചതിനെതിരെ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ഗിരിരാജ് സിംഗ്.
എ.ഐ.എം.ഐ.എമ്മിന്റെ വിജയത്തെ ജിന്നയുടെ ആശയത്തിന്റെ വിജയമെന്നാണ് ഗിരിരാജ് സിംഗ് വിളിച്ചത്. സമൂഹത്തിന്റെ കെട്ടുറപ്പിനെതിരായ ഭീഷണിയാണ് ഈ വിജയമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കിഷൻഗഞ്ച് സീറ്റിൽ വിജയിച്ചതുവഴി ബീഹാർ നിയമസഭയിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ് അസദുദ്ദീൻ നയിക്കുന്ന ആൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലീം പാർട്ടി.
ബീഹാർ തിരഞ്ഞെടുപ്പിൽ പുറത്തുവന്ന ഏറ്റവും ഭീതിദമായ വിധി കിഷൻഗഞ്ചിൽ നിന്നാണ്. ഒവൈസിയുടെ പാർട്ടിയായ എ.ഐ.എം.ഐ.എമ്മിന് ജിന്നയുടെ മനസാണ്. അവർ 'വന്ദേമാതരം' വെറുക്കുന്നു. അവർബിഹാറിന്‍റെ കെട്ടുറപ്പിന് തന്നെ ഭീഷണിയാണ്. '' - ഗിരിരാജ് സിംഗ് ട്വീറ്റ് ചെയ്തു. ബീഹാറിലെ ജനങ്ങൾ അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു കിഷൻഗഞ്ച്. ഇവിടെ 10000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ.ഐ.എം.ഐ.എം സ്ഥാനാർത്ഥി ബിജെപിയുടെ സ്വീറ്റി സിംഗിനെ പരാജയപ്പെടുത്തിയത്.