dhoni

മുംബയ്: ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്ത് സൗരവ് ഗാംഗുലി എത്തിയതോടെ എം.എസ്.ധോണിയെ ചുറ്രിപ്പറ്രിയുള്ള വിരമിക്കൽ വാർത്തകൾ വീണ്ടും ചൂടുപിടിക്കുന്നു. ധോണിക്ക് ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് ഏറെക്കുറെ അസാധ്യമാണെന്ന രീതിയിലുള്ള ചർച്ചകളാണ് ഇപ്പോൾ അരങ്ങ് കൊഴുപ്പിക്കുന്നത്. ഇനി വിടവാങ്ങൽ പരമ്പരയിൽ അല്ലാതെ ധോണി ഇന്ത്യൻ ടീമിൽ കളിക്കില്ലെന്ന് മുംബയ് മിറർ റിപ്പോർട്ട് ചെയ്‌തതാണ് പുതിയ വഴിത്തിരിവ്. അടുത്തവർഷം ആദ്യത്തോടെ അദ്ദേഹത്തിന് വിടവാങ്ങൾ മത്സരമൊരുക്കുമെന്നും അന്നു മാത്രമേ ഇനി ധോണിയെ സെലക്ഷൻ കമ്മിറ്റി ഇന്ത്യൻ ടീമിലേക്കു പരിഗണിക്കുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.

2019 ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനോട് തോറ്റ് പുറത്തായ ശേഷം ഇതുവരെ ധോണി ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തിയിട്ടില്ല.

ലോകകപ്പിനു പിന്നാലെ ധോണി സൈനിക സേവനത്തിനു പോയതോടെ താരം ഉടൻ വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. പിന്നീട് ഇന്ത്യ പുതിയ ക്രിക്കറ്റ് സീസണിലേക്ക് ഇറങ്ങിയതോടെ ചർച്ചകൾക്ക് നേരിയ ശമനമുണ്ടായിരുന്നു. വിൻഡീസ്, ദക്ഷിണാഫ്രിക്ക പരമ്പരകളിൽ നിന്ന് ധോണി സ്വയം പിൻവാങ്ങുകയായിരുന്നു. ഈ സമയത്താണ് ധോണി സൈനിക സേവനത്തിന് പോയത്.

ജനുവരിയിൽ തിരിച്ചെത്തുമെന്ന്

അതിനിടെ ജനുവരിയിൽ ധോണി ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയേക്കുമെന്നും വാർത്തകളുണ്ട്. ഝാർഖണ്ഡ് അണ്ടർ 23 ടീമിനോടൊപ്പം ധോണി പരിശീലനം നടത്തുമെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യയ്തത്. മുംബയ് മിററിന്റെ റിപ്പോർട്ടിൽ പറയുന്ന വിടവാങ്ങൽ പരമ്പരയും ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആണെന്നതും ഇതിനോട് കൂട്ടിവായിക്കണം.
ജനുവരിയിൽ മടങ്ങിയെത്തുന്നതിന്റെ ഭാഗമായി താരം ഫിറ്റ്‌നെസ് പരിശീലനം ആരംഭിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. ജനുവരി മുതൽ അദ്ദേഹം ക്രിക്കറ്റിൽ സജീവമായേക്കുമെന്നും ഇതു സംബന്ധിച്ച് ഝാർഖണ്ഡ് ക്രിക്കറ്റ് ടീം അധികൃതരുമായി സംസാരിച്ചിരുന്നുവെന്നും ധോണിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.
സയിദ് മുഷ്താഖ് അലി ട്രോഫിയിൽ പങ്കെടുക്കുന്നതിനായി ഝാർഖണ്ഡ് സീനിയർ ടീം സൂറത്തിലേക്കു പോകുന്നതിനാൽ അണ്ടർ 23 ടീമംഗങ്ങളോടൊപ്പമാകും റാഞ്ചി സ്‌റ്റേഡിയത്തിൽ ധോണി പരിശീലനം ആരംഭിക്കുക.
നവംബർ ഒന്നിന് കേരളവുമായുള്ള മത്സരത്തിനു മുന്നോടിയായി ഒരാഴ്ചയാണ് അണ്ടർ 23 ടീമിന്റെ പരിശീലന ക്യാംപ് നടക്കുന്നത്.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മൽസരത്തിനിടെ ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിലേക്കു ധോണി എത്തിയിരുന്നു.

അതേസമയം വിജയികൾ അത്ര പെട്ടെന്നൊന്നും അവസാനിപ്പിക്കില്ലെന്നായിരുന്നു ധോണിയെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് ഗാംഗുലി മാദ്ധ്യമ പ്രവർത്തകരോട് മറുപടി പറഞ്ഞത്. തനുള്ളിടത്തോളം കാലം എല്ലാവർക്കും ബഹുമാനം ലഭിക്കുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയിൽ പന്താണ് വിക്കറ്ര് കീപ്പർ. സ്‌പെഷ്യലിറ്ര് കീപ്പർമാരായ സഞ്ജു സാംസണും കെ.എൽ.രാഹുലും ടീമിലുണ്ട്.